ഖത്തറില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന സി.എം മൊയ്തു നിര്യാതനായി

പാനൂര്‍/ദോഹ: ഖത്തറില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന സി.എം മൊയ്തു (72) നാട്ടില്‍ നിര്യാതനായി. കണ്ണൂര്‍ ജില്ലാ കെഎംസിസിയിലൂടെ സംഘടനാ രംഗത്ത് സജീവമായ അദ്ദേഹം, ഏറെക്കാലം ഖത്തര്‍ കെഎംസിസിയുടെ സംസ്ഥാന കൗണ്‍സിലറും മുസ്‌ലിം ലീഗ് കരിയാട് പുതുശ്ശേരി വാര്‍ഡ് വൈസ് പ്രസിഡണ്ടുമായിരുന്നു. ദോഹ ബാങ്ക് മുന്‍ ജീവനക്കാരനാണ്.
സഹജീവികളോട് എന്നും കരുണ കാട്ടിയിരുന്ന അനുപമ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ജീവിത സമ്പാദ്യത്തിന്റെ മുക്കാല്‍ ഭാഗവും സഹജീവികള്‍ക്കായി ചെലവഴിക്കാന്‍ ഒരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ജീവിതത്തില്‍ ഒരു സമ്പാദ്യവും മാറ്റി വെക്കാതെയാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്.
ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മൊയ്തുവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
കദീജയാണ് ഭാര്യ. അബ്ദുല്‍ ഹകീം, സമീര്‍ സി.എം, ഹസീന, ഫൗസിയ മക്കളാണ്. യൂസഫ് കരിയാട്, റഫീഖ് എടച്ചേരി എന്നിവര്‍ മരുമക്കളാണ്.
സി.എം മൊയ്തുവിന്റെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ
പാറക്കല്‍ അബ്ദുല്ല, സഫാരി ഗ്രൂപ് മാനേജിംഗ് ഡയക്ടര്‍ കെ.
സൈനുല്‍ ആബിദീന്‍, അടിയോട്ടില്‍ അഹ്മദ്, പോക്കര്‍ കക്കാട്ട്, റഹീം പാക്കഞ്ഞി, അബ്ദുന്നാസര്‍ നാച്ചി, കുഞ്ഞാലി തായമ്പത്ത്, മുസ്തഫ മുണ്ടേരി
തുടങ്ങിയവര്‍ അനുശോചിച്ചു.
പച്ചയെ സ്‌നേഹിച്ച പച്ചയായ മനുഷ്യനാണ് വിട്ടുപിരിഞ്ഞതെന്ന് ഇവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.