ഇന്ത്യ@75: ഐപിഎ ഒരുക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം വെള്ളിയാഴ്ച

122
ഐപിഎ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ ഫൈന്‍ ടൂള്‍സ് സംസാരിക്കുന്നു. എ.കെ ഫൈസല്‍, തങ്കച്ചന്‍ മണ്ഡപത്തില്‍, ഷംസുദ്ദീന്‍ നെല്ലറ, മുനീര്‍ അല്‍വഫ, സലീം മൂപ്പന്‍സ്, മുഹമ്മദ് റഫീഖ്, ജമാദ് ഉസ്മാന്‍ സമീപം

പി.വി അബ്ദുല്‍ വഹാബ് എംപി, ഷഫീന യൂസഫലി, ആമിനാ മുഹമ്മദലി ഗള്‍ഫാര്‍, ആശാ ശരത് തുടങ്ങിയവര്‍ പങ്കെടുക്കും

ദുബായ്: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി മലയാളി ബിസിനസ് നെറ്റ്‌വര്‍ക്കായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘ഇന്ത്യ@75’ എന്ന പേരില്‍ ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച ദുബായ് ഗ്രാന്‍ഡ് ഹയാത്തിലാണ് ആഘോഷ പരിപാടികള്‍. രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബ്, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം, യുഎഇ സ്വദേശിയും ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ് ചെയര്‍മാനുമായ തൗഹീദ് അബ്ദുള്ള, വ്യവസായി പത്മശ്രീ എം.എ യൂസഫലിയുടെ മകളും ടേബ്ള്‍സ് ഫുഡ് കമ്പനി സ്ഥാപകയും സിഇഒയുമായ ഷഫീന യൂസഫലി , വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയുടെ മകള്‍ ആമിന മുഹമ്മദലി, ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ആശാ ശരത്, ഐടിഎല്‍-കോസ്‌മോസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. റാം ബുക്‌സാനി, പേസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍, സ്റ്റാര്‍ ടെക്‌നിക്കല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനി എംഡി ഹസീന നിഷാദ്, ഹാബിറ്റാറ്റ് സ്‌കൂള്‍സ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഷംസുസ്സമാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.


വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. വാണിജ്യ രംഗത്ത് വിജയ മാതൃകകള്‍ സൃഷ്ടിച്ച സംരംഭകരുടെ ജീവിതാനുഭവങ്ങളും സംരംഭകത്വത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തിയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷന്‍, ദുബായിലെ പുതിയ ബിസിനസ് അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന വിദഗ്ധരുടെ അവതരണം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രത്യേക സെഷന്‍, ഗാനസന്ധ്യ തുടങ്ങിയവ കോര്‍ത്തിണക്കിയതാണ് പരിപാടികള്‍.
75-ാമത് സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഇന്ത്യക്ക് പ്രവാസി ബിസിനസ് സമൂഹത്തിന്റെ സ്‌നേഹാശംസകള്‍ നേരാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഐപിഎ ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ ഫൈന്‍ ടൂള്‍സ് അറിയിച്ചു. എമിറേറ്റ്‌സ് ഫസ്റ്റ് ആണ് ചടങ്ങിന്റെ മുഖ്യ പ്രായോജകര്‍.
‘രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്ന ഇത്തവണത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന സന്ദേശം ഉള്‍ക്കൊണ്ട് പ്രവാസി ബിസിനസ് സമൂഹം രാജ്യത്തിന് നല്‍കുന്ന നിസ്തുല സംഭാവനകളെ പ്രകീര്‍ത്തിക്കുന്ന ചടങ്ങാണിതെന്ന് ഐപിഎ സ്ഥാപകന്‍ എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് പറഞ്ഞു. യുഎഇയുടെ വാണിജ്യ-വ്യവസായ രംഗങ്ങളിലെ വൈവിധ്യവത്കരണത്തിലും വികസന മുന്നേറ്റത്തിലും പ്രത്യക്ഷമായും പരോക്ഷമായും മലയാളി ബിസിനസ് സമൂഹം അര്‍പ്പിക്കുന്ന സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണ്. അത്തരം സാധ്യതകളുടെ മികവുകള്‍ മികച്ച രീതിയില്‍ തന്നെയാണ് ഇവിടത്തെ ബിസിനസ് സമൂഹം ഇന്ത്യക്കും യുഎഇക്കും സമ്മാനിക്കുന്നത്. നല്ല ആശയങ്ങളുള്ളവര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കാനും കഴിവുള്ളവര്‍ക്ക് തൊഴിലിനും ഒരുപാട് അവസരങ്ങള്‍ നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൗഹാര്‍ദ രാജ്യങ്ങളിലൊന്നാണ് യുഎഇ. അതിന് വേണ്ടി എല്ലാ പിന്തുണയും നല്‍കുന്ന യുഎഇ ഭരണാധികാരികളോട് ഈയവസരത്തില്‍ നന്ദി പറയുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷ പരിപാടി ഒരുക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഐപിഎ ഉപയോക്താക്കള്‍ക്കുമാണ് ചടങ്ങിലേക്ക് പ്രവേശനം നല്‍കുക.
പരസ്പര സഹകരണത്തോടെ ബിസിനസിനെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുകയും സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകരെ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് ഐപിഎ ലക്ഷ്യം. അതിന് വേണ്ടി മുന്‍ കാലങ്ങളില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനും സാമൂഹിക പ്രതിബദ്ധതയുള്ള അനേകം ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഐപിഎക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെ പ്രഗല്‍ഭരായ സംരംഭകരുടെ അനുഭവങ്ങള്‍ പരിചയപ്പെടുത്തുന്ന വിവിധ സെഷനുകള്‍ പലപ്പോഴും ഐപിഎ സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ്19 കൊടുമ്പിരിക്കൊണ്ട ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന യാത്രാ നിയന്ത്രണ വേളയില്‍ യുഎഇയില്‍ കുടുങ്ങിയ നിര്‍ധനരായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നൂറിലധികം വിമാന ടിക്കറ്റുകളാണ് ഐപിഎ നല്‍കിയതെന്ന് ഐപിഎ മുന്‍ ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് തകര്‍ന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാനും ഈ കൂട്ടായ്മക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മൂലം ബിസിനസും തൊഴിലും നഷ്ടപ്പെടുകയും പ്രയാസത്തിലാവുകയും ചെയ്ത അനേകം ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും നിരാശരായവര്‍ക്ക് ആത്മവിശ്വാസം പകരാനും ഐപിഎക്ക് സാധിച്ചുവെന്ന് എ.കെ ഫൈസല്‍ പറഞ്ഞു. ഇതുസംബന്ധമായി സൂം മീറ്റിംഗുകളും നേരിട്ടുള്ള കൗണ്‍സലിംഗ് സെഷനുകളും സംഘടിപ്പിച്ചു.
പുതിയ തൊഴില്‍ സംരംഭങ്ങളെ കുറിച്ച് കേരളത്തിലെ പുതിയ ടെക്കി തലമുറകള്‍ക്ക് അവബോധം പകരാന്‍ ഐപിഎ ശ്രമിക്കുമെന്ന് ഷംസുദ്ദീന്‍ ഫൈന്‍ ടൂള്‍സ് വെളിപ്പെടുത്തി.
വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ ലോകത്ത് തന്നെ ഇതാദ്യമായി റോബോട്ടിക് ഷോറൂം തുടങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനവും അവതരണവുമുണ്ടാകുമെന്ന് എമിറേറ്റ്‌സ് ഫസ്റ്റ് എംഡി ജമാദ് ഉസ്മാന്‍ പറഞ്ഞു.
മൂപ്പന്‍സ് ഗ്രൂപ് സ്ഥാപകന്‍ സലീം മൂപ്പന്‍സ്, ഐപിഎ വൈസ് ചെയര്‍മാന്‍ തങ്കച്ചന്‍ മണ്ഡപത്തില്‍, ഐപിഎ ഡയറക്ടര്‍ ബോര്‍ഡംഗം മുനീര്‍ അല്‍വഫ, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റഫീഖ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.