ആരോഗ്യകരമായ ജീവിത ശീലങ്ങള്‍: തുംബൈ ഹോസ്പിറ്റല്‍ ഫുജൈറ ബോധവത്കരണ സെഷന്‍ ശ്രദ്ധേയമായി

14
(ഇടത്തു നിന്നും): ആരോഗ്യകരമായ ജീവിത ശീലങ്ങളെ കുറിച്ച് തുംബൈ ഹോസ്പിറ്റല്‍ ഫുജൈറ സംഘടിപ്പിച്ച വെര്‍ച്വല്‍ ബോധവത്കരണ സെഷനില്‍ സിഒഒ ഡോ. ഷിഹാദ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍, കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ റഹ്മാന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഉസാമ മഹ്മൂദ് റിസ്‌ക് എന്നിവര്‍

ഹൃദ്രോഗ സ്വാധീനത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ നീക്കാന്‍ സെഷന്‍ ഉപകരിച്ചു.
ഭക്ഷണത്തില്‍ നല്ല കൊഴുപ്പുകള്‍ ഉള്‍പ്പെടുത്താനുള്ള നുറുങ്ങുകളടക്കം വിലപ്പെട്ട ഉപദേശങ്ങള്‍.
കുട്ടികളുടെ 60 മിനിറ്റ് ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ശുപാര്‍ശ.
മറ്റുള്ളവരാലുള്ള പുകവലി ഹൃദ്‌രോഗ സാധ്യത 25-30 ശതമാനം വര്‍ധിപ്പിക്കും; സിഒപിഡിയുള്ള ദീര്‍ഘ കാല പുകവലിക്കാര്‍ക്ക് കോവിഡ് ന്യുമോണിയ സാധ്യത കൂടുതല്‍; സെല്‍ പുനരുജ്ജീവനത്തിനും ആരോഗ്യം നന്നാക്കാനും പതിവായ ഉപവാസം ഗുണകരം തുടങ്ങിയ ശ്രദ്ധേയ നിര്‍ദേശങ്ങളും

ഫുജൈറ: ഹൃദയാരോഗ്യകരമായ ജീവിത ശൈലികളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് തുംബൈ ഹോസ്പിറ്റല്‍ ഫുജൈറ വിപുലവും ആകര്‍ഷകവുമായ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യകരമായ ശീലങ്ങളിലേക്ക് മാറാനും കൂടുതല്‍ കാലം രോഗ രഹിതമായി ജീവിക്കാനും സമൂഹത്തിന് പ്രചോദനം പകരുന്ന സെഷനായിരുന്നു നടത്തിയത്.
തുംബൈ ഗ്രൂപ്പിന്റെ ‘ഓണ്‍ലൈന്‍ സമ്മര്‍ ഹെല്‍ത്ത് കെയര്‍ ഫെസ്റ്റിവല്‍’ ഭാഗമായി വെര്‍ച്വലായി നടന്ന സെഷനില്‍, ഹൃദയാരോഗ്യം സംബന്ധിച്ച ഒട്ടേറെ മിഥ്യാ ധാരണകള്‍ നീക്കാനും വ്യായാമവും ഭക്ഷണ ശീലങ്ങളും ജീവിതത്തിന്റെ ഭാഗമാക്കാനുമുള്ള നിര്‍ദേശങ്ങളുമടക്കം പങ്കാളികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.
ഹൃദ്രോഗം ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 98% പേരും അതേ എന്നും, 2% അല്ലെന്നും പ്രതികരിച്ചു.
