ഐപിഎല്‍ മത്സരങ്ങള്‍: വിപിഎസ് ഹെല്‍ത്ത് കെയര്‍ വീണ്ടും ഔദ്യോഗിക ഹെല്‍ത്ത് കെയര്‍ പങ്കാളി

21
ഐപിഎല്ലില്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന വിപിഎസ്‌ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ ടീം

ബയോ ബബ്ള്‍ ഒരുക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി 30,000 പിസിആര്‍ ടെസ്റ്റുകള്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ നടത്തും.

ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന അതേ ഹോട്ടല്‍ ബബ്‌ളുകളില്‍ നഴ്‌സുമാരും മെഡിക്കല്‍ ജീവനക്കാരും താമസിക്കും.

അടിയന്തര ചികിത്സ, സ്‌പോര്‍ട്‌സ് മെഡിസിന്‍, എയര്‍ ആംബുലന്‍സ് തുടങ്ങി സമഗ്രമായ ആരോഗ്യ സേവനങ്ങള്‍ ഗ്രൂപ് ഐപിഎല്ലിനായി നല്‍കും.

ദുബൈ: കോവിഡ്19 സാഹചര്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ആരോഗ്യ പങ്കാളിയായി വിപിഎസ് ഹെല്‍ത്ത് കെയറിനെ ബിസിസിഐ നിയമിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ടൂര്‍ണമെന്റിന് ആരോഗ്യ പരിരക്ഷയൊരുക്കാനുംകോവിഡിനെ മറികടക്കാനുള്ള ബയോ ബബ്‌ളിനുള്ള മെഡിക്കല്‍സേവനങ്ങള്‍ക്കുമായി ഗ്രൂപ്പിനെ നിയമിക്കുന്നത്. കഴിഞ്ഞ സീസണില്‍ മത്സരങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കിയ അനുഭവ സമ്പത്തും വൈദഗ്ധ്യവുമായാണ് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഇത്തവണ നിര്‍ണായക ചുമതല ഏറ്റെടുക്കുന്നത്. ടൂര്‍ണമെന്റിനായി സമഗ്ര ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഗ്രൂപ് ബയോ ബബ്ള്‍ ഉറപ്പാക്കാനായി 30,000 പിസിആര്‍ ടെസ്റ്റുകള്‍ നടത്തും. പുന:ക്രമീകരിച്ച ഐപിഎല്‍ ടൂര്‍ണമെന്റ് സെപ്തംബര്‍ 19 മുതല്‍ ഒക്‌ടോബര്‍ 15 വരെ അബുദാബി, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലായാണ് നടക്കുക. ആകെ 31 മത്സരങ്ങളാണ് രണ്ട് ടൂര്‍്ണമെന്റിലുള്ളത്.
മഹാമാരിക്കിടെ സുരക്ഷിതമായ ഐപിഎല്‍ മത്സരങ്ങള്‍ ഉറപ്പാക്കാന്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ എമിറേറ്റുകളിലെ എല്ലാ ആശുപത്രികളിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയെന്ന നിലയില്‍ അടിയന്തിര മെഡിക്കല്‍ സേവനങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സപ്പോര്‍ട്ട്, മസ്‌കുലോസ്‌കലെറ്റല്‍ ഇമേജിംഗ്, സ്‌പെഷ്യലിസ്റ്റ് ടെലി കണ്‍സള്‍ട്ടേഷന്‍, ഡോക്ടര്‍ ഓണ്‍ കോള്‍, ആംബുലന്‍സ്/എയര്‍ ആംബുലന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ ഗ്രൂപ നല്‍കും. ഇതിനായി 100 അംഗ മള്‍ട്ടി ഡിസിപ്‌ളിനറി ടീമിന് രൂപം നല്‍കിയിട്ടുണ്ട്. ഡേക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരടങ്ങുന്ന രണ്ട് മെഡിക്കല്‍ ടീമുകളെ ഓരോ മത്സരത്തിനും നിയോഗിക്കും.

 

