നൈപുണ്യ-ജീവിത മികവുകള്‍ പ്രവാസികള്‍ ജന്മനാട്ടിലുള്ളവര്‍ക്ക് കൂടി പകരണം: അടൂര്‍

ഷാര്‍ജ: മാറുന്ന ലോക ക്രമത്തിനൊപ്പം കേരളത്തിലെ പുത്തന്‍ തലമുറയെ മൂല്യവത്താക്കാനുള്ള ദൗത്യം വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി) ഏറ്റെടുക്കണമെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളി സമൂഹത്തിന്റെ പൊതുവേദിയായ ഡബ്‌ള്യുഎംസി 25 വര്‍ഷം പിന്നിട്ട ശേഷം പുതിയ ഭരണ സമിതിയുടെ ആദ്യ നൂറു ദിന കമ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ നാട്ടില്‍ ജീവിക്കുമ്പോഴും ജന്മദേശത്തെ സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സര്‍ക്കാറിനൊപ്പം പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയില്‍, വിദേശത്ത് നിന്ന് നേടുന്ന നൈപുണ്യവും ജീവിത മികവുകളും ജന്മനാട്ടിലുള്ളവര്‍ക്ക് മാതൃകയായി മാറ്റാന്‍ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ കേരളത്തില്‍ മടങ്ങി വരുന്നതിനെ കുറിച്ച് ചിന്തിക്കണ്ട. വിദേശങ്ങളിലെ അനുഭവ സമ്പത്ത് നാട്ടിലെ നന്മകള്‍ക്കായി ഉപയോഗിക്കാന്‍ പ്രവാസികള്‍ക്കേ കഴിയൂ.
അതിലൂടെ ഇന്ന് നിലനില്‍ക്കുന്ന സ്ത്രീധന പീഡനം പോലുള്ള അപരിഷ്‌കൃത സാമൂഹിക സംസ്‌കാരം മാറ്റാനും ഡബ്‌ള്യുഎംസി പോലുള്ള ആഗോള മലയാളി പ്രസ്ഥാനം മുന്‍കൈയെടുക്കണം.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 65 പ്രോവിന്‍സുകളിലെ അയ്യായിരത്തോളം കുടുംബങ്ങള്‍ വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമിലൂടെ പങ്കെടുത്ത ഉദ്ഘാടന യോഗത്തില്‍
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബാംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി.
ഗ്‌ളോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്‌ളോബല്‍ പ്രസിഡന്റ് ടി.പി വിജയന്‍ ആമുഖ പ്രഭാഷണം നടത്തി. അടുത്ത രണ്ടു വര്‍ഷത്തെ
പ്രധാന പദ്ധതികളുടെ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.
ജന.സെക്രട്ടറി പോള്‍ പാറപ്പള്ളി സ്വാഗതവും ട്രഷറര്‍ ജെയിംസ് കൂടല്‍ നന്ദിയും പറഞ്ഞു.
ഗ്‌ളോബല്‍ വൈസ് പ്രസിഡന്റുമാരായ ബേബി മാത്യു സോമതീരം, സി.യു ത്തായി, ജോര്‍ജ് കുളങ്ങര, എസ്.കെ ചെറിയാന്‍, സ്ഥാപക നേതാവായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, തങ്കമണി ദിവാകരന്‍, ഡോ.എ.വി അനൂപ്, മൂന്‍ ചെയര്‍മാന്‍ സോമന്‍ ബേബി, അഡ്വ. ശിവന്‍ മഠത്തില്‍, ഡോ. പ്രതാപ ചന്ദ്രന്‍, പി.എന്‍ രവി, തങ്കം അരവിന്ദ്, ചാള്‍സ് പോള്‍, ഇര്‍ഫാന്‍ മാലിക്, ജാനറ്റ് വര്‍ഗീസ്, സിസിലി ജേക്കബ്, യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാന്‍ തുടങ്ങി നിരവധി നേതാക്കള്‍ ആശംസ നേര്‍ന്നു.