ഫുജൈറ തുംബൈ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ റഹ്മാന്‍ നടത്തിയ ഇന്ററാക്ടീവ് പരിപാടിയില്‍
തെറ്റിദ്ധാരണകളെ അകറ്റാനുപകരിക്കുന്ന വിധത്തിലുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടു വെച്ചത്. ഹൃദയാഘാതം മൂലമുള്ള മരണങ്ങളുടെ എണ്ണത്തില്‍ 1950കളെയും ’60കളെയും അപേക്ഷിച്ച് ഇപ്പോള്‍ പ്രതിമാസം 40-50% എന്ന നിലയിലായി കുറഞ്ഞിട്ടുണ്ട്. വൈദ്യ ശാസ്ത്ര-സാങ്കേതിക-ശസ്ത്രക്രിയാ മേഖലകളിലുണ്ടായ മുന്നേറ്റവും അനുഗുണമായ മാനേജ്‌മെന്റ് ടെക്‌നിക്കുകളും അതിന് സഹായകമായിട്ടുണ്ടാവാം എന്നാണ് അനുമാനിക്കപ്പെടുന്നത്.
ഹൃദയാഘാതത്തിന് ശേഷം 95% രോഗികള്‍ക്കും അവരുടെ ദൈനംദിന ജീവിതം പുനരാരംഭിക്കാന്‍ കഴിയും. കൂടാതെ, ഹാര്‍ട്ട്പമ്പ് തകരാറുള്ള രോഗികളില്‍ പോലും 70-80% പേര്‍ക്ക് വൈദ്യസഹായത്തോടെ സാധാരണ ഗതിയില്‍ മുന്നോട്ടു പോകാനാകും. ഉചിതമായ മാര്‍ഗനിര്‍ദേശങ്ങളും സമയോചിത ഇടപെടലുമുണ്ടെങ്കില്‍, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെങ്കില്‍ പോലും തികച്ചും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയുമെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ.
മരണ നിരക്ക് കുറഞ്ഞുവെങ്കിലും, അനാരോഗ്യകരമായ ഭക്ഷണ ക്രമം, ശാരീരിക നിഷ്‌ക്രിയത്വം, പുകയില ഉപയോഗം, മദ്യത്തിന്റെ അപായ നിലയിലുള്ള ഉപഭോഗം എന്നിവ അപകട സാധ്യതാ ഘടകങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. ഇതിന്റെ ഫലം കൂടിയ രക്തസമ്മര്‍ദം, രക്തത്തിലെ ഗ്‌ളൂക്കോസിന്റെയും ലിപിഡുകളുടെയും ഉയര്‍ന്ന നില, അമിതഭാരം, പൊണ്ണത്തടി എന്നിവയാണ്.
പുകവലി ഉപേക്ഷിക്കുക, ട്രാന്‍സ്ഫാറ്റ് ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, രക്തത്തിലെ പഞ്ചസാരയും രക്തസമ്മര്‍ദവും നിയന്ത്രിക്കുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക, ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുക എന്നിവയിലൂടെ ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കാനാകുമെന്നതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കാന്‍ ഡോ. റഹ്മാന്‍ ഉപദേശിച്ചു.
