എ.എ.കെ മുസ്തഫക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

എ.എ.കെ ഇന്റര്‍നാഷണല്‍ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എ.എ.കെ മുസ്തഫക്ക് ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥന്‍ ഗോള്‍ഡന്‍ കാര്‍ഡ് വിസ കൈമാറുന്നു

ദുബൈ: പ്രമുഖ മലയാളി ബിസിനസുകാരന്‍ എ.എ.കെ മുഹമ്മദ് മുസ്തഫക്ക് യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചു. രാജ്യത്തെ പഴം-പച്ചക്കറി വിപണന രംഗത്തെ പ്രമുഖമായ എ.എ.കെ ഇന്റര്‍നാഷണല്‍ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് മുസ്തഫ. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ഉദ്യോഗസ്ഥനില്‍ നിന്ന് മുസ്തഫ അനുമതി രേഖയായ ഗോള്‍ഡ് കാര്‍ഡ് വിസ ഏറ്റുവാങ്ങി.
2019 ജൂണ്‍ ആദ്യം മുതലാണ് യുഎഇയില്‍ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചു തുടങ്ങിയത്. തുടര്‍ന്ന്, വിവിധ മേഖലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് രാജ്യം ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി മിഡില്‍ ഈസ്റ്റിലെ പഴം-പച്ചക്കറി വിപണിയിലെ സജീവ സാന്നിധ്യമാണ് എ.എ.കെ ഗ്രൂപ്. ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഗോള്‍ഡന്‍ റെസിഡന്‍സിയാണ് മുസ്തഫക്ക് ലഭിച്ചത്. യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും രാജ്യത്ത് നിക്ഷേപം നടത്താന്‍ വിദേശീ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രചോദനം പകരുന്നതാണ് ഈ വിസയെന്നും മുസ്തഫ പറഞ്ഞു.


1980ല്‍ പ്രമുഖ വ്യവസായി പാറപ്പുറത്ത് മൊയ്തീന്‍ ഹാജി എന്ന ബാവ ഹാജിയാണ് എ.എ.കെ ഗ്രൂപ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ഏക പുത്രനാണ് മുസ്തഫ. ചെറിയ ഒരു സ്ഥാപനവുമായി തുടങ്ങിയ ഗ്രൂപ്പില്‍ ഇന്ന് 1,500ലധികം ജീവനക്കാരുണ്ട്. ദിനംപ്രതി 60ലധികം രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ രാജ്യത്തെ പഴവര്‍ഗ വിപണിയില്‍ എത്തിക്കുന്നുണ്ട് ഇവര്‍. ഹോള്‍ സെയില്‍-റീടെയില്‍ സംരംഭങ്ങളടക്കം 95ലധികം വിവിധ സ്ഥാപനങ്ങള്‍ ഗ്രൂപ്പിന്റെ കീഴിലുണ്ട്. യുഎഇക്ക് പുറമെ ഇന്ത്യ, ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ ശൃംഖലയുള്ള സംരംഭങ്ങളുണ്ട്. ഗ്രൂപ് സ്ഥാപകനും പിതാവുമായ ബാവ ഹാജി, സിഇഒ മുഹമ്മദലി തയ്യില്‍, സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് മുസ്തഫ തന്റെ കൃതജ്ഞത അറിയിച്ചു.
ആമിനയാണ് മാതാവ്. നാല് മക്കളുണ്ട്. ആസിഫ് ആണ് മരുമകന്‍.