എം.പി വിന്‍സെന്റിന് ‘രാജീവ് ഗാന്ധി പ്രവാസി കര്‍മ’ പുരസ്‌കാരം

ദുബൈ: വാക്‌സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക, കോവിഡ്19 മൂലം വിദേശത്ത് മരിച്ചവരെ സര്‍ക്കാറിന്റെ ധനസഹായ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ച തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ എം.പി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ നടത്തിയ പ്രവാസി രക്ഷാ യാത്ര കേരളത്തിനകത്തും പുറത്തും സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ ശ്രദ്ധയിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ഭാഗമായി 20 രാജ്യങ്ങളിലെ തൃശ്ശൂര്‍ ഇന്‍കാസ്, ഒഐസിസി, ഐഒസി കമ്മിറ്റികള്‍ സൂം പ്‌ളാറ്റ്‌ഫോമില്‍ പ്രതീകാത്മകമായി സമരത്തിന് പിന്തുണ നല്‍കി. ആദ്യമായി ഗ്‌ളോബല്‍ വെര്‍ച്വല്‍ മീറ്റ് നടത്തിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് തൃശ്ശൂര്‍. ഇതിന് നേതൃതും നല്‍കിയത് എം.പി വിന്‍സെന്റായിരുന്നു. മറ്റൊരു ഡിസിസിക്കും അവകാശപ്പെടാനില്ലാത്ത വിധം പ്രവാസി വിഷയങ്ങളില്‍ എപ്പോഴും ക്രിയാത്മകമായി ഇടപെട്ട തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് വിന്‍സെന്റിനെ തൃശ്ശൂര്‍ ഗ്‌ളോബല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്കു വേണ്ടി ആദരിക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. അതനുസരിച്ച് ‘രാജീവ് ഗാന്ധി പ്രവാസി കര്‍മ’ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ യുഎഇ സന്ദര്‍ശന വേളയില്‍ പുരസ്‌കാരവും ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും കൈമാറുമെന്ന് ചെയര്‍മാന്‍ എന്‍.പി രാമചന്ദ്രന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സുരേഷ് ശങ്കര്‍, ജന.കണ്‍വീനര്‍ കെ.എം അബ്ദുല്‍ മനാഫ് എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു. പ്രവാസികള്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന തൃശ്ശൂര്‍ എംപി ടി.എന്‍ പ്രതാപന്‍, ഡിസിസി ജന.സെക്രട്ടറിമാരായ രവി ജോസ് താണിക്കല്‍, സജി പോള്‍, മറ്റു പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നിവരെ പ്രത്യേകം സ്മരിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.