വിജ്ഞാന വര്‍ധന നല്‍കണേ നാഥാ

16

വിജ്ഞാനമാണ് മനുഷ്യനെ മനുഷനാക്കുന്നത്. മനുഷ്യന് അല്ലാഹു വിജ്ഞാനീയങ്ങള്‍ പഠിപ്പിച്ചതാണെന്ന് ഖുര്‍ആനിലെ ആദ്യ അവതരണമായ സൂറത്തുല്‍ അലഖിലെ ഇഖ്‌റഇന്റെ തുടര്‍ച്ചയില്‍ വിശദീകരിച്ചിട്ടുണ്ട്: തൂലിക കൊണ്ട് അഭ്യസിപ്പിച്ച അത്യുദാരനത്രെ അല്ലാഹു, തനിക്കറിവില്ലാത്തത് മനുഷ്യനെ അവന്‍ പഠിപ്പിച്ചു. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) മനുഷ്യന് നേര്‍മാര്‍ഗം പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണ് അവതരിച്ചത് (സൂറത്തു ത്വാഹാ 98). മനുഷ്യനായാല്‍ വിജ്ഞാനമുള്ളവനായിരിക്കും. എന്നാല്‍, ഉപകാരപ്രദമായ വിജ്ഞാനമാണ് കരഗതമാക്കേണ്ടത്. സൂറത്തു ത്വാഹായില്‍ പരാമര്‍ശിക്കപ്പെട്ട പ്രകാരം വിജ്ഞാന വര്‍ധനക്ക് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും വേണം.
യുഎഇയിലെ സ്‌കുളുകളും സര്‍വകലാശാലകളും പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. മുത്തുമണികളായ വിദ്യാര്‍ത്ഥി മക്കള്‍ക്ക് ഉപകാരപ്രദമായ വിജ്ഞാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പഠിക്കാന്‍ സാധ്യമാവട്ടെയെന്ന് ആശംസിക്കാം.
വിജ്ഞാനത്തിന്റെ മഹത്വം നിര്‍വചനീയമല്ല. ജ്ഞാനികള്‍ക്ക് അല്ലാഹുവിങ്കല്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. അല്ലാഹുവിനെ സതുതി പാടുന്നിടങ്ങളില്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍ വിചിന്തനം നടത്താനും ജ്ഞാനങ്ങള്‍ നേടാനുമുള്ള ആഹ്വാനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ”എങ്ങനെയാണ് ഒട്ടകം സൃഷ്ടിക്കപ്പെട്ടതെന്നും ആകാശം ഉയര്‍ത്തപ്പെട്ടതെന്നും പര്‍വതങ്ങള്‍ പൊക്കി നിര്‍ത്തപ്പെട്ടതെന്നും ഭൂമി പ്രവിശാലമാക്കപ്പെട്ടതെന്നും നിഷേധികള്‍ ചിന്തിച്ചു നോക്കുന്നില്ലേ” (സൂറത്തുല്‍ ഗാശിയ 17, 18, 19, 20).
ഉപകാരപ്രദമായ വിജ്ഞാനങ്ങള്‍ വ്യാപിക്കുമ്പോഴാണ് സംസ്‌കാരങ്ങള്‍ വളരുന്നതും ഭൂമി സംസ്‌കാര സമ്പന്നമാകുന്നതും. അധ്യാപനം മഹത്തായ ദൗത്യമാണ്. മനുഷ്യനുള്ള പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ച അധ്യാപകന്‍ അല്ലാഹു തന്നെയാണ്. ആദം നബി (അ)യുടെ സൃഷ്ടി കര്‍മത്തിന് ശേഷം കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് ഖുര്‍ആനില്‍ കാണാം: ആദം നബിക്ക് അല്ലാഹു സകല വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിക്കുകയുണ്ടായി (സൂറത്തുല്‍ ബഖറ 31). പ്രവാചകന്മാരൊക്കെയും അതത് സമൂഹത്തിന്റെ അധ്യാപകന്മാരായിരുന്നു. അല്ലാഹു പറയുന്നുണ്ട്: സ്വന്തത്തില്‍ നിന്നു തന്നെ ഒരു പ്രവാചകനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണ് അവര്‍ക്ക് അല്ലാഹു ചെയ്തത്. അവര്‍ക്ക് അവിടെ നിന്ന് അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുകയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു അവര്‍ (സൂറത്തു ആലു ഇംറാന്‍ 164).
ഈ ഉദ്യമത്തിന്റെ തുടര്‍ച്ചക്കാരാണ് പണ്ഡിതന്മാരും ടീച്ചര്‍മാരും. അധ്യാപനങ്ങളിലൂടെ സമൂഹത്തെയും നാടിനെയും സമുദ്ധരിക്കുകയാണ് അവര്‍. ജ്ഞാനികളുടെ പദവികള്‍ അല്ലാഹു ഉയര്‍ത്തുക തന്നെ ചെയ്യും. ”സത്യവിശ്വാസം വരിച്ചവരെയും അറിവു നല്‍കപ്പെട്ടവരെയും അല്ലാഹു ഏറെ പദവികള്‍ ഉയര്‍ത്തുന്നതാണ്” (സൂറത്തുല്‍ മുജാദില 11). അവര്‍ക്ക് വേണ്ടി ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും പ്രാര്‍ത്ഥിക്കുകയും ചെയ്യുമത്രെ. നബി (സ്വ) പറയുന്നു: നിശ്ചയം, അല്ലാഹുവും മലക്കുകളും എന്നല്ല ആകാശ-ഭൂമി ലോകങ്ങളിലുള്ളവരും മാളത്തിലുള്ള ഉറുമ്പും മീനുകളും വരെ ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന് വേണ്ടി അവര്‍ക്ക് യോജിച്ച രീതിയിലുള്ള സ്വലാത്ത് (പ്രാര്‍ത്ഥന) ചെയ്യുന്നതാണ് (ഹദീസ് തുര്‍മുദി 2685). വിജ്ഞാന വഴിയില്‍ പ്രവേശിച്ചവന് അല്ലാഹു സ്വര്‍ഗത്തിലേക്കുള്ള പാത വെട്ടിത്തെളിച്ചു കൊടുക്കുന്നതുമാണ് (ഹദീസ് അബൂദാവൂദ് 3641, തുര്‍മുദി 2646).