നാട്ടില്‍ കുടുങ്ങിയവരെ സഹായിക്കണം: കെഎംസിസി നേതാക്കള്‍ വീണ്ടും സിജിയെ കണ്ടു

58
അനിശ്ചിത യാത്രാവിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ച് യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ എന്നിവര്‍ ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയെ കണ്ട് നിവേദനം സമര്‍പ്പിച്ചപ്പോള്‍

ദുബൈ: അനിശ്ചിതമായി നീളുന്ന യാത്രാവിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി യുഎഇ കെഎംസിസി നേതാക്കള്‍ വീണ്ടും ഉന്നത തല കൂടിക്കാഴ്ച നടത്തി. അനുകൂല തീരുമാനമുണ്ടാവാന്‍ ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പരിഹരിക്കാനാവത്ത പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടായേക്കുമെന്ന് കെഎംസിസി നേതാക്കള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയെ ധരിപ്പിച്ചു. നാട്ടില്‍ കുടുങ്ങിയവരില്‍ നിന്ന് ലഭിക്കുന്ന പരാതികളും വിഷമങ്ങളും കോണ്‍സുല്‍ ജനറലിനെ ബോധ്യപ്പെടുത്തിയെന്നും പ്രവാസികളുടെ അതിജീവനം പ്രയാസത്തിലാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചതായും കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടേണ്ട പ്രതിസന്ധിയായി പ്രവാസികളുടെ യുഎഇയിലേക്കുള്ള തിരിച്ചുവരവ് മാറിക്കഴിഞ്ഞു. ജോലി നഷ്ടപ്പെടലും വിസാ കാലാവധി തീരലും ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് അവതാളത്തിലാവലും ഉള്‍പ്പെടെഒട്ടേറെ പ്രതിസന്ധികളില്‍ പെട്ട് അനേകം പേര്‍ ഗത്യന്തരമില്ലാത്ത സ്ഥിതിയിലാണ്. ഇവിടെ ജോലിക്കാരില്ലാതെ സ്ഥാപനങ്ങള്‍ പ്രയാസപ്പെടുന്ന സ്ഥിതിയുമുണ്ട്. കുടുംബങ്ങള്‍ വര്‍ഷങ്ങളായി നാട്ടില്‍ പോകാനാവാത്ത വിഷമത്തിലാണ്. ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് നാട്ടില്‍ കുടുങ്ങിയ തൊഴിലുടമകള്‍ കെഎംസിസിയുടെ സഹായം ചോദിച്ചു വിളിക്കുന്നുണ്ട്. ഈ വിഷമങ്ങളെല്ലാം കോണ്‍സുല്‍ ജനറലിനെ അറിയിച്ചു. മാസങ്ങളായി കൂടെ താമസിച്ചവര്‍ നാട്ടിലായതിനാല്‍ വാടക കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ബാച്ചിലര്‍ റൂമുകളിലുള്ളവര്‍. പല തരത്തില്‍ ഈ പ്രതിസന്ധി പ്രവാസികളുടെ ജീവിതത്തെ ബാധിച്ചു കഴിഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ കോണ്‍സുല്‍ ജനറലിനെ ബോധ്യപ്പെടുത്തിയെന്ന് പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി അന്‍വര്‍ നഹ എന്നിവര്‍ വിശദമാക്കി.
യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറിനും കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിക്കും പല തവണ കത്ത് നല്‍കിയ കെഎംസിസി നേതാക്കള്‍, ഇക്കാര്യത്തില്‍ അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ട് വീണ്ടും വീണ്ടും ഉന്നത തല കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. യുഎഇയുടെ വിദേശ കാര്യ മന്ത്രാലവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും യുഎഇ അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അടിയന്തര പരിഹാരമുണ്ടാക്കാനുള്ള ശ്രമം തുടരുകയാണെന്നുമാണ് കോണ്‍സുല്‍ ജനറലിന്റെ പ്രതികരണമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.