യൂണിയന്‍ കോപ് പുതിയ ശാഖ ജുമൈ-1ല്‍

ദുബൈ: 4.2 കോടി ദിര്‍ഹം ചെലവഴിച്ച് ജുമൈറ 1ല്‍ നിര്‍മിച്ച യൂണിയന്‍ കോപ്പിന്റെ പുതിയ ശാഖ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ചു. ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജുമൈറ 1 ഏരിയയിലെ 23ാമത് ശാഖ തുടങ്ങിയിരിക്കുന്നത്. തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുതിയ ശാഖ, ജുമൈറയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച അനുഭവമാണ് പകരുന്നത്. വിവിധ ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ് ഇവിടെ നടപ്പാക്കിയിരുന്നു. അല്‍ ഷഫാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ് ചെയര്‍മാന്‍ അലി ബിന്‍ അബ്ദുള്ള അല്‍ ഷഫാറിന്റെ സാന്നിധ്യത്തില്‍ യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസിയാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍മാരു മാനേജര്‍മാരും യൂണിയന്‍ കോപ്പിലെ ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും വിതരണക്കാരും ഉപഭോക്താക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പുതിയ ശാഖകള്‍ തുടങ്ങുന്നത് കൃത്യമായ പദ്ധതികള്‍ അനുസരിച്ചാണെന്നും സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യത്യസ്ത ഫാമിലി ഷോപ്പിംഗ് ഡെസ്റ്റിനേഷനുകള്‍ സൃഷ്ടിക്കുകയെന്ന യൂണിയന്‍ കോപ്പിന്റെ ശ്രമത്തിന് തെളിവാണിതെന്നും അല്‍ ഫലാസി പറഞ്ഞു. രാജ്യത്തെ ചില്ലറ വ്യാപാര മേഖലയിലെ വിപുലീകരണത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് യൂണിയന്‍ കോപ്പിന്റെ വികസനമെന്നും 23ാമത് ശാഖ തുടങ്ങിയതോടെ വില്‍പന ചരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിക്കാനായെന്നും ഇത് ദുബൈയിലെ താമസക്കാരുടെ ആറു മാസത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജുമൈറ-1ലെ യൂണിയന്‍ കോപ് ശാഖ സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി ഉദ്ഘാടനം ചെയ്യുന്നു. അല്‍ ഷഫാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ് ചെയര്‍മാന്‍ അലി ബിന്‍ അബ്ദുള്ള അല്‍ ഷഫാര്‍, മറ്റു ഉദ്യോഗസ്ഥര്‍ സമീപം

കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ പല മേഖലകളിലും പ്രകടമായിരുന്നെങ്കിലും യൂണിയന്‍ കോപ്പിന് അത്തരം വെല്ലുവിളികളെ നിക്ഷേപത്തിനുള്ള അവസരങ്ങളാക്കി മാറ്റാന്‍ സാധിച്ചെന്ന് സിഇഒ വ്യക്തമാക്കി. ആകെ 105,533 ചതുരശ്ര അടി വ്യാപ്തിയുള്ള പുതിയ ശാഖയില്‍ ഒരു ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഫസ്റ്റ് ഫ്‌ളോര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. 25,278 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യൂണിയന്‍ കോപ് ഷോറൂം ഫസ്റ്റ് ഫ്‌ളോറിലാണുള്ളത്. കൂടാതെ, മറ്റ് നിരവധി ഷോപ്പുകളും ഗ്രൗണ്ട് ഫ്‌ളോറിലുണ്ട്. ഇതിന് പുറമെ, 61 പാര്‍ക്കിംഗ് സ്‌പേസുകളും ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്‌ളോറിലുമായി ഒരുക്കിയിട്ടുണ്ടെന്ന് യൂണിയന്‍ കോപ് ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ മദിയ അല്‍ മര്‍റി പറഞ്ഞു.