നൂറുല്‍ ഖുര്‍ആന്‍ വൈജ്ഞാനിക സംഗമം: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

184
നൂറുല്‍ ഖുര്‍ആന്‍ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമത്തിന്റെ പ്രചാരണോദ്ഘാടനം അബ്ദുസ്സലാം ആലപ്പുഴ നിര്‍വഹിക്കുന്നു

ദുബൈ: നൂറുല്‍ ഖുര്‍ആന്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അബ്ദുസ്സലാം ആലപ്പുഴ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. ഓഗസ്ത് 27ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി (റിയാദ്), കുഞ്ഞാലി മദനി തുടങ്ങിയ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ക്ക് പുറമെ, ഖുര്‍ആന്‍ പഠിതാക്കളുടെ അനുഭവ വിവരണം, നൂറുല്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം തുടങ്ങിയ സെഷനുകളും നടക്കുന്നതാണ്.
ഖുര്‍ആന്‍ പഠനം ജനകീയമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യു എഇയിലെ മുഴുവന്‍ എമിറേറ്റുകളിലും നടക്കുന്ന വിവിധ പഠന ക്‌ളാസുകളിലെ പഠിതാക്കളുടെ വിപുലമായ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.
സംഗമത്തിന്റെ വിജയത്തിനായി ഹുസൈന്‍ സലഫി ചെയര്‍മാനും ശംസുദ്ദീന്‍ ഹൈദര്‍ ജന.കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. മുഹമ്മദ് യാസിര്‍ (കണ്‍.), ഷാനവാസ്, ഷമീം ഇസ്മായില്‍ (പബ്‌ളിസിറ്റി), സലാഹുദ്ദീന്‍, ഇഖ്ബാല്‍ ഷാര്‍ജ (രജിസ്‌ട്രേഷന്‍), അഷ്‌റഫ് പുതുശ്ശരി, അബ്ദുല്‍ സമദ് മേപ്പയൂര്‍ (പ്രോഗ്രാം) എന്നിവരും അംഗങ്ങളാണ്.