ഇന്ത്യാ-യുഎഇ ബന്ധം ഏറ്റവും മികച്ചത്: പി.വി അബ്ദുല്‍ വഹാബ് എംപി

70
1. ഐപിഎ സംഘടിപ്പിച്ച 'ഇന്ത്യ@75' ചടങ്ങില്‍ പ്രമുഖര്‍ സംസാരിക്കുന്നു. 2,  പരിപാടിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ നിന്ന്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ഐപിഎ വിപുലമായി ആഘോഷിച്ചു

ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ചതും ഇന്ത്യക്കാരും ഇമാറാത്തികളും സഹോദരങ്ങളായി നിലനില്‍ക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബന്ധം ഏറ്റവും ഈടുറ്റതും ഭാവിയില്‍ കൂടുതല്‍ ശക്തമാകുന്നതുമാണെന്ന് രാജ്യസഭാംഗവും വ്യവസായിയുമായ പി.വി അബ്ദുല്‍ വഹാബ് പറഞ്ഞു. യുഎഇയിലെ മലയാളി ബിസിനസ്‌നെറ്റ്‌വര്‍ക്കായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) ദുബൈ ഗ്രാന്റ് ഹയാത്തില്‍ സംഘടിപ്പിച്ച ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ‘ഇന്ത്യ @75’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1974ല്‍ എല്ലാവരെയും പോലെ സാധാരണ ഒരു പ്രവാസിയായാണ് ഒരു കപ്പലില്‍ താനീ മണലാരണ്യത്തില്‍ എത്തിയതെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. ഒന്നും കൈവശമുണ്ടായിരുന്നില്ല. എല്ലാം തന്നത് ഈ മരുഭൂമിയാണ്. കഠിനാധ്വാനികളായ മനുഷ്യരുടെ വിയര്‍പ്പാണ് ലോകത്തിലെ തന്നെ ഏറ്റവും വികസിച്ചു വന്ന ഈ രാജ്യത്തിന്റെ ഇന്നത്തെ ഉയര്‍ച്ചയുടെ ഫലം. യുഎഇ പിറവി കൊണ്ട 50-ാം വര്‍ഷം ആഘോഷിക്കുന്ന ഈ വര്‍ഷം പ്രവാസികളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രസക്തമായതാണ്. തന്നെ രൂപപ്പെടുത്തിയ ഈ മണ്ണ് തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഭാരതത്തിന് പ്രവാസി ബിസിനസ് സമൂഹത്തിന്റെ ഭാവുകങ്ങള്‍ നേരാനാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ഐപിഎ ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഫൈന്‍ ടൂള്‍സ് പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്യൂണിറ്റി അഫയേഴ്‌സ്-വിസാ വിഭാഗം കോണ്‍സുല്‍ ഉത്തം ചന്ദ്, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം, യുഎഇ സ്വദേശിയും ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ് ചെയര്‍മാനുമായ തൗഹീദ് അബ്ദുള്ള, പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയുടെ മകള്‍ ആമിന മുഹമ്മദലി, ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ആശാ ശരത്, ഐടിഎല്‍ കോസ്‌മോസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. റാം ബുക്‌സാനി, പേസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, എഫ്എംസി നെറ്റ്‌വര്‍ക് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍, സ്റ്റാര്‍ ടെക്‌നിക്കല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനി എംഡി ഹസീന നിഷാദ്, അലി അല്‍ഹമ്മാദി, ഐപിഎ ഫൗണ്ടര്‍ എ.കെ ഫൈസല്‍, മുന്‍ ചെയര്‍മാന്മാരായ ഷംസുദ്ദീന്‍ നെല്ലറ, സഹീര്‍ സ്റ്റോറീസ്, ജമാദ് ഉസ്മാന്‍, സിദ്ദീഖ് ഫോറം, ത്വല്‍ഹത്ത് ഫോറം, മുനീര്‍ അല്‍ വഫ, റിയാസ് കില്‍ട്ടന്‍, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി ഒരിക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഐപിഎ ഉപയോക്താക്കള്‍ക്കുമാണ് ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. എമിറേറ്റ്‌സ് ഫസ്റ്റ് ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.

 

സ്ത്രീ ശാക്തീകരണ സെഷന്‍ വേറിട്ടതായി
സ്ത്രീ ശാക്തീകരണം എന്ന പ്രമേയത്തില്‍ നടന്ന സെഷന്‍ ഐപിഎ സ്വാതന്ത്ര്യ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായി മാറി. ആമിന ഗള്‍ഫാര്‍ മുഹമ്മദലി, ആശാ ശരത്, ഹസീന നിഷാദ്, സമീറ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ ഇന്ന് പുരുഷന് തുല്യമായി ഉയര്‍ന്നിരിക്കുന്നു. വ്യാപരിക്കുന്ന രംഗങ്ങളിലെല്ലാം പ്രതിഭ തെളിയിക്കാന്‍ സ്ത്രീക്കും ഇന്ന് വേദികളും അവസരങ്ങളുമുണ്ട്. സ്ത്രീ ശാക്തീകരണം എന്നത് ഇന്നേറെ അര്‍ത്ഥവത്തായി മാറിയിരിക്കുന്നുവെന്നത് അഭിമാനകരമാണെന്നും സെഷനില്‍ പങ്കെടുത്ത വനിതകള്‍ അഭിപ്രായപ്പെട്ടു. വിജയകരമായ സ്ത്രീ സംരംഭങ്ങളെ കുറിച്ച് ഈ രംഗത്ത് മാതൃകയായ വനിതകളുടെ അനുഭവ വിവരണം വേറിട്ടതായിരുന്നു.

