എസ്ടിസിഎച്ച് വേദനിക്കുന്നവരുടെ ആശ്വാസ കേന്ദ്രം: സയ്യിദ് മുനവ്വറലി തങ്ങള്‍

37
ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ നടക്കുന്ന ദശദിന സമൂഹ വിവാഹത്തിന്റെ രണ്ടാം ദിനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

ബംഗളൂരു: ജാതി-മത ചിന്തകള്‍ക്കതീതമായി മനുഷ്യത്വത്തിന് വില നല്‍കി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രമാക്കി എഐകെഎംസിസി ബംഗളൂരു നടത്തുന്ന സാമൂഹിക-സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെത്തുന്ന രോഗികള്‍ക്ക് ഏറ്റവും വലിയ ആശ്വാസ കേന്ദ്രമായി എസ്ടിസിഎച്ച് മാറിയത് ഇവിടത്തെ മലയാളി സമൂഹത്തിനാകെ അഭിമാനമാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെ ഏറ്റവും വലിയ അടയാളപ്പെടുത്തലായി കുറഞ്ഞ കാലം കൊണ്ടു തന്നെ ഇത് മാറി. എഐകെഎംസിസി ബംഗളൂരു കമ്മിറ്റി നടത്തുന്ന ദശദിന മംഗല്യ മേളയുടെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ടിസിഎച്ച് ജന.സെക്രട്ടരി എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു. സൗമ്യ റെഡന്നുി എംഎല്‍എ മുഖ്യാതിഥിയായി. ഡോ. പി.സി ജാഫര്‍ ഐഎഎസ്, മുസ്‌ലിം യൂത്ത് ലീഗ് കേരള വൈസ് പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജു, കെകെടിഎഫ് ജന.കണ്‍വീനര്‍ മുരളീധര്‍ സംസാരിച്ചു. ബഷീര്‍ ചെര്‍ക്കള, മുഹമ്മദലി തിരുവള്ളൂര്‍, മുനാ ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൗലാന മുജീബ് ഖാന്‍ ഖാസിമി നിക്കാഹിന് കാര്‍മികത്വം വഹിച്ചു. കോറമംഗല, ബനശങ്കരി, യശ്വന്തപുര ഏരിയാ കമ്മിറ്റികളാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചത്. കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പത്തു ജോഡി ദമ്പതികളാണ് ഇന്ന് വിവാഹിതരായത്. എസ്ടിസിഎച്ച് ട്രഷര്‍ ഇ.ഉസ്മാന്‍ സ്വാഗതവും സെക്രട്ടറി ഡോ. എം.എ അമീറലി നന്ദിയും പറഞ്ഞു.