സി.എം മൊയ്തുക്ക: ഒരു പ്രകാശ വൃക്ഷത്തിന്റെ അമര നാമം

299
സി.എം മൊയ്തു

കെ.സൈനുല്‍ ആബിദീന്‍
(മാനേജിംഗ് ഡയറക്ടര്‍, സഫാരി ഗ്രൂപ്)

ഒരുപാട് വിശേഷണങ്ങളുള്ള അത്യുജ്വല വ്യക്തിത്വത്തിനുടമയാണ് ബുധനാഴ്ച അന്തരിച്ച സി.എം മൊയ്തു കരിയാട്. എല്ലാ കാലത്തും എനിക്കദ്ദേഹം സ്വന്തം മൊയ്തുക്കയായിരുന്നു. ബന്ധമുള്ളവര്‍ക്കെല്ലാം അദ്ദേഹം അങ്ങനെ തന്നെയായിരിക്കും.
ഏതവസരത്തിലും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ തളരാത്ത, പതറാത്ത പോരാളിയാണ് വിട പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയെയും ചന്ദ്രിക പത്രത്തെയും അതിരറ്റ് സ്‌നേഹിച്ചയാള്‍. നാട്ടില്‍ മുസ്‌ലിം ലീഗിനും ഖത്തറിലെ പ്രവാസ ജീവിതത്തില്‍ കെഎംസിസിക്കും കനത്ത സംഭാവനകളര്‍പ്പിച്ചു അദ്ദേഹം. ആ വലിയ മനുഷ്യന്റെ വിയോഗം എല്ലാ അര്‍ത്ഥത്തിലും കനത്ത നഷ്ടം തന്നെയാണ്.
മൂല്യത്തിനും ധര്‍മത്തിനുമായി നില കൊണ്ടയാളായിരുന്നു മൊയ്തുക്ക. അനീതിക്കെതിരെ എന്നും പ്രതികരിച്ചു അദ്ദേഹം. ആദ്യ കാലത്ത് വയനാട്ടില്‍ ഹോട്ടല്‍ ബിസിനസുകാരനായിരുന്ന മൊയ്തുക്കയുടെ ഒരു കഥയുണ്ട്. അക്കാലയളവിലൊരു സംഭവമുണ്ടായി. ഹോട്ടലിലെത്തിയ രണ്ടു പേര്‍ ഭക്ഷണം കഴിച്ച ശേഷം കാശ് കൊടുത്തില്ല. വര്‍ത്തമാനമായി, വഴക്കായി, അടിപിടിയായി. മൊയ്തുക്ക രണ്ടു പേരെയും അടിച്ചു. എന്നാല്‍, അടി കിട്ടിയ ആളുകള്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നുവെന്നത് മൊയ്തുക്കക്ക് അറിയില്ലായിരുന്നു. വൈകാതെ തന്നെ കുറെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അവിടെ എത്തുകയും മൊയ്തുക്കയെ മര്‍ദിച്ച് ബോധരഹിതനാക്കുകയും ഹോട്ടല്‍ അടിച്ചു പൊളിക്കുകയും ചെയ്തു. അത് വലിയ കേസാകുമെന്നായി. ബാല്യകാല സുഹൃത്തായിരുന്നു അവിടത്തെ എസ്‌ഐ. കേയി സാഹിബ് ഇടപെട്ടിട്ടാണ് ഈ വിഷയത്തില്‍ എസ്‌ഐ അഭിമുഖീകരിച്ച പ്രശ്‌നം പരിഹരിച്ചത്.
മുസ്‌ലിം ലീഗായിരുന്നു അദ്ദേഹത്തിന് എല്ലാം. ശ്വാസം പോലും പാര്‍ട്ടിയായിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ലീഗിനെതിരെ മോശമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹം ക്ഷിപ്ര കോപിയാകും. പാര്‍ട്ടിക്ക് വേണ്ടി ഏതറ്റം വരെയും പൊരുതും.
