ചരിത്ര രചന അപകടപ്പെടുമ്പോള്‍ ജനാധിപത്യം തന്നെ ഇല്ലാതാകുന്നു: ഡോ. കെ.കെ.എന്‍ കുറുപ്പ്

98
'മലബാര്‍ സമരം: ചരിത്രത്തിന് ഫാഷിസത്തിന്റെ തിരുത്തതോ?' എന്ന ശീര്‍ഷകത്തില്‍ യുഐസി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് സംസാരിക്കുന്നു

ദുബൈ: ചരിത്ര രചനകളില്‍ ഭരണകൂട താല്‍പര്യത്തിനനുസരിച്ച് അനാവശ്യമായി ഇടപെടുമ്പോള്‍ സത്യസന്ധമായ ചരിത്രം മാറ്റിമറിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും, ഈ വിധത്തില്‍ ചരിത്ര രചന അപകടപ്പെടുമ്പോള്‍ ജനാധിപത്യം തന്നെയാണ് ഇല്ലാതാകുന്നതെന്നും പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു. ‘മലബാര്‍ സമരം: ചരിത്രത്തിന് ഫാഷിസത്തിന്റെ തിരുത്തതോ?’ എന്ന ശീര്‍ഷകത്തില്‍ യുഐസി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ബ്രിട്ടീഷ് പട്ടാളം വധിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്‌ല്യാരെയും മറ്റു നിരവധി ദേശാഭിമാനികളായ ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) നീക്കം ചരിത്രത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
മലബാര്‍ സമരത്തെ അപഗ്രഥിക്കുന്ന പ്രവാസ ലോകത്ത് നിന്നുള്ള മികച്ച സംഭാവനകളാണ് നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട് രചിച്ച ‘വാരിയന്‍ കുന്നത്ത് സീറപ്പാട്ടും’ മുജീബ് തങ്ങള്‍ കൊന്നാര് രചിച്ച ‘100 ഖിലാഫത്ത് നായകന്മാര്‍’ എന്ന പുസ്തകവുമെന്ന് യുഎഇ കെഎംസിസി ജനഹ.സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭിപായപ്പെട്ടു. പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെയുള്ള വിദേശികളോട് സമരം ചെയ്ത മലബാറിലെ ജനതക്ക് സംഭവിച്ച സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലുണ്ടായ പിന്നാക്കാവസ്ഥയില്‍ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവര്‍ ശക്തമായി തിരിച്ചെത്തിയത് ചരിത്രത്തില്‍ തുല്യതയില്ലാത്തതാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രം കീഴ്‌മേല്‍ മറിയുന്ന ഇക്കാലത്ത് പുതുതലമുറ ചരിത്ര പഠനത്തിന് കൂടുതല്‍ സന്നദ്ധത കാണിക്കണമെന്ന് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെംബര്‍ ഡോ. പി.പി അബ്ദുറസാഖ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ആസൂത്രിത പദ്ധതിയായ രാജ്യത്തിന്റെ ഒരോ മേഖലകളിലെയും ചരിത്രം ഫാസിസ്റ്റുകള്‍ക്കനുകൂലമായി തിരുത്തി എഴുതുന്നതിന്റെ ഭാഗമാണ് മലബാര്‍ സമരത്തിന്റെ രചനയിലും നാം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലത്ത് സാമ്രാജ്യത്വ പാദസേവ ചെയ്ത സംഘ്പരിവര്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ മായ്ക്കാനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഭരണം കിട്ടിയപ്പോള്‍ സര്‍ക്കാര്‍ മിഷനറി ഉപയോഗിച്ച് മലബാര്‍ സമരത്തെയും അതിലെ രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമര ചരിത്ര രേഖയില്‍ നിന്നും വെട്ടിമാറ്റുന്ന നടപടിയെന്നും അഡ്വ. രാജേഷ് പുതുക്കാട് പ്രസ്താവിച്ചു.
യുവത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മലബാര്‍ സമരത്തെ 6 വാള്യങ്ങളായി സമഗ്രമായി വിശകലനം ചെയ്യുന്ന ഗ്രന്ഥ പരമ്പരയുടെ ആദ്യ വാള്യം പ്രസിദ്ധീകരണത്തിന് സജ്ജമായെന്ന് ഐഎസ്എം കേരള ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഇന്ത്യയുടെ മഹത്തായ മതേതര മൂല്യങ്ങളുടെയും ജനകീയ ദേശീയതയുടെയും കടയ്ക്കല്‍ കത്തി വെക്കുന്ന മേല്‍ക്കോയ്മാ ദേശീയത സ്ഥാപിച്ചെടുക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് കെഎന്‍എം സെക്രട്ടറി ഡോ. ജാബിര്‍ അമാനി പറഞ്ഞു. അബ്ദുല്ല മദനി, അസൈനാര്‍ അന്‍സാരി, മുജീബ്‌റഹ്മാന്‍ പാലത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.