കര്‍മചൈതന്യം വിജയിപ്പിക്കും: പി.എ ഇബ്രാഹിം ഹാജി
ഏത് പ്രവര്‍ത്തനത്തിനും കര്‍മ ചൈതന്യം എന്ന സവിശേഷമായ ഒരു ഘടകമുണ്ടെന്നും അതുണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നും സംരംഭകരുടെ ജീവിതാനുഭവങ്ങള്‍ പരിചയപ്പെടുത്തുന്ന സെഷനില്‍ പേസ് ഗ്രൂപ് ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗ്രൂപ് കോ-ചെയര്‍മാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. അഞ്ചു പതിറ്റാണ്ട് മുന്‍പാണ് താനീ മണലാരണ്യത്തില്‍ എത്തിയതെന്ന് പറഞ്ഞു തുടങ്ങിയ അദ്ദേഹം, പല മേഖലകളിലും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചതിനാല്‍ സദ്ഫലങ്ങള്‍ സൃഷ്ടിക്കാനായെന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്നും വ്യക്തമാക്കി.

 

പ്രതിബദ്ധതയാണ് പ്രധാനം: ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍
ഏത് കാര്യത്തിലുമെന്ന പോലെ ബിസിനസില്‍ പ്രതിബദ്ധത പ്രധാനമാണെന്നും അത് മാത്രമേ വിജയം സമ്മാനിക്കൂവെന്നും
റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു. ഐപിഎ സംഘടിപ്പിച്ച ഈ സവിശേഷ പരിപാടിയില്‍ വ്യത്യസ്തമായ നാലു വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പത്യേകിച്ചും, സ്ത്രീ സംരംഭകരെ ഉള്‍പ്പെടുത്തിയതടക്കം
ഒരുക്കിയ സെഷനുകള്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നതാണ്. കൂടുതല്‍ മികവാര്‍ന്ന നിലയില്‍ മുന്നോട്ടു പോകാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഐപിഎ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയം: ഉത്തം ചന്ദ്
സംരംഭക മേഖലയിലും മറ്റും അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങളാണ് ഐപിഎ കാഴ്ചവെക്കുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്യൂണിറ്റി അഫയേഴ്‌സ്, വിസാ വിഭാഗം കോണ്‍സുല്‍ ഉത്തം ചന്ദ് പറഞ്ഞു. ഇടത്തരം സംരംഭകരുടെ ബിസിനസ് നെറ്റ്‌വര്‍ക്കായ ഐപിഎ ഇത്തരത്തിലുള്ള പ്രൗഢമായ സദസ്സ് സംഘടിപ്പിച്ചത് ഇന്ത്യക്കാകമാനം അഭിമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി

 

പ്രവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും: ആശാ ശരത്‌
”ഞാന്‍ ഒരു ബിസിനസുകാരിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയാനാണ് എനിക്ക് താല്‍പര്യമെന്ന് നടി ആശാ ശരത് പറഞ്ഞു. എന്റെ ഭര്‍ത്താവാണ് സംരംഭകന്‍. ഒന്നാമതായി ഞാനൊരു നര്‍ത്തകിയാണ്. രണ്ടാമത്, ഞാനൊരു നടിയാണ്” -പ്രശസ്ത നര്‍ത്തകിയും ചലച്ചിത്ര നടിയുമായ ആശാ ശരത്തിന്റെ വാക്കുകളാണിത്. 27 വര്‍ഷമായി താന്‍ ദുബൈയില്‍ പ്രവാസിയാണെന്നും ഈ കാലയളവിനുള്ളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് നൃത്തത്തില്‍ പരിശീലനം നല്‍കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദം വലുതാണെന്നും അവര്‍ പറഞ്ഞു. അതോടൊപ്പം തന്നെ, സാമൂഹിക രംഗത്തും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ അവസരമുണ്ടായി. നിലവില്‍ ലോക കേരള സഭയില്‍ അംഗമായ താന്‍ പ്രവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഐപിഎ നല്‍കിയ ഈ സ്‌നേഹാദരം വിലമതിക്കുന്നുവെന്നും ആശാ ശരത് കൂട്ടിച്ചേര്‍ത്തു.

 

പ്രകാശനങ്ങള്‍
ആഘോഷ ചടങ്ങില്‍ വിവിധ നവ സംരംഭങ്ങളുടെ ലോഗോ പ്രകാശനങ്ങള്‍ നടന്നു. പ്രമുഖ ബിസിനസുകാര്‍ക്ക് ഐപിഎ ഓണററി മെംബര്‍ഷിപ്പുകള്‍ കൈമാറി. ടോസ്റ്റ് മാസ്റ്റര്‍സ് ഇന്റര്‍നാഷണലിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ഹോട്ട്പാക്ക് എംഡി അബ്ദുല്‍ ജബ്ബാര്‍, സഫാരി മാള്‍ എംഡി സൈനുല്‍ ആബിദീന്‍, ആസാ ഗ്രൂപ് എംഡി സി.പി സാലിഹ്, റിയാസ് ചേലേരി, സലീം മൂപ്പന്‍സ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. അനുപമ ടീച്ചറുടെ നേതൃത്വത്തിലുള്ള
നൃത്താവിഷ്‌കാരവും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉടമ വര്‍ണിത് പ്രകാശ് എന്ന 7 വയസ്സുകാരന്റെ സംഗീത പ്രകടനവും ഗായകന്‍ ഗഫൂര്‍ ഷാസിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ഗാനസന്ധ്യയും ആഘോഷ ചടങ്ങിനെ ഏറെ വര്‍ണാഭമാക്കി.