കുറെ കാലം ഖത്തര്‍ ഡിഫന്‍സില്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. മൊയ്തുക്കയുടെ അത്ര തന്നെ പ്രശസ്തമായിരുന്നു അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിളും. അധികമാര്‍ക്കും വാഹനമില്ലാതിരുന്ന 1975-’80 കാലഘട്ടങ്ങളില്‍ മൊയ്തുക്കക്ക് ബുറാഖ് എന്ന പേരില്‍ ഒരു മോട്ടോര്‍ സൈക്കിളുണ്ടായിരുന്നു. അതില്‍ കയറാത്ത മുസ്‌ലിം ലീഗ് നേതാക്കള്‍ മലബാറില്‍ ഇല്ല എന്നു തന്നെ പറയാം. ഇ.ടി മുഹമ്മദ് ബഷീര്‍ പെരിങ്ങളത്ത് നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടയുടന്‍ ഖത്തറില്‍ വന്നപ്പോള്‍ ഈ മോട്ടോര്‍ സൈക്കിളിലായിരുന്നു മുഴുവന്‍ യാത്രയും. മൊയ്തുക്കയുടെ മോട്ടോര്‍ സൈക്കിളില്‍ കയറിയാല്‍ എന്തെങ്കിലും സ്ഥാനമാനങ്ങളിലെത്തുമെന്ന് പരിചയക്കാരെല്ലാം പൊതുവെ തമാശയായി പറയാറുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്നത് കാലം തെളിയിച്ച സത്യം.
പാറക്കല്‍ അബ്ദുല്ലയും മൊയ്തുക്കയും ഖത്തറില്‍ ഒരു മുറിയില്‍ താമസിച്ചിട്ടുണ്ട്. പാറക്കല്‍ ഈ മോട്ടോര്‍ സൈക്കിളില്‍ കുറെ യാത്ര ചെയ്തിട്ടുണ്ട്. ”നീ എംഎല്‍എ ആകുമെ”ന്ന് അന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നീട്, അതു പോലെ തന്നെ സംഭവിച്ചു.
ടി.പി ചെറൂപ്പ പണ്ട് ‘ലീഗ് ടൈംസി’ല്‍ ജോലി ചെയ്തിരുന്നപ്പോള്‍, മൊയ്തുക്കയുടെ മോട്ടോര്‍ സൈക്കിളില്‍ കുറെ യാത്ര ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പിന്നീട്, ചെറൂപ്പ ചന്ദ്രിക ചീഫ് എഡിറ്ററായ ശേഷവും ഇതേ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ട്.
ഒരിക്കല്‍ ആവോലം ബഷീര്‍ എന്ന സാധാരണ ലീഗ് പ്രവര്‍ത്തകനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിയ മൊയ്തുക്ക, ”നീ നല്ലൊരു സ്ഥാനത്ത് എത്തും” എന്ന് പറഞ്ഞ കഥയുണ്ട്. ബഷീര്‍ പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി.
കെ.എം സൂപ്പി സാഹിബ് ഖത്തറില്‍ വന്നപ്പോഴും ഈ മോട്ടോര്‍ സൈക്കിളില്‍ സഞ്ചിരിച്ചിരുന്നു. സി.മോയിന്‍കുട്ടി സാഹിബും സഞ്ചരിച്ചിട്ടുണ്ട്. കേയി സാഹിബ്, പി.പി.വി മൂസ, വി.പി മഹ്മൂദ് ഹാജി, എന്‍.എ.എം പെരിങ്ങത്തൂര്‍, കെ.വി സൂപ്പി ഹാജി, പട്ടാടത്തില്‍ കുഞ്ഞഹമ്മദ്, പി.വി സൈനുദ്ദീന്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ.കെ മുഹമ്മദ് സാഹിബ് തുടങ്ങിയവരുമായെല്ലാം ഉറ്റ ബന്ധമായിരുന്നു അദ്ദേഹത്തിന്. ഇവരില്‍ കെ.കെയോട് അമിതമായ താല്‍പര്യവും ഇഷ്ടവുമുണ്ടായിരുന്നു. തികച്ചുമൊരു സാധാരണക്കാരനായിരിക്കുമ്പോള്‍ തന്നെ, ജീവിതമാസകലം ലീഗിനെ കൊണ്ടുനടന്നു അദ്ദേഹം.


