ഹിജ്‌റയിലെ പാഠങ്ങള്‍

ഏവര്‍ക്കും പുതു ഹിജ്‌റാ വത്സരാശംസകള്‍ നേരുന്നു. പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ ഹിജ്‌റ കേവലം പലായനമല്ല. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഒളിച്ചോട്ടവുമല്ല. മാനവ രാശിക്ക് ഹിജ്‌റാ സംഭവത്തില്‍ നിന്ന് ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. മാനുഷികവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ പകരുന്നതാണ് ഹിജ്‌റ. ദൃഢമായ ദൈവ വിശ്വസം, വിശ്വാസ്യത, സഹിഷ്ണുത എന്നിവ ഹിജ്‌റ സംഭവത്തില്‍ നിന്ന് സ്പഷ്ടമായും ഗ്രഹിക്കാവുന്ന സ്വഭാവ ഗുണങ്ങളാണ്.
നബി(സ്വ)യും അബൂബക്കര്‍ സിദ്ദീഖും (റ) അക്രമോത്സുകരായി വന്ന ശത്രുപ്പടയില്‍ നിന്ന് രക്ഷ തേടി പുറപ്പെട്ടു. അഭയം പ്രാപിച്ചിടത്തിന് മുകളിലായി അവരുടെ പാദങ്ങള്‍ കണ്ട് അവരുടെ ദൃശ്യതയില്‍ പെടുമോയെന്ന് ആശങ്കപ്പെട്ട അബൂബക്കറി(റ)നോട് നബി (സ്വ) കൂടെ രക്ഷകനായി അല്ലാഹുവുണ്ടെന്ന് പറയുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്‌ലിം). അചലഞ്ചമായ ദൈവ വിശ്വാസത്തിന്റെ മകുടോദാഹരണമാണത്.
നബി (സ്വ) ഹിജ്‌റ പുറപ്പെടുന്നതിന് മുന്‍പായി മക്കക്കാരുടെ സൂക്ഷിപ്പു വസ്തുവകളെല്ലാം അവകാശികള്‍ക്ക് ഏല്‍പ്പിക്കാന്‍ അലി(റ)നെ ഏല്‍പ്പിക്കുന്നുണ്ട്. വിശ്വസിച്ചേല്‍പ്പിച്ചതെല്ലാം അതിന്റെ ഉടമകള്‍ക്ക് തിരിച്ചേല്‍പ്പിക്കല്‍ ബാധ്യതയാണെന്നും അപ്രകാരം അല്ലാഹു കല്‍പ്പിച്ചിരിക്കുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ് (സൂറത്തുന്നിസാഅ് 58). തിരിച്ചേല്‍പ്പിക്കുന്നതില്‍ വിവേചനമരുത്. അവരുടെ മതവും വിശ്വാസവും ആദര്‍ശവും നോക്കണ്ടതില്ല. വിശ്വാസ്യത, കരാര്‍ പാലനം, കുടുംബ ബന്ധം ചേര്‍ക്കല്‍ എന്നീ മൂന്നു കാര്യങ്ങള്‍ ഏത് വിധേനയുള്ളവരോടും വെച്ചു പുലര്‍ത്തണമെന്നാണ് പണ്ഡിതാഭിപ്രായം.
അമുസ്‌ലിംകളോട് സഹിഷ്ണുവായിരിക്കണമെന്ന സന്ദേശവും ഹിജ്‌റ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് നബി(സ്വ)യും അബൂബക്കറും (റ) ഹിജ്‌റയില്‍ വഴി കാണിക്കാനായി വിശ്വസ്തനും ബുദ്ധിമതിയുമായ അബ്ദുല്ലാഹി ബ്‌നു ഉറൈകിത്വിനെ തെരഞ്ഞെടുത്തത്. അദ്ദേഹം മുസ്‌ലിമായിരുന്നില്ല.
ഹിജ്‌റ ചെയ്‌തെത്തിയ നബി (സ്വ) മദീനയുടെ മണ്ണിലും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും വിത്തുകളാണ് പാകിയത്. രക്ഷക്കായി പ്രാര്‍ത്ഥിക്കുന്ന സലാം ചൊല്ലല്‍ വ്യാപകമായി നിലനിര്‍ത്തണമെന്നാണ് അവര്‍ക്കാദ്യമായി പഠിപ്പിച്ചത് (ഹദീസ് തുര്‍മുദി 2485, ഇബ്‌നു മാജ 1334). അങ്ങനെ, ആ ജനതയുടെ ഹൃദയങ്ങള്‍ പരസ്പരം ഇണക്കിയെന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിച്ചത് (സൂറത്തുല്‍ അന്‍ഫാല്‍ 63). മദീനാ സമൂഹം ഒരൊറ്റ കെട്ടിടം കണക്കെ സുശക്തരും സുഭദ്രരുമായിരുന്നു. അങ്ങനെയാവാനാണ് നബി (സ്വ) പഠിപ്പിച്ചത്. സത്യവിശ്വാസിയുടെ നാവില്‍ നിന്നും കൈയില്‍ നിന്നും ആര്‍ക്കും ബുദ്ധിമുട്ടേല്‍ക്കുകയില്ല, മുഹാജിറെന്നാല്‍ ദൈവ വിരോധങ്ങളെ ഒഴിവാക്കിയവരാണ് (ഹദീസ് ബുഖാരി, മുസ്‌ലിം).