യുഎഇയിലെ ആദ്യ ആയുര്‍വേദിക് പോസ്റ്റ് കോവിഡ് ക്‌ളിനിക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഉദ്ഘാടനം ചെയ്തു

51
യുഎഇയിലെ ആദ്യ ആയുര്‍വേദിക് പോസ്റ്റ് കോവിഡ് ക്‌ളിനിക് (ശാന്തിഗിരി) ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: കൊറോണ രോഗികളില്‍ 30 ശതമാനം പേര്‍ നെഗറ്റീവായി ദീര്‍ഘ കാലം കഴിഞ്ഞ ശേഷവും രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ സംവിധാനം ഗുരുതരമായി ബാധിക്കപ്പെടുകയും ശരീരത്തെ ക്ഷയിപ്പിച്ച് ദുര്‍ബലമാക്കി ഏറെക്കാലം ലക്ഷണങ്ങളോടെ നിരവധി സങ്കീര്‍ണതകള്‍ നിലനില്‍ക്കുകയും ചെയ്യും.
കോവിഡാനന്തരം ദീര്‍ഘകാലമായി ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അവ കുറയ്ക്കാനുള്ള മഹത്തായ സംരംഭമായി ദുബൈയിലെ ശാന്തിഗിരി ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റര്‍ യുഎഇയില്‍ ആദ്യമായാണ് സമഗ്രവും വിശേഷവുമായി ‘ആയുര്‍വേദ പോസ്റ്റ് കോവിഡ് കെയര്‍ ക്‌ളിനിക്’ തുടങ്ങിയിരിക്കുന്നത്. ഹെല്‍ത്ത് സെന്ററും പോസ്റ്റ് കോവിഡ് ക്‌ളിനിക്കും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയിലെ വിഖ്യാത ശാന്തിഗിരി ഗ്രൂപ്പിന്റെ മഹദ് പാരമ്പര്യം യുഎഇയിലേക്ക് കൊണ്ടുവന്നതിനെ അദ്ദേഹം പ്രശംസിച്ചു. ആയുഷ് മന്ത്രാലയത്തിന് കീഴില്‍ ആയുര്‍വേദ, യോഗ, നാച്യുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി എന്നീ സമാന്തര ചികില്‍സാ രീതികള്‍ നേരത്തെ തന്നെ ശാന്തിഗിരി ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. രാജ്യത്തെ 12,000ത്തിലധികം വരുന്ന കോവിഡ് രോഗികള്‍ അതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്.
കോവിഡ്19 ബാധിച്ച ദീര്‍ഘകാല പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ആയുര്‍വേദത്തിന്റെ പുരാതന പുണ്യം അനുഭവിക്കാന്‍ യുഎഇയില്‍ അവസരമൊരുക്കാനായതില്‍ ലൂത്ത ഗ്രൂപ്പിന് അഭിമാനമുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം സഈദ് ലൂത്ത അഭിപ്രായപ്പെട്ടു. ശാന്തിഗിരി ഇത്തരം ക്‌ളിനിക്കുകള്‍ ഇന്ത്യയില്‍ വിജയകരമായി നടപ്പാക്കി വരികയാണ്. ഇന്ത്യയിലെയും ശാന്തിഗിരിയിലെ സ്വന്തം റിസര്‍ച്ച് വിംഗിന്റെയും മികച്ച ഗവേഷകരുടെ കീഴില്‍ നല്ല പഠനങ്ങളോടെയും ആസൂത്രണത്തോടെയുമുള്ള ഈ സമഗ്ര ആരോഗ്യ പരിചരണ മാര്‍ഗത്തിന്റെ നേട്ടം സ്വന്തമാക്കാന്‍ ഇപ്പോള്‍ യുഎഇയിലുള്ളവര്‍ക്ക് അവസരമുണ്ട്. ഏറ്റവും വേഗത്തില്‍ സൗഖ്യം പകരുന്നതിന് പുറമെ, പുത്തന്‍ ഊര്‍ജത്തോടെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനും സമ്പൂര്‍ണമായ സൗഖ്യവും സന്തുഷ്ടിയും ഉറപ്പു വരുത്താനും ശാന്തിഗിരി മാര്‍ഗമൊരുക്കുന്നു. അനുഭവ സമ്പത്തുള്ള ആയുര്‍വേദ പ്രാക്റ്റീഷനര്‍മാര്‍ ആവിഷ്‌കരിച്ച പ്രത്യേക ചികില്‍സയാണെങ്കിലും, ശാരീരിക പ്രതിരോധം ശക്തിപ്പെടുത്താനും അസുഖം തടയാനും വ്യാധികള്‍ ഇല്ലായ്മ ചെയ്യാനും ദുബൈ ക്‌ളിനിക്കിന്റെ ഹോളിസ്റ്റിക് ശൈലികള്‍ മുഖേന സാധിക്കുന്ന വിധത്തിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ, ഉന്മേഷവും ചുറുചുറുക്കും മെച്ചപ്പെടുത്താനും ശരീരത്തിന്റെ പോഷക ഗുണവും ഉപാപചയ പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കാനും അതുവഴി, ഒരാളുടെ പൊതുആരോഗ്യ നില ശക്തിപ്പെടുത്താനും സാധിക്കും. ”പുരാതന പരിചരണ ശാസ്ത്രമാണ് ആയുര്‍വേദം. മസാജ്, യോഗ, മെഡിറ്റേഷന്‍, പഥ്യാഹാരപരമായ മാറ്റങ്ങള്‍, നാച്വറല്‍ തെറാപികള്‍ തുടങ്ങിയ ജീവിത ശൈലീ മാതൃകകളിലൂടെ അസുഖങ്ങളെ ഭേദപ്പെടുത്താന്‍ കഴിയുന്നു. ഇവിടത്തെ പോസ്റ്റ് കോവിഡ് ക്‌ളിനിക്കിലെ ചികില്‍സകള്‍ ആയുര്‍വേദ വിധി പ്രകാരമുള്ളവയാണ്. പ്രത്യേകം തയാറാക്കിയ പഥ്യാഹാര രീതികളിലൂടെയും വ്യായാമത്തിലൂടെയും നിശ്ചിത ജീവിത ക്രമത്തിലൂടെയും പരിചരണങ്ങള്‍ പൂര്‍ത്തിയാക്കുന്നു. രോഗിയുടെ ദീര്‍ഘകാല ലക്ഷണങ്ങള്‍ വിലയിരുത്തിയാണ് മരുന്നു കുറിപ്പുകള്‍ തയാറാക്കുന്നത്” -പരിചരണ രീതികളെ കുറിച്ച് പ്രതിപാദിക്കവേ, ദുബൈ ശാന്തിഗിരി ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റര്‍ ആയുര്‍വേദ പ്രാക്റ്റീഷനറും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ശുഭ കാവിലെ വീട്ടില്‍ പറഞ്ഞു. കഠിനമായ അസുഖം ബാധിച്ച ആളുകള്‍ക്കിടയില്‍ മാത്രമേ കോവിഡിന് ശേഷമുള്ള ചില അവസ്ഥകള്‍ ഉണ്ടാകാറുള്ളൂ. എന്നിരുന്നാലും, നേരിയ അസുഖമുള്ള രോഗികള്‍ക്ക്, അല്ലെങ്കില്‍ പ്രാരംഭ പ്രഭാവം ഇല്ലാത്തവര്‍ക്ക് വൈറസ് ബാധിച്ച ശേഷമുള്ള ദിവസങ്ങള്‍, ആഴ്ചകള്‍, അല്ലെങ്കില്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടാവാം. കൂടുതല്‍ കഠിനമായ രൂപത്തിലുള്ള രോഗാവസ്ഥയുള്ളവര്‍ക്കും പ്രമേഹം, രക്താതിസമ്മര്‍ദം, സിഒപിഡി തുടങ്ങിയ മുന്‍കാല രോഗങ്ങളുള്ളവര്‍ക്കും വീണ്ടെടുക്കല്‍ കാലയളവ് കൂടുതല്‍ നീണ്ടുനില്‍ക്കും. വിട്ടുമാറാത്ത ക്ഷീണം, വിശപ്പില്ലായ്മ, ഉറക്ക തകരാറുകള്‍, ബലഹീനത, ശ്വാസതടസ്സം, പേശി-സന്ധി-നെഞ്ചു-വയര്‍ വേദന, ചുമ, സമ്മര്‍ദം, ഉത്കണ്ഠ മുതലായവയാണ് ദീര്‍ഘകാല കോവിഡാനന്തര സാഹചര്യത്തിലെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍.
ശാന്തിഗിരി കോവിഡ് കെയര്‍ സംരംഭം രോഗമുക്തി നേടുന്ന രോഗികള്‍ക്കായി 7ദിവസത്തെയും 14 ദിവസത്തെയും ഇഷ്ടാനുസൃത പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി, പ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാനും പ്രവര്‍ത്തന ഫലങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുന്നു.
