50 വര്‍ഷം, 50 മെഗാ പ്രൊജക്റ്റുകള്‍: ആദ്യ 13 പദ്ധതികള്‍ പ്രഖ്യാപിച്ചു

14

യുഎഇയെ ആഗോള സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലെത്തിക്കുക ലക്ഷ്യം

ജലീല്‍ പട്ടാമ്പി
ദുബൈ: അടുത്ത 50 വര്‍ഷത്തേക്കുളള വികസന പദ്ധതികളുടെ ആദ്യ ഘട്ട പ്രഖ്യാപനം നടത്തി യുഎഇ മന്ത്രിമാര്‍. 13 പദ്ധതികളുടെ പ്രഖ്യാപനമാണ് നടത്തിയത്. യുഎഇയെ ആഗോള സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പ്രൊജക്റ്റ്‌സ് ഓഫ് ദി ഫിഫ്റ്റി’ പ്രഖ്യാപിച്ചിട്ടുളളത്.

1. ഗ്രീന്‍ വിസ
ഗ്രീന്‍ വിസ ലഭിക്കുന്നവര്‍ക്ക് ജോലി ചെയ്യാനുളള പ്രത്യേക വര്‍ക് പെര്‍മിറ്റിന്റെ ആവശ്യമില്ല. ആരെയും ആശ്രയിക്കാതെ സ്വന്തമായി വിസയില്‍ നില്‍ക്കാനാകും. ബിസിനസുകാര്‍, രാജ്യത്ത് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍, വിദ്യാര്‍ത്ഥികള്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നീ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. രക്ഷിതാക്കളെയും 25 വയസ് വരെയുള്ള ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനാകും. നിലവില്‍ 18 വയസ് വരെ മാത്രമേ ആണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കൂ.

2. ഫ്രീലാന്‍സ് വിസ
യുഎഇയില്‍ സ്വതന്ത്രമായി വിസലഭിക്കുന്നവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ ലഭിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

3. ഇന്‍വെസ്റ്റ്.എഇ
നിക്ഷേപവുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെയും 14 സാമ്പത്തിക സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഇന്‍വെസ്റ്റ്.എഇ എന്ന പോര്‍ട്ടലിന്റെ ലക്ഷ്യം. നിക്ഷേപ അവസരങ്ങള്‍ രാജ്യമെങ്ങും കൊണ്ടു വരികയും അതോടൊപ്പം, ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യാനിത് സഹായകമാകും

4. ഓരോ ദിവസവും 100 കോഡേഴ്‌സ്
എല്ലാ മാസവും 3,000 കോഡേഴ്‌സിനെ യുഎഇയുടെ വ്യാപാര-വിപണന മേഖലകളിലേക്ക് ആകര്‍ഷിക്കും. ഒരു വര്‍ഷത്തിനുളളില്‍ 1,00,000 കോഡേഴ്‌സിനുളള ജോലി സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്.

5. യുഎഇ ഡാറ്റ നിയമം
യുഎഇയുടെ വ്യക്തിഗത വിവര നിയമം ഓരോ വ്യക്തിക്കും അവനവനെ സംബന്ധിച്ചുളള വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് നിയന്ത്രണം നല്‍കുന്നു. ഓരോ വ്യക്തിയുടെയും സ്വകാര്യത സംരക്ഷിക്കുകയാണ് ലക്ഷ്യം.

6. പ്രൊജക്റ്റ് 5 ബിഎന്‍
സ്വദേശികളുടെ ക്ഷേമം ലക്ഷ്യമിട്ടുളള പദ്ധികള്‍ക്കായി എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക് നീക്കി വച്ചിരിക്കുന്നത് 5 ബില്യന്‍ ദിര്‍ഹമാണ്.

7. ടെക് ഡ്രൈവ്
അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വ്യവസായ മേഖലയില്‍ വിവര സാങ്കേതിക വിദ്യയുടെ വികസനം ലക്ഷ്യമിട്ട് നീക്കി വച്ചിരിക്കുന്നത് 5 ബില്യന്‍ ദിര്‍ഹം.

8. 10X10
പ്രധാനപ്പെട്ട 10 ആഗോള വിപണിയിലേക്ക് യുഎഇയില്‍ നിന്നുളള കയറ്റുമതി 10 ശതമാനം വര്‍ധിപ്പിക്കും.

9. ദേശീയ വാല്യൂ പദ്ധതികള്‍
ഫെഡറല്‍ സര്‍ക്കാറിന്റെയും യുഎഇയിലെ പ്രമുഖ കമ്പനികളുടെയും സംഭരണത്തിന്റെയും 42 ശതമാനം പ്രാദേശിക ഉല്‍പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും നല്‍കുക. പ്രാദേശിക വിതരണക്കാരെ 7,300 ആയി ഉയര്‍ത്താനും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംഭരണ മൂല്യം 33 ബില്യന്‍ ദിര്‍ഹമില്‍ നിന്ന് 55 ബില്യനായി ഉയര്‍ത്താനുമാണ് ലക്ഷ്യം.

10. എമിറേറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ്
നിക്ഷേപ ഫണ്ടുകളെ പൊതു, സ്വകാര്യ മേഖലകളുമായി ബന്ധിപ്പിക്കും. 2022ഓടെ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഒമ്പത് വര്‍ഷത്തിനുള്ളില്‍ യുഎഇയിലേക്ക് 550 ബില്യന്‍ ദിര്‍ഹം എഫ്ഡിഐ ആകര്‍ഷിക്കുന്ന നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

11. ഫോര്‍ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ നെറ്റ്‌വര്‍ക്
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂതന സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്ന 500 ദേശീയ കമ്പനികള്‍ സ്ഥാപിക്കുകയും വളര്‍ത്തുകയും ലക്ഷ്യം.

12. ആഗോള സാമ്പത്തിക കരാറുകള്‍
257 ബില്യന്‍ ദിര്‍ഹമില്‍ 40 ബില്യന്‍ ദിര്‍ഹം വാര്‍ഷിക വര്‍ധന കൈവരിക്കാന്‍ എട്ട് ആഗോള വിപണികളുമായി യുഎഇ സാമ്പത്തിക കരാറുകളില്‍ ഒപ്പുവെക്കും.

13. പൈകോണ്‍.എംഇഎ
മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ പ്രോഗ്രാമിംഗ് ഉച്ചകോടി 2022 രണ്ടാം പകുതിയില്‍ നടക്കും. പൊതു, സ്വകാര്യ മേഖലകളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും കോഡറുകളെ ബന്ധിപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു.