അനശ്വര ഗായകന്‍ മുഹമ്മദ് റഫിയെ അനുസ്മരിച്ച് ചിരന്തന പ്രോഗ്രാം

ചിരന്തന കലാ-സാംസ്‌കാരിക വേദി സംഘടിപ്പിച്ച മുഹമ്മദ് റഫി അനുസ്മരണ പരിപാടിയില്‍ പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി സംസാരിക്കുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡ്വ. വൈ.എ റഹീം, ചിരന്തന വൈസ് പ്രസിഡന്റ് സി.പി ജലീല്‍, ടി.പി അഷ്‌റഫ് തുടങ്ങിയവര്‍ സമീപം

ഷാര്‍ജ: വിഖ്യാത ഗായകന്‍ മുഹമ്മദ് റഫിയെ അദ്ദേഹത്തിന്റെ 41ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ചിരന്തന കലാ-സാംസ്‌കാരിക വേദി ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ 21ാം വര്‍ഷവും അനുസ്മരിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയും രാജ്യസ്‌നേഹിയുമായിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രകത്ഭനായ ഗായകനാണ് മുഹമ്മദ് റഫിയെന്ന് അനുസ്മരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
35 വര്‍ഷത്തിനിടെ 7,400ല്‍ പരം ഗാനങ്ങള്‍ ആലപിച്ച റഫിയുടെ ‘ബാബുജി കി അമര്‍ കഹാനി’ എന്ന ഗാനം പുതിയ തലമുറക്ക് ഗാന്ധിജിയെ എളുപ്പത്തില്‍ അറിയാനും പഠിക്കാനും കഴിയുന്ന മധുരമുള്ള അനുഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസത്തിന്റെ ആദ്യ കാലങ്ങളില്‍ അജ്മാനിലെ സായാഹ്നങ്ങളില്‍ റേഡിയോയില്‍ കേട്ടിരുന്നു മുഹമ്മദ് റഫിയുടെ ക്‌ളാസിക്കല്‍ ഗസലുകളെന്ന് ഓര്‍മകള്‍ പങ്കുവെച്ച് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പറഞ്ഞു.
മുഹമ്മദ് റഫിയെ പോലെയുള്ള രാജ്യസ്‌നേഹികളെ വരുംതലമുറക്ക് പരിചയപ്പെടുത്തുന്നതിന് ചിരന്തന നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗസല്‍ സന്ധ്യയില്‍ നിന്ന്‌

റഫിയുടെ ഗസല്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗസല്‍ സന്ധ്യയും അരങ്ങേറി.
കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരിപാടി ഓണ്‍ലൈന്‍ ലൈവിലൂടെ സംപ്രേഷണം ചെയ്തു. യുഎഇയിലെ പ്രമുഖ ഗായകരായ മാജിദ് ഷേക്ക് മുബൈ, ജിതേന്ദ്ര കുമാര്‍ രാജസ്ഥാന്‍, സുബൈര്‍ വണ്ടൂര്‍, നൗഷാദ് കാഞ്ഞങ്ങാട് എന്നീ ഗായകര്‍ ഗസല്‍ സന്ധ്യക്ക് നേതൃത്വം നല്‍കി.
ചിരന്തന വൈസ് പ്രസിഡന്റ് സി.പി ജലീല്‍ സ്വാഗതവും ടി.പി അഷ്‌റഫ് നന്ദിയും രേഖപ്പെടുത്തി. ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിംഗ് ട്രഷറര്‍ ഷാജി ജോണ്‍, അഖില്‍ ദാസ് ഗുരുവായൂര്‍, മുസ്തഫ കുറ്റിക്കോല്‍, വീണ ഉല്ലാസ്, ഷിജി അന്ന ജോസഫ്, കെ.വി ഫൈസല്‍, ഷാന്റി തോമസ്, ഷാബു തോമസ്, ശ്യാം വര്‍ഗീസ്, സലാം കളനാട്, നൗഷാദ് കോഴിക്കോട് സംസാരിച്ചു.