പുകവലി ഉപേക്ഷിക്കുന്നത് ആളുകള്‍ക്ക് അവരുടെ ആരോഗ്യത്തെ നന്നായി നിയന്ത്രിക്കാന്‍ എങ്ങനെ സഹായിക്കുമെന്നതിനെ കുറിച്ചുള്ള രസകരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കിയ അദ്ദേഹം, താന്‍ സംസാരമാരംഭിച്ച് 20 മിനിറ്റ് പിന്നിട്ട ശേഷം പുകവലി ഉപേക്ഷിച്ചവരുടെ ഹൃദയ മിടിപ്പും രക്തസമ്മര്‍ദവും ഗണ്യമായി കുറഞ്ഞത് നേരിട്ട് മനസ്സിലാക്കിക്കാടുത്തു. അതേസമയം, കേടായ നാഡീ അഗ്രങ്ങള്‍ 48 മണിക്കൂറിന് ശേഷം പുനരുജ്ജീവിപ്പിക്കാന്‍ തുടങ്ങുന്നുണ്ട്. പുകവലി ഉപേക്ഷിക്കുന്നതിന്റെ അനവധി ഗുണങ്ങളെ കുറിച്ച് സംസാരിക്കവേ, അത് 12 തരം അര്‍ബുദങ്ങള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം (സിഒപിഡി), ഹൃദയ സംബന്ധമായ (കാര്‍ഡിയോ വാസ്‌കുലാര്‍) അസുഖങ്ങള്‍ എന്നിവയുടെ സാധ്യതയെ കുറയ്ക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പുകവലിക്കാത്തവര്‍ക്ക് (സെക്കന്റ് ഹാന്റ് സ്‌മോക്കേഴ്‌സ്) പുകവലി സ്വാധീനം ഒരു പ്‌ളേഗ് പോലെയുള്ള ഫലമാണുളവാക്കുകയെന്നും, അത്തരക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത 25-30% ആയി വര്‍ധിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍ ഒഴിവാക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിരോധനത്തിന് ശേഷം കടുത്ത ഹൃദ്രോഗങ്ങളില്‍ ഗണ്യമായ കുറവുണ്ടായ യുകെയുടെ ഉദാഹരണം ഉദ്ധരിച്ചു കൊണ്ട്, 10 വര്‍ഷത്തെ പുകവലി ഉപേക്ഷിച്ച വിട്ടുമാറാത്ത പുകവലിക്കാര്‍ക്ക് പോലും ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത 50% കുറയ്ക്കുമെന്ന് ഡോക്ടര്‍ അടിവരയിട്ട് പറഞ്ഞു. വിട്ടുമാറാത്ത പുകവലി കാരണം സിഒപിഡി രോഗികളില്‍ കോവിഡ് ന്യൂമോണിയ കൂടുതലായി കാണപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യായാമത്തിന്റെ പ്രയോജനങ്ങള്‍ ഊന്നിപ്പറഞ്ഞു കൊണ്ട്, മുതിര്‍ന്നവര്‍ക്ക് കുറഞ്ഞത് 150 മിനിറ്റ് മിത-തീവ്ര എയ്‌റോബിക്‌സ്, അല്ലെങ്കില്‍ 75 മിനിറ്റ് നന്നായി ദേഹമനങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍, അതുല്ലെങ്കില്‍ അവ രണ്ടും തുല്യമായ നിലയിലുള്ള കായിക പ്രവര്‍ത്തനം ഓരോ ആഴ്ചയും ലഭിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. കുട്ടികളും കൗമാരക്കാരും എല്ലാ ദിവസവും കുറഞ്ഞത് 60 മിനിറ്റെങ്കിലും എന്തെങ്കിലും ആക്ടീവായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശാരീരികവും മാനസികവുമായ പെബര്‍ഫോമന്‍സ് കൂട്ടുന്നു. ഊര്‍ജവും മാനസികാവസ്ഥയും വര്‍ധിപ്പിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. പേശികളും എല്ലുകളും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഹൃദയ, ഉപാപചയ പ്രവര്‍ത്തനം നന്നാക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുകയും പേശികളിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ആകമാന ആരോഗ്യവും ക്ഷേമവും ഉയര്‍ത്താന്‍ സഹായിക്കുന്നു.
ഒരാളുടെ പ്രായത്തിനും പൊതുവായ ആരോഗ്യ സ്ഥിതിക്കുമനുസൃതമായി ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഹൃദ്‌രോഗികള്‍ കഠിനമായ ഭാരോദ്വഹനം നടത്തരുത്, ജാഗ്രതയോടെ വ്യായാമം ചെയ്യണം. ശരീരത്തിന് ആവശ്യമാണോയെന്ന് വിലയിരുത്താതെ ജിം സെഷനുകളില്‍ കഠിനമായി ഏര്‍പ്പെട്ട നിരവധി പേര്‍ മരിച്ച കാര്യം ഇവിടെ ഓര്‍ക്കേണ്ട കാര്യമാണെന്നും ഡോ. റഹ്മാന്‍ നിരീക്ഷിച്ചു.