കര്‍ശന ടെസ്റ്റിംഗ് പ്രൊട്ടോകോള്‍
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനെക്കാള്‍ കര്‍ശനമായ ടെസ്റ്റിംഗ് പ്രൊട്ടോക്കോള്‍ ആണ് ഇത്തവണ വിപിഎസ് ഹെല്‍ത്ത് കെയര്‍ വിദഗ്ധര്‍ ഐപിഎല്ലിനായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മത്സരങ്ങള്‍ കുറവാണെങ്കിലും കൂടുതല്‍ ടെസ്റ്റുകള്‍ ഇക്കുറി നടത്തും. കളിക്കാര്‍ എത്തുന്നതിന് മുന്നോടിയായി ദുബൈയിലെയും അബുദാബിയിലെയും 14 ഹോട്ടലുകളിലായി 750 ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള കോവിഡ്19 പരിശോധന പൂര്‍ത്തിയാക്കി. ഓഗസ്റ്റ് 13ന് മുംബൈ ഇന്ത്യന്‍സിന്റെയും ചെന്നൈ സൂപര്‍ കിംഗ്‌സിന്റെയും കളിക്കാരുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് ടീമുകള്‍ക്കുള്ള പരിശോധന ആരംഭിച്ചത്. പുതുക്കിയ പ്രൊട്ടോക്കോള്‍പ്രകാരം കളിക്കാരും ഉദ്യോഗസ്ഥരും മൂന്ന് ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തേണ്ടതിനാല്‍, ഈ വര്‍ഷം ആകെ 30,000 ടെസ്റ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഓരോ ദിവസവും ഐപിഎല്ലിനായി 2,000 പിസിആര്‍ ടെസ്റ്റുകള്‍ നടത്താന്‍ ശേഷിയുള്ള ലാബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 6 മുതല്‍ 8 വരെ മണിക്കൂറുകള്‍ക്കുള്ളില്‍ റിസള്‍ട്ടുകള്‍ ലഭിക്കും. മാത്രമല്ല, സുരക്ഷിതമായ ബയോ ബബ്ള്‍ ഉറപ്പാക്കാന്‍ നഴ്‌സുമാരെയും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളെയും ടൂര്‍ണമെന്റിന്റെ അവസാനം വരെ കളിക്കാര്‍ താമസിക്കുന്ന അതേ ഹോട്ടലുകളിലാണ് താമസിപ്പിച്ചിക്കുക.
ഐപിഎല്ലിനാവശ്യമായ ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ഗ്രൂപ് പൂര്‍ണ സജ്ജമാണെന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ സിഇഒ (ദുബൈ & നോര്‍തേണ്‍ എമിറേറ്റ്‌സ്) ഡോ. ഷാജിര്‍ ഗഫാര്‍ പറഞ്ഞു. ”കോവിഡിനിടെ യുഎഇയില്‍ നടന്ന വിവിധ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ ഒരുക്കിയതിന്റെ അനുഭവ സമ്പത്ത് ഞങ്ങളുടെ ടീമിനുണ്ട്. ടൂര്‍ണമെന്റിലുടനീളം കളിക്കാര്‍ക്കും മറ്റ് ബിസിസിഐ പങ്കാളികള്‍ക്കും ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഐപിഎല്‍, ഐസിസി ടി 20 ലോക കപ്പ് മത്സരങ്ങള്‍ക്ക് തുടര്‍ച്ചയായി ആതിഥ്യമരുളുന്നതിലൂടെ സുരക്ഷിതമായ ആഗോള കായിക കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം മുന്‍നിരയില്‍ ഉറപ്പിക്കപ്പെടും” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഐപിഎല്ലിനിടെ 45,000 പിസിആര്‍ ടെസ്റ്റുകള്‍ക്കും കായിക താരങ്ങളുടേതടക്കം 80 ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കും 156 പരിക്കുകള്‍ ചികിത്സിക്കാനുമാണ് വിപിഎസ് സേവനമൊരുക്കിയിരുന്നത്. യുഎഇ സൈക്‌ളിംഗ് ടൂര്‍, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് സ്റ്റേജ് മത്സരങ്ങള്‍, ടി 10, യുഎഫ്‌കെ, യുഎഇ വാരിയേഴ്‌സ് തുടങ്ങിയ മറ്റ് അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ഗ്രൂപ് അടുത്തിടെ കോവിഡ് സേവനങ്ങള്‍ നല്‍കിയിരുന്നു.
ഇത്തവണ വിപിഎസ് ഹെല്‍ത്ത് കെയറിന് കീഴിലുള്ള റെസ്‌പോണ്‍സ് പ്‌ളസ് മെഡിക്കല്‍ മത്സരങ്ങള്‍ക്ക്ആംബുലന്‍സ്/എയര്‍ ആംബുലന്‍സ് പിന്തുണ നല്‍കും. പരിക്കേറ്റ കളിക്കാര്‍ക്ക് അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ വിപിഎസ് ആശുപത്രികളില്‍ പരിചരണം നല്‍കും. അതേസമയം, എയര്‍ ആംബുലന്‍സ് സൗകര്യം ആവശ്യമുള്ള കളിക്കാരെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റും.

മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ പിസിആര്‍ സാമ്പിള്‍ നല്‍കാനായി എത്തിയപ്പോള്‍. കഴിഞ്ഞ സീസണില്‍ ടീം പങ്കു വെച്ച ഫോട്ടോ