തിരുവനന്തപുരം ലുലു മാള്‍ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് തിരുവനന്തപുരം ആക്കുളത്ത് ലുലു മാള്‍ നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ എം.കെ സലിം നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്.വി ഭട്ടിയും ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസുമടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റിട്ട് ഹര്‍ജി തള്ളിയത്. പാര്‍വതി പുത്തനാറിലേക്കോ മറ്റേതെങ്കിലും പുറമ്പോക്ക് വസ്തുവിലേക്കോ ലുലു മാള്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്ന് തെളിഞ്ഞതായും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചല്ല ലുലു മാള്‍ നിര്‍മാണം നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹൈക്കോടതി തള്ളിയത്.
സിആര്‍സെഡ് ചട്ടങ്ങളോ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളോ ലുലു ലംഘിച്ചില്ലെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. റിട്ട് പെറ്റീഷന്‍ നിലനില്‍ക്കുന്ന സമയത്ത് കോടതിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് ആവര്‍ത്തിച്ച് അഭിമുഖങ്ങള്‍ നല്‍കി ഹരജിക്കാരന്‍ നീതി നിര്‍വഹണത്തില്‍ ഇടപെടുകയായിരുന്നുവെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ റിട്ട് ഹര്‍ജി നിയമപരമായ പരിഹാരങ്ങള്‍ നോക്കാത്തതിന്റെ പേരില്‍ മാത്രം പിരിച്ചുവിടാന്‍ യോഗ്യമാണെങ്കിലും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് റിട്ട് പരിഗണിച്ചതെന്നു ഹൈക്കോടതി വ്യക്തമാക്കി.
ലുലുവിന് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചാണ് പാരിസ്ഥിതിക അനുമതി നല്‍കുന്നതെന്ന് സ്റ്റേറ്റ് എന്‍വയണ്‍മെന്റ് ഇംപാക്റ്റ് അഥോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചട്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് മെംബര്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലുലു മാളിന്റെ നിര്‍മാണത്തിലിരിക്കുന്ന പ്രദേശം തീരപരിപാലന നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും വ്യക്തമായിട്ടുണ്ട്. 1.5 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള ടൗണ്‍ഷിപ്, ഏരിയ ഡെവലപ്‌മെന്റ് പദ്ധതികള്‍ക്കായി പാരിസ്ഥിതിക അനുമതി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് എസ്ഇഐഎഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് പ്രകാരം എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് കെട്ടിട അനുമതി നല്‍കിയതെന്ന് തിരുവനന്തപുരം കോര്‍പറേഷനും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റിട്ട് ഞങ്ങള്‍ തള്ളുകയാണെന്ന് ഹൈക്കോടതി പറഞ്ഞു.