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വ്യത്യസ്ത കൊഴുപ്പുകളുടെ ശരിയായ സമതുലനം ലഭിക്കാന്‍ ആളുകളെ ഉപദേശിച്ച ഡോക്ടര്‍, വ്യാവസായിക നിര്‍മിത ട്രാന്‍സ്ഫാറ്റ് ഒഴിവാക്കണെമെന്നും പൂരിത കൊഴുപ്പുകള്‍ പരിമിതപ്പെടുത്തണമെന്നും അവശ്യം ആവശ്യമായ പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉപയോഗിക്കണമെന്നും വ്യക്തമാക്കി.
ട്രാന്‍സ്ഫാറ്റ് മനുഷ്യ നിര്‍മിത കൊഴുപ്പാണ്. അതില്‍ ശീതീകരിച്ച പിസ്സ, സസ്യ എണ്ണകള്‍, അധിക മൂല്യമുള്ള, ചുട്ടുപഴുപ്പിച്ച ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
ട്രാന്‍സ്ഫാറ്റുകളില്‍ നിന്നുള്ള ഓരോ 1 ശതമാനം ഊര്‍ജത്തിലും ഹൃദ്രോഗ സാധ്യത 12-13% വര്‍ധിക്കുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു.
പൂരിത കൊഴുപ്പുകളില്‍ വെണ്ണ, ചീസ്, റെഡ് മീറ്റ്, പന്നിയിറച്ചി, ചുട്ടുപഴുപ്പിച്ച ഭക്ഷണങ്ങള്‍, പാല്‍, വെളിച്ചെണ്ണ മുതലായവ ഉള്‍പ്പെടുന്നു. മൃഗങ്ങളുടെ ഭക്ഷണങ്ങളില്‍ പ്രകൃതിദത്ത പൂരിത കൊഴുപ്പുകള്‍ കൂടുതല്‍ കാണപ്പെടുന്നത് വിവാദപരമാണ്. എന്നാല്‍, വലിയ അളവില്‍ ഈ പ്രകൃതിദത്ത പൂരിത കൊഴുപ്പുകള്‍ കഴിക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മിക്ക വിദഗ്ധരും സമ്മതിക്കുന്നു. ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍ മാത്രമാണ് നമ്മുടെ ഭക്ഷണത്തില്‍ ആവശ്യമുള്ള കൊഴുപ്പുകള്‍. വിത്തുകള്‍, പരിപ്പ്, ബീന്‍സ്, കടല്‍ സസ്യങ്ങള്‍, മത്സ്യവുമായി ബന്ധപ്പെട്ട ചില ജീവികള്‍ എന്നിവയില്‍ ഇവ കാണപ്പെടുന്നു. പോളി അപൂരിത കൊഴുപ്പുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം, പേശികളുടെ ചലനം, വിറ്റാമിന്‍, ധാതുക്കളുടെ ആഗിരണം എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്.
പ്രമേഹ രോഗികള്‍ ഗ്‌ളൈസമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കണം. ട്രില്യണ്‍ കണക്കിന് ശരീര കോശങ്ങളുടെ പുനരുജ്ജീവനത്തില്‍ ഉപവാസത്തിന് പ്രധാന ഉപകരണമായി വര്‍ത്തിക്കാനാകും. കാരണം, കേടു വന്ന കോശങ്ങളെ ശുദ്ധീകരിക്കുന്ന പ്രക്രിയ(ഓട്ടോഫാഗി)യെ അത് പ്രോത്സാഹിപ്പിക്കും. ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഉപവാസം മുഖേനയുള്ള ഓട്ടോഫാഗിക്ക് ഓരോ വ്യക്തിയുടെയും ഉപാപചയമനുസരിച്ച് രണ്ടു മുതല്‍ നാലു ദിവസം വരെ സമയമെടുത്തേക്കാമെന്നും ഡോ. അബ്ദുല്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.