ഇന്ത്യന്‍-യുഎഇ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

9

ദുബൈ: ഇന്ത്യയടക്കം ആറു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയിലേക്ക് നിര്‍ത്തി വെച്ചിരുന്ന പ്രവേശനാനുമതി ഓഗസ്റ്റ് 5 മുതല്‍ ഒഴിവാക്കുന്നതോടെ ഇന്ത്യയിലെയും യുഎഇയിലെയും വിമാന കമ്പനികള്‍ തിരിച്ചു വരുന്നവര്‍ക്കായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചില വിമാന കമ്പനികളുടെ ടിക്കറ്റുകള്‍ ഇതിനകം തന്നെ മുഴുവന്‍ ബുക്ക് ചെയ്തു കഴിഞ്ഞതായി ചില ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഓഗസ്റ്റ് 5 മുതല്‍ 12 വരെ എകോണമി, ബിസിനസ് ക്‌ളാസുകളില്‍ ഏതാണ്ടെല്ലാ സീറ്റുകളുടെയും ബുക്കിംഗ് ആയിക്കഴിഞ്ഞുവെന്നാണ് വിവരം.
എയര്‍ അറേബ്യക്ക് 5-ാം തീയതി കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് 1,133 ദിര്‍ഹം (ഏകദേശം 22,000 രൂപ) ആണ് നിരക്ക്. ആറാം തീയതി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് 21,660 രൂപയാണ് ആണ് ഇന്നലത്തെ നിരക്ക്. എമിറേറ്റ്‌സ് എയര്‍ലൈനിന് ന്യൂഡെല്‍ഹിയില്‍ നിന്നും ദുബൈയിലേക്ക് 1,099ഉം; ഇന്‍ഡിഗോക്ക് 1,075ഉം ദിര്‍ഹമാണ് നിരക്ക്. മുംബൈയില്‍ നിന്നും ദുബൈയിലേക്ക് 2,000 ദിര്‍ഹമിന് മുകളിലാണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്‌സിനും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനും കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് 1,000 ദിര്‍ഹമിന് മുകളിലാണ് നിരക്ക്.