ഡെല്‍ഹി ഹംദര്‍ദ് യൂനിവേഴ്‌സിറ്റിക്ക് ദുബൈയില്‍ പ്രവേശന കേന്ദ്രം

മില്ലേനിയം എജുകേഷനല്‍ സര്‍വീസസ് ആഭിമുഖ്യത്തിലുള്ള കോഴ്‌സുകളെ കുറിച്ച് എംഡി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു. ചെയര്‍പേഴ്‌സണ്‍ മുനാ സുല്‍ത്താന്‍ അല്‍സുവൈദി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാസിം ഈനോളി സമീപം

എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം

ദുബൈ: ഡെല്‍ഹി ഹംദര്‍ദ് യൂനിവേഴ്‌സിറ്റിക്ക് ദുബൈയില്‍ പ്രവേശന കേന്ദ്രം തുറക്കുന്നു. യൂനിവേഴ്‌സിറ്റിയുടെ കോഴ്‌സുകളിലേക്ക് എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാന്‍ സൗകര്യം ഒരുക്കാനുള്ള സംവിധാനമാണ് ഇതെന്ന് മില്ലേനിയം എജുക്കേഷന്‍ സര്‍വീസസ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ജാമിഅ ഹംദര്‍ദ് സര്‍വകലാശാലയിലെ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് വരെ പ്രവേശനം നല്‍കാനുള്ള സൗകര്യമാണ് യുഎഇയില്‍ ആരംഭിക്കുന്നതെന്ന് മില്ലേനിയം എജുക്കേഷന്‍ സര്‍വീസസ് എംഡി സിദ്ദീഖ് ഹില്‍സ് പറഞ്ഞു. ഇതിനായി ഹംദര്‍ദ് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ഡെല്‍ഹിയിലെ കാമ്പസിലായിരിക്കും.
ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയുടെ നൂറില്‍ പരം കോഴ്‌സുകളില്‍ 12 ശതമാനത്തോളം സീറ്റുകള്‍ എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതിലേക്ക് പ്രവേശനത്തിനാവശ്യമായ കൗണ്‍സലിംഗ് അടക്കമുള്ള സൗകര്യം കേന്ദ്രം നല്‍കും. പിഎച്ച്.ഡി കോഴ്‌സുകള്‍ക്ക് വരെ ഇത്തരത്തില്‍ പ്രവേശനം നേടുകയും ഡെല്‍ഹിയിലെ കാമ്പസില്‍ പഠനം നടത്തുകയും ചെയ്യാം. ഇതിന് പുറമെ, മറ്റ് സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും ദുബൈ നോളജ് പാര്‍ക്കിലെ സ്ഥാപനം ലഭ്യമാക്കും. സിജിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി പരീക്ഷ നടത്താനും കോഴ്‌സ് തെരഞ്ഞെടുക്കാനും അഡ്മിഷന്‍ കേന്ദ്രം വഴിയൊരുക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ദുബൈയില്‍ മികവുറ്റ വിദ്യാഭ്യാസ കോഴ്‌സുകളും സ്‌കീമുകളും ലഭ്യമാക്കാനാണ് മില്ലേനിയം എജുകേഷനല്‍ സര്‍വീസസ് രൂപീകരിച്ചതെന്നും ഓണ്‍ലൈന്‍, കോണ്‍ടാക്റ്റ് ക്‌ളാസുകളാണ് നടത്തുകയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. 10, 12 ക്‌ളാസുകള്‍, ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും വരെയുള്ള ക്‌ളാസുകളാണ് നല്‍കുന്നത്. ഡബ്‌ള്യുഇഎസ്, യുജിസി അംഗീകാരമുള്ളതും ‘നാക്’ എ ഗ്രേഡ് സര്‍ട്ടിഫൈഡുമായ, യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ ഡിഗ്രി, പി.ജി ഡിഗ്രി പ്രോഗ്രാമുകളില്‍ എംഇഎസ് മികച്ച ഓണ്‍ലൈന്‍ ബിരുദ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. പരിമിത സീറ്റുകളില്‍ മള്‍ട്ടി സ്ട്രീം കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നു. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായുള്ള എന്‍ആര്‍ഐ കൗണ്‍സലിംഗ് സഹായ കേന്ദ്രം തുടങ്ങുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രവേശനവും കൗണ്‍സലിംഗും അക്കാദമിക് സ്ഥാപനങ്ങളെ കുറിച്ചുള്ള വിദഗ്‌ധോപദേശവും ലഭ്യമാക്കുന്നുണ്ട്.
‘കോവിഡിന് ശേഷം മികച്ച തൊഴിലും വിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുമെന്നും കരിയര്‍ രംഗത്തെ പ്രഗല്‍ഭര്‍ നയിക്കുന്ന ക്‌ളാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 056 2733519 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു. ചെയര്‍പേഴ്‌സണ്‍ മുനാ സുല്‍ത്താന്‍ മുഹമ്മദ് റഖീത്ത് അല്‍ സുവൈദി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാസിം ഇനോളി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.