പ്രായത്തില്‍ കുറഞ്ഞയാളുകളെയെല്ലാം സ്‌നേഹത്തോടെ ‘എടാ’ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. വാല്‍സല്യ നിധിയായിരുന്നു ആ മനുഷ്യന്‍. എന്നാല്‍, മുസ്‌ലിം ലീഗിന് പോറലേല്‍ക്കുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ അവരില്‍ നിന്നുണ്ടായാല്‍ സഹിക്കാനും പൊറുക്കാനും അദ്ദേഹം ഒരിക്കലും തയാറല്ലായിരുന്നു. വളരെ പരുഷമായി കട്ടിയോടെ പോരടിക്കുന്ന പാര്‍ട്ടിയുടെ എക്കാലത്തെയും കര്‍മഭടനായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ഏത് പരിപാടികള്‍ക്കും ജാഥകള്‍ക്കും ആദ്യം എത്തുന്നയാള്‍ മൊയ്തുക്കയായിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ലീഗിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ വിജയത്തിലെത്തിക്കുന്നത് വരെ വിശ്രമമില്ലാതെ പണിയെടുത്ത അടിമുടി പാര്‍ട്ടി സ്‌നേഹിയായിരുന്നു.
ഖത്തറിലെ ഡിഫന്‍സ് ജോലി നഷ്ടപ്പെട്ട ശേഷം ദോഹ ബാങ്കിലായിരുന്നു മൊയ്തുക്ക ജോലി ചെയ്തിരുന്നത്. അപ്പോഴും, സമയമുണ്ടാക്കി പാര്‍ട്ടി പ്രചാരണം അദ്ദേഹം ദൗത്യമായി ഏറ്റെടുത്തിരുന്നു.
ഖത്തര്‍-കൂത്തുപറമ്പ മണ്ഡലം കെഎംസിസിയുടെ സ്ഥാപകരിലൊരാളായിരുന്നു മെയ്തുക്ക. മുസ്‌ലിം ലീഗിന്റെ നിര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലഘട്ടത്തിന് ശേഷം കെഎംസിസിയില്‍ വളരെ സജീവമായിരുന്നു അദ്ദേഹം. ഖത്തറിലെ പ്രമുഖ കെഎംസിസി നേതാക്കളായിരുന്ന എസ്.എ.എം ബഷീര്‍, പാറക്കല്‍ അബ്ദുല്ല, പി.കെ അബ്ദുല്ല, എം.പി ഷാഫി ഹാജി, പി.എസ്.എച്ച് തങ്ങള്‍, ആര്‍.ഒ കലാം സാഹിബ്, അടിയോട്ടില്‍ അഹ്മദ്, തായമ്പത്ത് കുഞ്ഞാലി, ആനാണ്ടി മൊയ്തു ഹാജി, സി.ജെ.എസ് തങ്ങള്‍, പോക്കര്‍ കക്കാട്, ടി.വി അബ്ദുല്‍ ഖാദര്‍ ഹാജി, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, അഹമ്മദ് പാതിരിപ്പറ്റ, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവരോടെല്ലാം വലിയ ബന്ധമായിരുന്നു. ഖത്തര്‍ കെഎംസിസി മുന്‍ ജന.സെക്രട്ടറിയും ഖത്തര്‍-കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറിയുമായ അബ്ദുന്നാസര്‍ നാച്ചിയുമായും വളരെ അടുത്ത സൗഹൃദ ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. എല്ലാ പരിപാടികളിലും ഹാജരുണ്ടാകുമായിരുന്ന മൊയ്തുക്ക, മികച്ചൊരു സംഘാടകന്‍ കൂടിയായിരുന്നു.
