വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയിയെ അനുസ്മരിച്ചു

26

അജ്മാന്‍: വിഖ്യാത മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റും മാധ്യമ ട്രേഡ് യൂണിയനിസ്റ്റുമായിരുന്ന കെ.എം റോയിയെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ (കെയുഡബ്‌ള്യുജെ-ഐഎംഎഫ്) അനുസ്മരിച്ചു. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്‌ള്യുജെ) സംസ്ഥാന പ്രസിഡന്റും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് സെക്രട്ടറി ജനറലുമായിരുന്ന കെ.എം റോയ്, മംഗളം ജനറല്‍ എഡിറ്ററായിരിക്കെ കാല്‍ നൂറ്റാണ്ടിലേറെ കാലം പ്രസിദ്ധീകരിച്ച ‘ഇരുളും വെളിച്ചവും’ മനുഷ്യ സ്‌നേഹികളുടെയാകെ മനം കവര്‍ന്ന പംക്തിയായിരുന്നു. മാധ്യമ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടിയ അദ്ദേഹത്തിന് അക്കാരണത്താല്‍ പലപ്പോഴും ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. ‘ദി ഹിന്ദു’, ‘എകണോമിക് ടൈംസ്’ ‘യുഎന്‍ഐ’, മംഗളം’ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച കെ.എം റോയ് ഏതവസ്ഥകളിലും ധാര്‍മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച സമുജ്വല വ്യക്തിത്വമായിരുന്നു. മാധ്യമ മേഖലയില്‍ ഭാഷയിലും പ്രയോഗങ്ങളിലും ഉത്തമമായ സംഭാവനകള്‍ സമര്‍പ്പിച്ചു അദ്ദേഹമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. രാജു മാത്യു, എം.സി.എ നാസര്‍, കെ.എം അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, ഭാസ്‌കര്‍ രാജ്, സാദിഖ് കാവില്‍, അരുണ്‍ രാഘവന്‍, റോയ് റാഫേല്‍, എന്‍.എ.എം ജാഫര്‍, ജസിത സഞ്ജിത്, ശ്രീരാജ് കൈമള്‍, ഷിന്‍സ് സെബാസ്റ്റിയന്‍, തന്‍സി ഹാഷിര്‍, പ്രമദ് ബി.കുട്ടി, ശാന്തിനി, ഷിഹാബ് അബ്ദുല്‍ കരീം, ഉണ്ണികൃഷ്ണന്‍, ജോബി വാഴപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ജലീല്‍ പട്ടാമ്പി സ്വാഗതവും നന്ദിയും പറഞ്ഞു.