
ഉമ്മുല്‍ഖുവൈന്‍: ‘ചരിത്രത്തിലൂടെ’ എന്ന വിഷയത്തില്‍ ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ചരിത്ര പഠന ക്‌ളാസിന് യുഎഇ കെഎംസിസി ജന.സെക്രട്ടറി അന്‍വര്‍ നഹ നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര സത്യങ്ങള്‍ എങ്ങനെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കിയാലും ജനഹൃദയങ്ങളില്‍ നിന്ന് അതിനെ മായ്ച്ചു കളയാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും ചരിത്രം പഠിക്കുകയും അത് വരുംതലമുറക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യേണ്ടത് നമ്മുടെ കര്‍ത്തവ്യമാണന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചരിത്രത്തിലെ സ്മരണീയ സംഭവങ്ങള്‍ സമകാലിക ലോകത്തെ എങ്ങനെ പാകപ്പെടുത്തിയെടുത്തുവെന്നും, അത് മനസ്സിലാക്കിയാല്‍ മാത്രമേ അതിജീവനം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം വര്‍ത്തമാന കാല സംഭവങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് പറഞ്ഞു.
മലബാറിലെ പോരാട്ടം പോര്‍ച്ചുഗീസുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും മറക്കാന്‍ കഴിയാത്തത് തന്നെ പോരാട്ടത്തിന്റെ ഉശിരുള്ള തിരുശേഷിപ്പാണെന്നും അദ്ദേഹം സോദാഹരണം വരച്ചു കാട്ടിയത് പഠനാര്‍ഹമായി. ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഹമീദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജന.സെക്രട്ടറി അഷ്‌കര്‍ അലി തിരുവത്ര സ്വാഗതമാശംസിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി അബു ചിറക്കല്‍, സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് ചിത്താരി, കോയക്കുട്ടി പുത്തനത്താണി, സൈനുദ്ദീന്‍ ചിത്താരി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് എം.ബി നന്ദി പറഞ്ഞു.