അര്‍ഹതപ്പെട്ടവരെ അംഗീകരിക്കണം

ആരാധനക്ക് അര്‍ഹനായ സര്‍വശക്തനായ അല്ലാഹുവാണ് സകല സല്‍ഗുണങ്ങള്‍ക്കും ശ്രേഷ്ഠതകള്‍ക്കുമുടയവന്‍. എല്ലാ വിധ ഔദാര്യങ്ങളും അവനില്‍ നിന്നുള്ളതാണ്. ജീവന്‍ നല്‍കിയതും ജീവിതോപാധികള്‍ സാധ്യമാക്കിയതും അവന്‍ തന്നെ. ആകാശ-ഭൂമികള്‍ അടങ്കലുള്ള പ്രപഞ്ചത്തെ വിധാനിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, നമ്മെ സത്യവിശ്വാസികളാക്കി അനുഗ്രഹിക്കുകയും ചെയ്തു. പ്രത്യക്ഷത്തിലും അല്ലാതെയും അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു. ”അവന്‍ മനുഷ്യരോട് ഔദാര്യവാനാണ്” (സൂറത്തുല്‍ ബഖറ 243). ”മഹത്തായ ഉദാരനത്രെ അല്ലാഹു” (സൂറത്തു ആലു ഇംറാന്‍ 74). അവന്‍ നമുക്കേകിയ അനന്തമായ അനുഗ്രഹങ്ങളെ അംഗീകരിച്ചു കൊണ്ട് അവന്റെ ദൈവാസ്തിക്യം മാനിക്കല്‍ മനുഷ്യന്റെ അടിസ്ഥാന ബാധ്യതയാണ്.
കണ്ണിമ വെട്ടും മുന്‍പായി ബല്‍ഖീസ് രാജ്ഞിയുടെ സിംഹാസനം വമ്പന്‍ ജിന്ന് തന്റെ മുമ്പിലെത്തിച്ചപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ വാഴ്ത്തി പറയുകയായിരുന്നു സുലൈമാന്‍ നബി (അ). അക്കാര്യം സൂറത്തുന്നംലില്‍ വിവരിക്കുന്നുണ്ട്. അല്ലാഹു സര്‍വ അനുഗ്രഹങ്ങളുടെയും ഐശ്വര്യങ്ങളുടെയും അര്‍ഹനെന്ന് നബി (സ്വ) പ്രാര്‍ത്ഥനകളില്‍ വാഴ്ത്തി പറഞ്ഞിട്ടുണ്ട് (ഹദീസ് നസാഈ 1339). ഓരോ അര്‍ഹതകളെയും മാനിക്കാനും അര്‍ഹരെ ബഹുമാനിക്കാനും അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്. പ്രഥമമായി നാം അല്ലാഹുവിനെയും തിരുദൂതര്‍ നബി(സ്വ)യെയുമാണ് മാനിക്കേണ്ടത്.
ജീവിത ബന്ധങ്ങളില്‍ മനുഷ്യര്‍ ആദ്യമായി മാനിക്കേണ്ടത് മാതൃത്വത്തെയും പിതൃത്വത്തെയുമാണ്. മാതാപിതാക്കളാണല്ലോ ജീവിത വഴിയിലെ രക്ഷിതാക്കള്‍. ഇബ്രാഹിം നബി (അ) മാതാപിതാക്കള്‍ക്ക് പാപമോക്ഷമേകാന്‍ നാഥനോട് പ്രാര്‍ത്ഥിക്കുന്നത് ഖുര്‍ആനിലുണ്ട് (സൂറത്തു ഇബ്രാഹിം 41). യൂസുഫ് നബി(അ)യുടെ സ്ഥാനവും മാനവും സഹോദരങ്ങള്‍ അംഗീകരിക്കുന്നതും ചരിത്രത്തില്‍ കാണാം. അവര്‍ യൂസുഫ് നബി(അ)യോട് പറയുകയുണ്ടായി: അല്ലാഹു തന്നെ ശപഥം, അവന്‍ താങ്കളെ ഞങ്ങളെക്കാള്‍ ഉത്കൃഷ്ടനാക്കിയിരിക്കുന്നു (സൂറത്തു യൂസുഫ് 91).
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പരസ്പരം ബഹുമാനിക്കുമ്പോഴാണ് ദാമ്പത്യം സ്‌നേഹപൂര്‍ണമാകുന്നതും കുടുംബം സന്തുഷടമാകുന്നതും. നബി (സ്വ) പ്രിയ പത്‌നി ഖദീജ(റ)യെ ഇടക്കിടെ വാഴ്ത്തിപ്പറയുമായിരുന്നു. ഭാര്യയുടെ ഉദാര മനസ്‌കതയയും സ്വഭാവ മഹിമയും എടുത്തു പറയുമായിരുന്നു: ഏവരും എന്നെ അവിശ്വസിച്ചപ്പോള്‍ ഖദീജയാണ് വിശ്വസിച്ചത്, ജനം ബഹിഷ്‌കരിച്ചപ്പോള്‍ ഖദീജയാണ് ധനം വിനിയോഗിച്ചത് (ഹദീസ് അഹ്മദ് 24864). സതീര്‍ത്ഥ്യരെയും സുഹൃത്തുക്കളെയും മാനിക്കണം. ദൈവ ഭയഭക്തിയാണ് അവരോടുള്ള ബഹുമാനത്തിന്റെ മാനദണ്ഡം. അബൂബക്കര്‍ സിദ്ദീഖ് (റ) ആയിരുന്നു നബി(സ്വ)യുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. ആ സഹവാസത്തെയും സൗഹൃദത്തെയും നബി (സ്വ) ഏറെ പ്രകീര്‍ത്തിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിട്ടുണ്ട് (ഹദീസ് മുസ്‌ലിം 2382).
നന്മ ചെയ്തവരെയും സാമൂഹിക സേവനം നടത്തിയവരെയും മാനിക്കലും ബഹുമാനിക്കലും മനുഷ്യന്റെ കടപ്പാടാണ്. മൂസാ നബി (അ) ശുഐബ് നബി (അ)യുടെ മക്കള്‍ക്ക് വെള്ളം കോരാന്‍ സഹായിച്ച കാര്യം അതിലൊരു മകള്‍ പിതാവിനോട് വിവരിച്ചത് രണ്ടു വിശേഷ ഗുണങ്ങള്‍ മാനിച്ചു കൊണ്ടാണ്. ”ബാപ്പാ, ഇദ്ദേഹത്തെ നിങ്ങള്‍ കൂലിക്കാരനായി നിശ്ചയിച്ചോളൂ. താങ്കള്‍ കൂലിക്കാരനായി നിശ്ചയിക്കുന്നവരില്‍ ഉദാത്തന്‍ ശക്തനും വിശ്വസ്തനുമായവനത്രെ” (സൂറത്തു ഖസ്വസ് 26).
യുഎഇ എല്ലാ രംഗത്തും നേട്ടങ്ങള്‍ നേടി വേറിട്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെ നിസ്തുലമായ സേവനങ്ങളെയും മികവുകളെയും അംഗീകരിക്കാനും മാനിക്കാനും ഈ മണ്ണില്‍ വസിക്കുന്ന ഓരോര്‍ത്തരും കടപ്പെട്ടിരിക്കുന്നു.