നീരജ് ചോപ്രയുടെ സുവര്‍ണ നേട്ടം അഭിമാനകരം: ഡോ. അന്‍വര്‍ അമീന്‍

ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്

ദുബൈ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്‍ഡ്യയുടെ നീരജ് ചോപ്ര അത്‌ലറ്റിക്‌സില്‍ നേടിയ സ്വര്‍ണം ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണെന്ന് കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് പ്രസ്താവനയില്‍ പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്‍ഡ്യ നേടിയ ഈ സ്വര്‍ണം ഏറ്റവും മികച്ച നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഡ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ കോര്‍ കമ്മിറ്റി അംഗമെന്ന നിലയില്‍, തീര്‍ച്ചയായും ഈ ചരിത്ര നേട്ടം ഇന്‍ഡ്യയിലെ വിവിധ അത്‌ലറ്റിക്‌സ് അസോസിയഷനുകളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതായിരിക്കുമെന്ന് കരുതുന്നു. ആവേശവും ഊര്‍ജ്ജവും പകരുന്നതുമായിരിക്കും.
അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് വലിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാനാകുന്ന തരത്തിലുള്ള മികച്ച ഒരു കാല്‍വെപ്പ് നടത്താന്‍ ഈ വിജയം സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
വളര്‍ന്ന് വരുന്ന അത്‌ലറ്റിക്‌സുകളെ സംബന്ധിടത്തോളം ഈ വിജയം പുത്തനുണര്‍വ് പകരുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ അത്‌ലറ്റിക്‌സ് അസോസിയേഷനുകള്‍ക്ക് പ്രത്യേകമായ പ്രവര്‍ത്തന പദ്ധതി തയാറാക്കുന്നതില്‍ ഈ വിജയം ഒരു ശക്തമായ പ്രചോദനമായി മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.ടി ഉഷ ലോസ് ഏഞ്ചലസില്‍ നടത്തിയ പ്രകടനത്തോടെ തന്നെ നമ്മുടെ കായിക മേഖലയില്‍, വിശേഷിച്ചും അത്‌ലറ്റിക്‌സില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ അതിനു കഴിഞ്ഞിട്ടില്ല. അസാധാരണമായ ഒരു വിജയം എത്തിപ്പിടിച്ച ഈ ഘട്ടത്തിലെങ്കിലും അത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് പദ്ധതികള്‍ രൂപികരിക്കുന്നതിലേക്ക് ഇതൊരു നിര്‍ണായകമായ വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.