പ്രാര്‍ത്ഥിക്കുന്നവന്റെ വിളി കേള്‍ക്കാന്‍ നാഥന്‍ അടുത്ത് തന്നെയുണ്ട്

നാഥനോടുള്ള പ്രാര്‍ത്ഥന ഒരിക്കലും വൃഥാവിലാവില്ല. അടിമകളുടെ വിളിക്ക് ഏത് വിധേനയെങ്കിലും ഉത്തരം നല്‍കിയിരിക്കും. ”പ്രാര്‍ത്ഥിച്ചാല്‍ പ്രതിസന്ധിയിലകപ്പെട്ടവന് അല്ലാഹു ഉത്തരമേകുകയും അവന്റെ കഷ്ടപ്പാട് ദൂരീകരിക്കുകയും ചെയ്യുമത്രെ” (സൂറത്തുന്നംല് 62). അല്ലാഹു പറയുന്നുണ്ട്: എന്റെ അടിമകള്‍ അങ്ങയോട് എന്നെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ സമീപസ്ഥന്‍ തന്നെയാണെന്ന് മറുപടി നല്‍കുക. അര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാനുത്തരം നല്‍കും (സൂറത്തുല്‍ ബഖറ 189). അല്ലാഹു ഓരോര്‍ത്തരുടെയും സമീപത്ത് തന്നെയുണ്ടെന്നും ഏത് വിളിയും കേള്‍ക്കാന്‍ തയാറായിട്ടുണെന്നുമാണ് പ്രസ്തുത സൂക്തം വിവരിക്കുന്നത്.
പ്രാര്‍ത്ഥന മഹത്തായ ദൈവാരാധനയാണ്. കീഴ്‌വണക്കവും കേഴലുമുണ്ട് പ്രാര്‍ത്ഥനയില്‍. പ്രാര്‍ത്ഥനകള്‍ അല്ലാഹു ഇഷ്ടപ്പെടുന്നു. നബി (സ്വ) പറയുന്നു: പ്രാര്‍ത്ഥനയെക്കാള്‍ ശ്രേഷ്ഠമായി അല്ലാഹുവിങ്കല്‍ ഒന്നുമേയില്ല (ഹദീസ് തുര്‍മുദി 3370). പ്രാര്‍ത്ഥിക്കാന്‍ ആവതുള്ളവന്‍ ഭാഗ്യവാന്‍ തന്നെ. പ്രാര്‍ത്ഥനക്ക് വിധിയെ ഭേദഗതി ചെയ്യാന്‍ പോലുമാ:ും. പ്രാര്‍ത്ഥന്‍യല്ലാതെ മറ്റൊന്നും വിധി മാറ്റി മറിക്കുകയില്ലെന്നാണ് നബി (സ്വ) അരുള്‍ ചെയ്തിട്ടുള്ളത് (ഹദീസ് തുര്‍മുദി 2139).
പ്രാര്‍ത്ഥനക്ക് നാഥനില്‍ നിന്ന് ഉത്തരം കിട്ടാന്‍ വഴികളുണ്ട്. പ്രാര്‍ത്ഥിക്കുന്നവന്‍ ആ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പ്രഥമമായി പ്രാര്‍ത്ഥന നിത്യമാക്കണം. ജീവിതത്തില്‍ പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കണം. പ്രവാചകന്മാര്‍ പ്രാര്‍ത്ഥന ശീലമാക്കിയവരായിരുന്നു. പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ അവരെ വാഴ്ത്തി വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. സകരിയ്യ നബി(അ)ക്ക് അല്ലാഹു സന്താന ലബ്ധിക്കായി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി യഹ്‌യയെ നല്‍കുന്നതാണ് പശ്ചാത്തലം. ”നിശ്ചയം, അവര്‍ ശ്രേഷ്ഠ കര്‍മങ്ങള്‍ക്ക് തത്രപ്പെടുകയും ആശിച്ചും ആശങ്കിച്ചും നമ്മോട് പ്രാര്‍ത്ഥിക്കുകയും വണക്കമുള്ളവരുമാകുന്നു” (സൂറത്തുല്‍ അന്‍ബിയാഅ് 90). ”നമ്മുടെ നബി (സ്വ) പ്രാര്‍ത്ഥിച്ചാല്‍ അത് മൂന്നു പ്രാവശ്യം തുടരുമായിരുന്നു” (ഹദീസ് മുസ്‌ലിം 1794).
പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിക്കാവശ്യമായ മറ്റൊരു കാര്യമാണ് ഭയഭക്തി. ഭക്തിസാന്ദ്രമായ മനസ്സോടെ അല്ലാഹുവിനോട് ചോദിക്കണം. അല്ലാഹു ഉത്തരം നല്‍കുമെന്ന് ശുഭാപ്തിയും മനസ് നിറയെ വേണം. അല്ലാഹു ഉത്തരം നല്‍കുമെന്ന ഉറച്ച വിശ്വാസത്തോടെ തന്നെ പ്രാര്‍ത്ഥിക്കണമെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് തുര്‍മുദി 3479). ഒരു സത്കര്‍മം ചെയ്ത് പ്രാര്‍ത്ഥിക്കുമ്പോഴാണ് കൂടുതല്‍ ഫലവത്താകുന്നത്. സത്കര്‍മിയുടെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായി സൂറത്തു ആലു ഇംറാന്‍ 195-ാം സൂക്തം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന്‍ ആപത്ത് സമയത്ത് കിടന്നോ നിന്നു കൊണ്ടോ ഇരുന്നോ പ്രാര്‍ത്ഥിക്കുമെന്ന് തന്നെയാണ് ഖുര്‍ആനിക ഭാഷ്യം (സൂറത്തു യൂനുസ് 12). കൊറോണ മഹാമാരി ഈ ലോകത്ത് നിന്ന് എടുത്തു മാറ്റാന്‍ നാഥനോട് നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.