ശിഹാബ് തങ്ങള്‍ മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച നേതാവ്: രാങ്ങാട്ടൂര്‍

കുവൈത്ത് സിറ്റി: മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തിന്റെ മണ്ണില്‍ ശാന്തിയും സമാധാനവും സര്‍വോപരി പരസ്പര സൗഹാര്‍ദവും നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം ലീഗ് നേതാവും പ്രമുഖ പ്രഭാഷകനുമായ സിദ്ദീഖലി രാങ്ങാട്ടൂര്‍ പറഞ്ഞു. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, ചെര്‍ക്കളം അബ്ദുള്ള, ഭാഷാ സമരം’ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെഎംസിസി സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ കെ.എം.എ റഷീദ് ഭാഷാ സമര പോരാളികളെ അനുസ്മരിച്ചു. ഭാവനാ ശൂന്യമായ നിയമനിര്‍മാണം വഴി സര്‍ക്കാറിന് നേരിടേണ്ടി വന്നത് ഒരു സമുദായത്തിന്റെ തന്നെ എതിര്‍പ്പായിരുന്നുവെന്നും, ആകാശം ഇടിഞ്ഞു വീണാലും പിറകോട്ടില്ലെന്ന ദുര്‍വാശി ജീവസ്സുറ്റ ഭാഷയെ ദിനേന ഉപയോഗിക്കുകയും അതിനെ സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ വിലപ്പോവില്ലെന്ന് ഭാഷാ സമരം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്ന് കെ.എം.എ റഷീദ് പറഞ്ഞു. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജന.സെക്രട്ടറി റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി എന്നിവര്‍ ആശംസ നേര്‍ന്നു. ട്രഷറര്‍ എം.ആര്‍ നാസര്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റുമാരായ ഷഹീദ് പാട്ടിലത്ത്, ഹാരിസ് വള്ളിയോത്ത് പങ്കെടുത്തു. കെഎംസിസി സംസ്ഥാന ആക്റ്റിംഗ് ജന.സെക്രട്ടറി ടി.ടി ഷംസു സ്വാഗതവും സെക്രട്ടറി റസാഖ് അയ്യൂര്‍ നന്ദിയും പറഞ്ഞു.