കുറച്ചു കാലമായി നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പഴയ കരിയാട് പഞ്ചായത്തില്‍ പെട്ട പാനൂര്‍ മുനിസിപ്പാലിറ്റിയിലാണ് മൊയ്തുക്ക താമസിച്ചിരുന്നത്. തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചിട്ടേയില്ല, അതിനൊട്ടും താല്‍പര്യവുമില്ല. എന്നാല്‍, പാര്‍ട്ടിക്ക് ഗുണകരമായ ആളുകളെ മല്‍സരിപ്പിക്കാനും ജയിപ്പിക്കാനും വലിയ ആവേശവും ഉല്‍സാഹവുമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്.
പണ്ട് ലീഗ് സമ്മേളനങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന മൊയ്തുക്കക്ക് വയനാട്ടിലെ ലീഗ് നേതാക്കളുമായും നല്ല ബന്ധമുണ്ടായിരുന്നു. കരിയാട്, കിടഞ്ഞി പ്രദേശത്ത് എന്‍.എ കരീം ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായും സവിശേഷ സ്‌നേഹ ബന്ധമാണുണ്ടായിരുന്നത്.
ലീഗുകാരാണെങ്കില്‍, അവരെ കൈമെയ് മറന്ന് സഹായിക്കാന്‍ സദാ സന്നദ്ധനായിരുന്നു അദ്ദേഹം.
എന്നോട് സവിശേഷമായൊരു ഇഷ്ടവും അടുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇഷ്ടക്കൂടുതലില്‍ ”നീ വമ്പനായി, വലിയ കച്ചവടക്കാരനായി, നിന്നെ ഇപ്പോള്‍ കാണാനേ ഇല്ലല്ലോ” എന്നെല്ലാം സ്‌നേഹത്തോടെ പറഞ്ഞു കൊണ്ട് കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ സ്‌നേഹിച്ചു ആ വലിയ മനുഷ്യ സ്‌നേഹി. എല്ലാ വിശേഷങ്ങള്‍ക്കും ഞങ്ങള്‍ പരസ്പരം ക്ഷണിക്കുമായിരുന്നു. എന്റെ വീട്ടില്‍ എപ്പോഴും അദ്ദേഹം വരാറുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ അസുഖ ബാധിതനായി കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. സംസാരിക്കാനാവാത്ത സ്ഥിതിയിലായിരുന്നിട്ടു കൂടി മൊയ്തുക്ക കാണണമെന്ന് ഉല്‍ക്കടമായി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ഹക്കീമും സമീറും ഉപ്പയുടെ വിവരങ്ങള്‍ അറിയിക്കാറുണ്ടായിരുന്നു.
നാട്ടിലെ മതസൗഹാര്‍ദവും സഹിഷ്ണുതയും സ്‌നേഹ ബഹുമാനവും പരസ്പര വിശ്വാസവും നിലനിര്‍ത്തുന്നതിലും മൊയ്തുക്ക വഹിച്ച പങ്ക് വില മതിക്കാനാവാത്തതാണ്. ഒരിക്കലും മറക്കാനാവാത്ത അനുപമ വ്യക്തിത്വമായിരുന്നു മൊയ്തുക്ക. ആ അമര സ്‌നേഹ വാല്‍സല്യത്തിന്റെ സ്മരണകളും സ്വാലിഹായ കര്‍മ ഫലങ്ങളുമാണ് ഇന്ന് ബാക്കിയുള്ളത്. മനുഷ്യസ്‌നേഹികളുടെ മനസ്സില്‍ മൊയ്തുക്ക ഒരു പ്രകാശ വൃക്ഷമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും മര്‍ഹമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു.

കെ.സൈനുല്‍ ആബിദീന്‍