റാപിഡ് പരിശോധനയുടെ പേരിലുള്ള സാമ്പത്തിക ചൂഷണം നിര്‍ത്തണം: കെഎംസിസി

ദുബൈ: യുഎഇയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച സാഹചര്യത്തില്‍ പ്രവാസികളെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്ന വിധത്തിലുള്ള റാപിഡ് പരിശോധനാ ചാര്‍ജ് ഈടാക്കുന്ന നടപടിയില്‍ നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
500 രൂപക്ക് ചെയ്തു പോന്ന റാപിഡ് പരിശോധനക്ക് ഇപ്പോള്‍ 2,500 മുതല്‍ 3,400 രൂപ വരെയുള്ള ചാര്‍ജാണ് ഈടാക്കുന്നത്. അവധിക്ക് നാട്ടിലെത്തി തിരികെ പോരാനാവാതെ
മാസങ്ങളോളം നാട്ടില്‍ തങ്ങേണ്ടി വന്നത് വഴി കടബാധ്യതയില്‍ അകപ്പെട്ടു പോയ സാധാരണ പ്രവാസികള്‍ക്ക് ഭീമമായ വിമാന ടിക്കറ്റിനൊപ്പം ഈ അമിത സാമ്പത്തിക ഭാരം കൂടി വഹിക്കേണ്ടി വരുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടുകയും ഇത്തരം ചൂഷണത്തിനെതിരെ നടപടി സ്വീകരിക്കുകയും വേണം.
അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും യാത്രാനുമതി ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍, പ്രവാസികള്‍ക്ക് എത്രയും നേരത്തെ വാക്‌സിന്‍ നല്‍കി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ദുബൈ കെഎംസിസി ആവശ്യപ്പെട്ടു. സുപ്രീം കോടതി നിര്‍ദേശിച്ച ധനസഹായം മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കും ലഭിക്കാന്‍ നടപടി ഉണ്ടാവണമെന്നും ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ആക്റ്റിംഗ് ജന.സെക്രട്ടറി ഇസ്മാഈല്‍ അരൂക്കുറ്റി, ട്രഷറര്‍ പി.കെ ഇസ്മാഈല്‍, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, മീഡിയ വിംംഗ് ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.