പാരസ്പര്യ ബോധവും സമഭാവനവും സഹകരണ മനോഭാവവുമാണ് സമൂഹത്തെ ബലപ്പെടുത്തുന്നത്. നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ അന്യോന്യം സഹായിക്കാനും സഹകരിക്കാനുമാണ് അല്ലാഹു കല്‍പ്പിക്കുന്നത് (സൂറത്തുല്‍ മാഇദ 2). നബി (സ്വ) കൈ വിരലുകള്‍ പരസ്പരം കോര്‍ത്തിണക്കി പറഞ്ഞത് ”സത്യവിശ്വാസികള്‍ പരസ്പരം ഒരു കെട്ടിടം കണക്കെയാണ്, അതിലെ ഭാഗങ്ങള്‍ പരസ്പരം ശക്തി പകരുന്നതാണ്” (ഹദീസ് ബുഖാരി, മുസ്ലിം) എന്നായിരുന്നു. വ്യക്തികള്‍ പരസ്പരം സ്നേഹത്തിലും സഹായത്തിലും ഐക്യത്തിലുമായി കഴിഞ്ഞു കൂടുമ്പോഴാണ് ഒരൊറ്റ തടി പോലെ ശക്തി പ്രാപിക്കുന്നതെന്നാണ് പ്രസ്തുത ഹദീസ് നല്കുന്ന പാഠം.
സമൂഹമെന്ന വലിയ സ്ഥാപനത്തിലെ പ്രഥമവും പ്രധാനവുമായ ഘടകമാണ് കുടുംബം. വീടകങ്ങളില്‍ കുടുംബാംഗങ്ങളില്‍ സ്നേഹാര്‍ദ്രതയും കാരുണ്യവും സന്തോഷവും കുടികൊള്ളുമ്പോഴാണ് കുടുംബം സുഭദ്രമാകുന്നത്. അല്ലാഹു പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതം ആസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടത് തന്നെയത്രെ (സൂറത്തു റൂം 21). കുടുംബത്തിന്റെ കടിഞ്ഞാണ്‍ മാതാപിതാക്കളുടെ കൈയിലാണ്. അവര്‍ രക്ഷാകര്‍തൃ ബോധത്തോടെ കുടുംബ കാര്യങ്ങള്‍ നിര്‍വഹിക്കണം. കൂടെ ഇരുന്ന് മക്കള്‍ക്ക് സംശുദ്ധ സ്വഭാവങ്ങളും മര്യാദകളും പഠിപ്പിക്കണം. കുടുംബ പരിപാലന കാര്യത്തില്‍ അല്ലാഹു ഇസ്മാഈല്‍ നബി(അ)യെ പുകഴ്ത്തുന്നതായി സൂറത്തു മര്‍യം 55-ാം സൂക്തത്തില്‍ കാണാം. തന്റെ സ്വന്തക്കാരെ നമസ്കരിക്കാനും സകാത്ത് നല്‍കാനും അനുശാസിക്കുമായിരുന്ന ഇസ്മാഈല്‍ നബി (അ) അല്ലാഹുവിന്റെ ഇഷ്ട ഭാജനമായിരുന്നുവത്രെ.
കെട്ടുറപ്പുള്ള സമൂഹത്തിന്റെ നിലനില്‍പ്പിന് ഒഴിച്ചു കൂടാനാവാത്തതാണ് കുടുംബ ബന്ധങ്ങള്‍. കുടുംബാംഗങ്ങളുമായുള്ള ബന്ധം പുതുക്കിക്കൊണ്ടിരിക്കണം. അന്യോന്യം ബഹുമാനിക്കണം. കുശലാന്വേഷണങ്ങള്‍ നടത്തണം. കാര്യങ്ങള്‍ ചോദിച്ചറിയണം. ആവശ്യങ്ങള്‍ കഴിയും വിധം നിറവേറ്റിക്കൊടുക്കണം. അതൊക്കെ കുടുംബത്തിലെ ബാധ്യതകളാണ്. ബന്ധുക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ വക വെച്ചു നല്‍കാനാണ് അല്ലാഹു കല്‍പ്പിക്കുന്നത് (സൂറത്തു റൂം 38).
അയല്‍വാസികളുമായുള്ള ബന്ധവും സാമൂഹിക ഭദ്രതയെ സ്വാധീനിക്കുന്നതാണ്. അയല്‍വാസികള്‍ തമ്മില്‍ ഐക്യത്തിലും ബഹുമാനത്തിലും സഹിഷ്ണുതയിലും കഴിഞ്ഞു കൂടണം. അടുത്ത വീടുകളിലുള്ളവര്‍ പരസ്പരം അറിയണം. അവര്‍ക്കുള്ള കടമകള്‍ ചെയ്തു തീര്‍ക്കണം. അയല്‍വാസിയോട് സുകൃതം ചെയ്യുമ്പോഴാണ് സത്യവിശ്വാസം പൂര്ണമാവുന്നതെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് തുര്‍മുദി 2305).
വിദ്യാഭ്യാസ രംഗത്തിനും സമൂഹ നിര്‍മിതിയില്‍ സ്ഥാനമുണ്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം പിതൃതുല്യമായി ഊഷ്മളമായിരിക്കണം. നബി (സ്വ) സ്വഹാബികളോട് പറഞ്ഞത് ഞാന്‍ നിങ്ങള്‍ക്ക് അധ്യാപകനായ പിതാവിനെ പോലെ എന്നാണ് (ഹദീസ് അബൂദാവൂദ് 8, നസാഈ 40). തൊഴിലിടങ്ങളിലും നാട്ടുകാര്യങ്ങളിലും ഐക്യം നിലനില്‍ക്കുമ്പോഴാണ് സമൂഹം ബലവത്തായ ഒരൊറ്റ വന്മതിലായി മാറുന്നത്.
നബി (സ്വ) പറയുന്നു, ”സത്യവിശ്വാസികള്‍ പരസ്പര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാ വായ്പിന്റെയും കാര്യത്തില്‍ ഒരൊറ്റ ശരീരം പോലെയാണ്. ആ ശരീരത്തിലെ ഒരവയവത്തിന് രോഗം ബാധിച്ചാല്‍ മുഴുവന്‍ ശരീരാവയവങ്ങളും പനിക്കുകയും ഉറക്കമൊഴിക്കുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം). ഭാഷ-ദേശാ-വേഷ വൈജാത്യങ്ങളുണ്ടെങ്കിലും മനുഷ്യ സമൂഹം സമത്വത്തില്‍ ജീവിക്കുമ്പോഴാണ് നാട് ഐശ്വര്യപൂര്‍ണമാകുന്നത്.