ലുലുവിന്റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അജ്മാനില്‍ തുറന്നു

56
ലുലു ഗ്രൂപ്പിന്റെ 212ാമത് ഔട്‌ലെറ്റ് അജ്മാനില്‍ ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അജ്മാന്‍ കസ്റ്റംസ്, തുറമുഖ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ നുഐമി ഉദ്ഘാടനം ചെയ്യുന്നു

അജ്മാന്‍: ലുലു ഗ്രൂപ്പിന്റെ 212ാമത് ഔട്‌ലെറ്റ് അജ്മാനില്‍ ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അജ്മാന്‍ കസ്റ്റംസ്, തുറമുഖ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. രണ്ടു നിലകളിലായി 70,000 ചതുരശ്രയടിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തിരക്കേറിയ നുഐമിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അജ്മാനിലെ മൂന്നാമത്തെ ലുലു ഹൈപര്‍ മാര്‍ക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഐറ്റംസ്, ഹോട്ട് ഫുഡ്, ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍ പ്രൊഡക്റ്റ്‌സ് തുടങ്ങി വിപുലമായ ഉത്പന്ന നിര ഇവിടെയും ഒരുക്കിയിട്ടുണ്ട്.
50 വര്‍ഷത്തെ പുരോഗതിയുമായി മുന്നോട്ടു കുതിക്കുന്ന യുഎഇ ജനതക്ക് ലുലു ഗ്രൂപ് നല്‍കുന്ന പ്രതിജ്ഞാബദ്ധതയുള്ള അവസരമാണ് ഈ ഹൈപര്‍ മാര്‍ക്കറ്റെന്ന് എം.എ യൂസഫലി സൂചിപ്പിച്ചു.

മഹാമാരിയുടെ ഘട്ടത്തിലും ജനങ്ങളുടെ ആവശ്യം അറിഞ്ഞു കൊണ്ട് തദ്ദേശവാസികള്‍ക്ക് ഷോപ്പിംഗിന്റെ പുതിയ മികച്ച സൗകര്യം ഒരുക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലുലു ഗ്രൂപ് നിര്‍വഹിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. കൂടുതല്‍ ഔട്‌ലെറ്റുകളുമായി ലുലു ഗ്രൂപ് മുന്നോട്ടു പോകുമെന്നും വിവിധ സ്ഥലങ്ങളില്‍ വൈവിധ്യ നിക്ഷേപങ്ങള്‍ തുടരുമെന്നും യൂസഫലി വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിന് ശേഷം ഔട്‌ലെറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം ആദ്യമായി എം.എ യൂസഫലി നേരിട്ട് പങ്കെടുത്ത ചടങ്ങ് എന്ന രീതിയില്‍ ഇത് പ്രത്യേക ശ്രദ്ധയും പിടിച്ചു പറ്റി.
ഡിലോയിറ്റിന്റെ 2021 റിപ്പോര്‍ട്ടില്‍ ആഗോളാടിസ്ഥാനത്തില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇടം പിടിച്ച ഏക റീടെയ്ല്‍ നെറ്റ്‌വര്‍ക്കാണ് ലുലു. കഴിഞ്ഞ ദിവസം ദുബൈയില്‍ റീടെയ്ല്‍ മീ അവാര്‍ഡ്‌സില്‍ റീടെയ്ല്‍ ഐകണ്‍ ലെജന്റായി എം.എ യൂസഫലിയും റീടെയ്ല്‍ ഐകണ്‍ ആയി ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലിയും പുരസ്‌കാരം സ്വീകരിച്ചിരുന്നു.