ജോയ് ആലുക്കാസിന് റീടെയില്‍ മീ ഐകോണ്‍സ് അവാര്‍ഡ്

ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന് റീടെയില്‍ മീ ഐകോണ്‍സ് അവാര്‍ഡ് ഡിടിസിഎം സിഇഒ ലൈലാ മുഹമ്മദ് സുഹൈല്‍ സമ്മാനിക്കുന്നു. ജോയ് ആലുക്കാസ് ജ്വല്ലറി ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ജോണ്‍ പോള്‍ സമീപം

ദുബൈ: ജോയ് ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന് മെനാ (മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക) മേഖലയിലെ റീടെയില്‍ ബിസിനസ് രംഗത്തെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി റീടെയില്‍ മീ ഐകോണ്‍സ് അവാര്‍ഡ് സമ്മാനിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് ഡിടിസിഎം അലയന്‍സ് ആന്റ് പാര്‍ട്ണര്‍ഷിപ് സിഇഒ ലൈലാ മുഹമ്മദ് സുഹൈലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ജോയ് ആലുക്കാസ് ജ്വല്ലറി ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ജോണ്‍ പോള്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
റീടെയില്‍ ബിസിനസ് ബ്രാന്‍ഡുകള്‍ക്ക് മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന ഈ മേഖലയിലെ പ്രമുഖ മാധ്യമ സഥാപനത്തില്‍ നിന്നുള്ള ഈ പുരസ്‌കാരം ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറിക്ക് ലഭിക്കുന്ന മറ്റൊരു അംഗീകാരമാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച ജോയ് ആലുക്കാസ് പറഞ്ഞു. ”ഞങ്ങളുടെ ബിസിനസ് മികച്ചതാക്കാന്‍ ഞങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇത്തരം അവാര്‍ഡുകള്‍. ഈ മഹത്തായ ബഹുമതി ഞങ്ങള്‍ക്ക് ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. തെരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ പുലര്‍ത്തിയ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍, ലഭിച്ച നാമനിര്‍ദേശങ്ങള്‍, ജൂറി സ്‌കോറിംഗ്, എഡിറ്റോറിയല്‍ തെരഞ്ഞെടുപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്” -ജോയ് ആലുക്കാസ് വ്യക്തമാക്കി.
അവാര്‍ഡ് സംഘാടകരില്‍ നിന്നുള്ള ഒരു കുറിപ്പനുസരിച്ച്, ഈ അവാര്‍ഡ് നേടിയ റീടെയില്‍ വ്യാപാരികളെല്ലാം തന്നെ പുതുമയുള്ള ആശയങ്ങളെ പ്രാവര്‍ത്തികമാക്കുകയും, മികച്ച നേതൃപാടവം പ്രകടിപ്പിച്ചതിനൊപ്പം അവരുടെ പാരമ്പര്യം തെളിയിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ വിപുലീകരിക്കുകയും ചെയ്തുവെന്നത് വ്യക്തമാണ്. ഈ മേഖലയിലെ മുന്‍നിര റീടെയിലര്‍മാര്‍ ആരാണെന്ന് ലോകത്തെ അറിയിക്കുക എന്നതാണ് ഈ അവാര്‍ഡിലൂടെ സംഘാടകര്‍ ലക്ഷ്യമിട്ടത്. സംഘാടകരുടെ അഭിപ്രായത്തില്‍, ഒരു മുന്‍നിര ബ്രാന്‍ഡ് എന്നത് എപ്പോഴും പുതുമകള്‍ പര്യവേക്ഷണം ചെയ്യാനും അതിരുകള്‍ക്കപ്പുറത്തേക്ക് സധൈര്യം മുന്നേറി പുത്തന്‍ സാധ്യതകള്‍ക്ക് അടിത്തറ പാകാന്‍ പ്രാപ്തിയുള്ളവരുമാണ്. ഈ വിഭാഗതതില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിനുള്ള പുരസ്‌കാരമാണ് ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാനെ തേടിയെത്തിയിരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത റീടെയില്‍ അനുഭവം സമ്മാനിക്കാന്‍ തങ്ങള്‍ എപ്പോഴും പരിശ്രമിക്കുന്നുവെന്നും ഈ അവാര്‍ഡ് തങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ എല്ലാ റീടെയില്‍ ഷോറൂമുകളും ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കാന്‍ കഴിയുന്ന രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിശാലമായ സ്വര്‍ണ, വജ്രാഭരണ ശേഖരങ്ങള്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കുന്നു. ഇത് കേവലമായ സംതൃപ്തിക്കപ്പുറമുള്ള ഒരു അനുഭവം ഉപയോക്താവിന് സമ്മാനിക്കുന്നുവെന്നും ജോയ് ആലുക്കാസ് കൂട്ടിച്ചേര്‍ത്തു. പ്രിയ ഉപയോക്താക്കളോടും, ബിസിനസ്സ് പങ്കാളികളോടും, മുഴുവന്‍ ടീമിനോടും ഈ അംഗീകാര നേട്ടത്തില്‍ കടപ്പെട്ടിരിക്കുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.