ബറാക ആണവോര്‍ജ പ്‌ളാന്റ്: രണ്ടാം യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചു

35

ജലീല്‍ പട്ടാമ്പി
ദുബൈ: യുഎഇയുടെ രണ്ടാമത്തെ ആണവോര്‍ജ പ്‌ളാന്റ് യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചു. പൂര്‍ണ പ്രവര്‍ത്തനമാരംഭിച്ചാല്‍ ബറാക് പ്‌ളാന്റിന് യുഎഇയുടെ 25 ശതമാനം വൈദ്യുതാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും.
ആദ്യ റിയാക്ടര്‍ ഉപയോഗിച്ച് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് നാല് മാസത്തിന് ശേഷമാണ് ബറാക ന്യൂക്‌ളിയര്‍ എനര്‍ജി പ്‌ളാന്റിന്റെ രണ്ടാമത്തെ യൂണിറ്റ് കഴിഞ്ഞ മാസം അവസാനത്തോടെ തുടക്കം കുറിച്ചത്. ഗ്രിഡിലേക്ക് പ്രഥമ കാര്‍ബണ്‍ രഹിത വൈദ്യുതി നല്‍കിയെന്ന് ഇന്നലെ എമിറേറ്റ്‌സ് ന്യൂക്‌ളിയര്‍ എനര്‍ജി കോര്‍പറേഷന്‍ (എനെക്) പ്രതിനിധി പ്രഖ്യാപിച്ചു. പ്‌ളാന്റിന്റെ ഓപറേഷന്‍സ്-മെയിന്റനന്‍സ് സബ്‌സിഡിയറിയായ നവാഹ് എനര്‍ജി മുഖേനയാണ് യൂണിറ്റ് യുഎഇ ഗ്രിഡിനെ ബന്ധിപ്പിച്ചിരുന്നത്.
യൂണിറ്റ് 2നെ വിജയകരമായി ബന്ധിപ്പിക്കാനായതിലൂടെ യുഎഇ ഗ്രിഡിന് മറ്റൊരു 1400 മെഗാ വാട്ട് ശുദ്ധ ഊര്‍ജമാണ് എത്തിക്കാനാവുക. ഈ യൂണിറ്റില്‍ നിന്നുള്ള മാലിന്യ രഹിത വൈദ്യുതി ബിസിനസ് സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും ഉപയോഗിക്കാനാകുമെന്നും പ്രതിനിധി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വൈദ്യുതാവശ്യത്തിന്റെ നാലിലൊന്ന് ഭാഗം നിത്യവും 24 മണിക്കൂറും ലഭ്യക്കാന്‍ ‘എനെക്കി’ന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ശുദ്ധോര്‍ജ ഉറവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ വൈദ്യുതോപാധിയുടെ പരിവര്‍ത്തനം പ്രശംസനീയമെന്ന് യുഎഇ ഊര്‍ജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഈ പറഞ്ഞു.
മാസങ്ങള്‍ക്കകം യൂണിറ്റ് 2 യൂണിറ്റ് 1നോടൊപ്പം വാണിജ്യ പ്രവര്‍ത്തനാരംഭം കുറിക്കും. അതോടെ, ശുദ്ധോര്‍ജ ഉല്‍പാദനത്തിന്റെ അളവ് ഇരട്ടിയാകും. യുഎഇയുടെ സ്വതന്ത്ര ന്യൂക്‌ളിയര്‍ റഗുലേറ്ററായ എഫ്എഎന്‍ആര്‍ ആണ് ഈ പ്രൊജക്ടിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്നത്. ബറാകയിലെ വികസനം തുടങ്ങിയതു മുതല്‍ എഫ്എഎന്‍ആര്‍ 335ലധികം പരിശോധനകളാണ് നടത്തിയത്. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)യുടെയും വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂക്‌ളിയര്‍ റിയാക്‌ടേഴ്‌സിന്റെയും (വാനോ) 42 ദൗത്യങ്ങളും വിശകലനങ്ങളും ബറാക്കയില്‍ പൂര്‍ത്തിയാക്കുകയുണ്ടായി. അബുദാബി അല്‍ദഫ്‌റ മേഖലയിലെ ഈ പ്‌ളാന്റ് ലോകത്തിലെ ഏറ്റവും വലിയ ആണവോര്‍ജ കേന്ദ്രങ്ങളിലൊന്നാണ്. പ്‌ളാന്റ് നിര്‍മാണം 2012ലാണ് ആരംഭിച്ചത്. യൂണിറ്റ് 1 ആയിരക്കണക്കിന് മെഗാ വാട്ട് ശുദ്ധോര്‍ജം ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. യൂണിറ്റ് 4ഉം 5ഉം കമ്മീഷനിംഗിന്റെ അന്തിമ ഘട്ടങ്ങളിലാണ്. ഇവ യഥാക്രമം 94, 91 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ബറാക പ്‌ളാന്റ് വികസനം ഇപ്പോള്‍ 96 ശതമാനത്തിലധികം പൂര്‍ത്തിയായിരിക്കുന്നു. സമ്പൂര്‍ണമായും പ്‌ളാന്റ് പ്രവര്‍ത്തന സജ്ജമായാല്‍ 50 വര്‍ഷത്തിലധികം കാലം 5.6 ജിഗാ വാട്ട് കാര്‍ബണ്‍ രഹിത വൈദ്യുതി ലഭിക്കുന്നതാണ്.