യുവ വ്യവസായിയും കെഎംസിസി നേതാവുമായ കെ.പി മുഹമ്മദിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ

കെപി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് ജിഡിആര്‍എഫ്എ ഓഫീസറില്‍ നിന്നും യുഎഇ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു

ദുബൈ: പ്രമുഖ യുവ വ്യവസായിയും കെപി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദിന് യുഎഇ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചു. കെപി ഗ്രൂപ്പിന് കീഴില്‍ കഴിഞ്ഞ 16 വര്‍ഷമായി വ്യത്യസ്ത സംരംഭങ്ങള്‍ മികച്ച നിലയില്‍ നടത്തി വരുന്ന അദ്ദേഹം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അധികൃതരില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.
ഏറ്റവും നല്ല മനുഷ്യ സ്‌നേഹികള്‍ കൂടിയാണ് യുഎഇയുടെ ഭരണാധികാരികള്‍. പ്രവാസ സമൂഹത്തെ സ്വന്തം പൗരന്മാരെ പോലെ കണക്കാക്കി അവര്‍ക്ക് മികച്ച തൊഴില്‍, സംരംഭക, വ്യാവസായിക സൗകര്യങ്ങളും പിന്തുണയും നല്‍കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നേതൃത്വത്തില്‍ ഈ നാട് എല്ലാ രംഗങ്ങളിലും ഏറ്റവും സ്തുത്യര്‍ഹ നിലയില്‍ മുന്നേറുന്നതില്‍ നാമെല്ലാം ഏറെ സന്തുഷ്ടരും കൃതാര്‍ത്ഥരുമാണെന്നും കെ.പി മുഹമ്മദ് പറഞ്ഞു. ഗോള്‍ഡന്‍ വിസ ഒരു ആദരമാണ്. ഈ നാടിന്റെ വളര്‍ച്ചയിലും പുരോഗതിയിലും പങ്കു വഹിച്ചതിനുള്ള സ്‌നേഹോപഹാരമാണിതെന്നും ഈ അംഗീകാരത്തിലേക്ക് തന്നെ നയിച്ചതില്‍ വലിയ പിന്തുണയും പ്രചോദനവും പകര്‍ന്ന പ്രിയപ്പെട്ട പിതാവ് കെ.പി കുഞ്ഞബ്ദുല്ല ഹാജി, പാര്‍കോ ഗ്രൂപ് ചെയര്‍മാനായിരുന്ന പി.എ റഹ്മാന്‍ സാഹിബ്, കെപി ഗ്രൂപ്പിലെയും പാര്‍കോ ഗ്രൂപ്പിലെയും സഹപ്രവര്‍ത്തകര്‍, ദുബൈ കെഎംസിസി-ദുബൈ സിഎച്ച് സെന്റര്‍ തുടങ്ങിയ സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരോടെല്ലാം താന്‍ നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജീവകാരുണ്യ-സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന വ്യക്തിത്വമാണ് കോഴിക്കോട് നാദാപുരം പേരോട് സ്വദേശിയായ കെ.പി മുഹമ്മദ്. പാര്‍കോ ഗ്രൂപ് ഡയറക്ടറും ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി, ദുബൈ-സിഎച്ച് സെന്റര്‍ എന്നിവയുടെ ജന.സെക്രട്ടറിയും പെക്‌സ (പേരോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍) ജന.സെക്രട്ടറിയുമാണ്. കോവിഡ്19 കൊടുമ്പിരിക്കൊണ്ട കാലയളവില്‍ കെ.പി മുഹമ്മദ് നിരവധി ആരോഗ്യ-സാമ്പത്തിക-മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടിലും യുഎഇയിലും നിര്‍വഹിച്ചിരുന്നു. കെപി ഗ്രൂപ്പിലെ പര്‍ചേസ് മാനേജരായിരുന്ന സഹീര്‍ കോവിഡ് ബാധിതനായി മരിച്ചപ്പോള്‍ അനാഥമായ ആ കുടുംബത്തെ തന്റെ ഗ്രൂപ്പിന്റെ പാര്‍ട്ണറാക്കുകയും മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുകയും ചെയ്തു കൊണ്ട് മാതൃക കാണിച്ചു കെ.പി മുഹമ്മദ്. സേവന മേഖലയിലെ അദ്ദേഹത്തിന്റെ മികവും ആത്മാര്‍ത്ഥതയും പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെപി ഗ്രൂപ്പിന് കീഴില്‍ 13 സൂപര്‍ മാര്‍ക്കറ്റുകള്‍ (കെപി മാര്‍ട്ട്), നാലു ഫോര്‍ സ്‌ക്വയര്‍ കഫേ ആന്റ് റെസ്‌റ്റോറന്റുകള്‍, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി, കെപി ചായ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജി, ഓഷ്യന്‍ ബേ ഷിപ് ചാന്‍ഡ്‌ലേലേഴ്‌സ് എല്‍എല്‍സി, ലൈഫ് ഫിറ്റ്‌നസ് ജിം ഗ്രൂപ്, മശ്ഹൂര്‍ അല്‍ മദീന സൂപര്‍ മാര്‍ക്കറ്റ് തുടങ്ങിയ ബിസിനസ് ശൃംഖലകളുണ്ട്.
നാദാപുരം പേരോട് കുഞ്ഞബ്ദുല്ല ഹാജിയുടെയും ഹലീമയുടെയും മകനാണ് കെ.പി മുഹമ്മദ്. ഭാര്യ: മുബീന മുഹമ്മദ്. മക്കള്‍: ഫാത്തിമ, ആയിഷ, ഖദീജ. സഹോദരങ്ങള്‍: കെ.പി റിയാസ്, കെ.പി ആഷിഖ് (ദുബൈ), കെ.പി ഷമീന.