ഉദാഹരണത്തിന്, ശരീരം മുഴുവന്‍ ഇളം ചൂടുള്ള ഔഷധക്കൂട്ടുകളിലൂടെ നടത്തുന്ന ‘കഷായ ധാര’ പ്രത്യേക ചികിത്സയാണ്. സന്ധി വേദനയും കാഠിന്യവും കുറയ്ക്കാന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതാണിത്. മറുവശത്ത്, പൂര്‍ണ ശാരീരിക ഓയില്‍ മസാജായ ‘അഭ്യംഗം’ ശരിയായ രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ഊര്‍ജ നില ഉയര്‍ത്താനും പേശികളെ ഉത്തേജിപ്പിച്ച് നവോന്മേഷത്തിനും ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനും നല്ല ഓജസ്സിനും സഹായിക്കുന്നു. അതേസമയം ‘നാഡീ സ്വേദനം’ ഊര്‍ജ നില ഉയര്‍ത്തി രക്തചംക്രമണം കൂട്ടുന്നു. രക്തസമ്മര്‍ദം നിയന്ത്രിച്ച് ശരീര വേദന ഒഴിവാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
കൂടാതെ, രോഗിയുടെ ശാരീരിക അവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഇഷ്ടാനുസൃതം ഹെര്‍ബല്‍ കംപ്രസ്സുകള്‍ കേന്ദ്രത്തില്‍ തയാറാക്കുകയും ശരീരത്തെ മുഴുവന്‍ ശക്തിപ്പെടുത്താനായി പ്രത്യേക സര്‍വ കായ ലേപന ചികില്‍സകള്‍ നടത്തുകയും ചെയ്യുന്നു.
അണുബാധയുടെ കാലഘട്ടത്തിനു ശേഷം ശരീരം ദുര്‍ബലമാകുന്നതിനാല്‍ ക്ഷീണവും അലസതയും തോന്നുന്നത് തികച്ചും സ്വാഭാവികമാണെന്ന് ദുബൈയിലെ ശാന്തിഗിരി ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലെ ആയുര്‍വേദ പ്രാക്റ്റീഷണര്‍ ഡോ. അഭിരാമി സന്തോഷ് പറയുന്നു. കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുമ്പോള്‍ ആരോഗ്യകരമായ ഒരു ദിനചര്യ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഡോ. അഭിരാമി നിര്‍ദേശിക്കുന്നു.
ആവശ്യത്തിന് ചൂടുവെള്ളം കുടിക്കല്‍, പുതുതായി പാകം ചെയ്ത ഭക്ഷണം, ദഹിക്കാന്‍ എളുപ്പമുള്ള സമീകൃത പോഷകാഹാരം, ധ്യാന ശീലനം, ദൈനംദിന വ്യായാമം, ആവശ്യത്തിന് ഉറക്കവും വിശ്രമവും എന്നിവ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, മഞ്ഞള്‍, കുരുമുളക്, ജീരകം, വെളുത്തുള്ളി, മല്ലി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. അതേസമയം, കറവപ്പട്ട, തുളസി, ഉണക്ക ഇഞ്ചി തുടങ്ങിയവ അടങ്ങിയ ഹെര്‍ബല്‍ ടീ കഴിക്കുന്നത് ശ്വസന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അണുബാധ പൂര്‍വാവസ്ഥ പ്രാപിച്ച, പ്രതിരോധ ശേഷിയുള്ള രോഗികള്‍ പതിവായി സ്റ്റീം ചെയ്യുന്നത് ഗന്ധ ശക്തിയും രുചി സംവേദനവും മെച്ചപ്പെടുത്താന്‍ ഉപകരിക്കും.
പഥ്യാഹാര ക്രമവുമായി മുന്നോട്ടു പോകുമ്പോള്‍ പ്രോസസ്സ് ചെയ്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും; ഫാസ്റ്റ്ഫുഡ്, അനാരോഗ്യകരമായ ഇടഭക്ഷണങ്ങള്‍, സ്‌പ്രെഡുകളും മറ്റും ഒഴിവാക്കണമെന്നും ഉപ്പും പഞ്ചസാരയും അധിക നിലയിലുമുള്ള ഖര-പാനീയ പദാര്‍ത്ഥങ്ങളും കഴിക്കരുതെന്നും അവര്‍ നിര്‍ദേശിച്ചു. പുകവലിയും മദ്യപാനവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നതും നല്ലതാണെന്നും ഡോ. അഭിരാമി സന്തോഷ് വ്യക്തമാക്കി.