നിയമ സഹായം ജീവകാരുണ്യം പോലെ മഹത്തരം: സമദാനി എംപി

74
ദുബൈ കെഎംസിസി സംഘടിപ്പിച്ച നിയമ സഹായ വെബിനാര്‍ ഉദ്ഘാടനം ചെയ്ത് എം.പി അബ്ദുസ്സമദ് സമദാനി എംപി സംസാരിക്കുന്നു

ദുബൈ: നിയമക്കുരുക്കില്‍ പെട്ട് മാനസിക സംഘര്‍ഷത്തില്‍ കഴിയുന്നവര്‍ക്ക് നിയമ സഹായം നല്‍കുകയെന്നത് ധനസഹായവും ഭക്ഷ്യ സഹായവും നല്‍കിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തോളവും, ചിലപ്പോള്‍ അതിനെക്കാളും മഹത്തരമായ സേവന പ്രവര്‍ത്തനമാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. ആഹാരവും പാര്‍പ്പിടവുമില്ലാതെ ദിവസങ്ങളോളം മനുഷ്യന് ജീവിതം മുന്നോട്ടു നീക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, നിസാര നിയമ പ്രശ്‌നങ്ങള്‍ മൂലമുള്ള കുരുക്കുകളിലകപ്പെട്ടുണ്ടാകുന്ന മാനസിക വിഭ്രാന്തി മനുഷ്യനെ ആത്മാഹുതിയിലേക്ക് പോലും തള്ളി നീക്കും. അങ്ങനെ കുടുംബങ്ങള്‍ അനാഥമാകുന്ന സ്ഥിതിവിശേഷം ഇന്ന് സമൂഹത്തില്‍ വര്‍ധിച്ചു വരുന്നു. ”ജനങ്ങള്‍ സാമാന്യ നിയമങ്ങളെ കുറിച്ച് ബോധവാന്മാരാവേണ്ടതുണ്ട്. ഈയൊരു ചിന്തയില്‍ നിന്നാണ് ഞാന്‍ പോലും നിയമ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്” -തന്റെ അനുഭവം പങ്കുവെച്ചു കൊണ്ട് സമദാനി പറഞ്ഞു. സാമൂഹിക ജീവിതത്തില്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന നിയമ പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധവും നിയമോപദേശങ്ങളും വളര്‍ത്തേണ്ടത് ഇന്ന് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ഇക്കാര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ നിയമജ്ഞര്‍ക്കും അഭിഭാഷകര്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് യുഎഇയിലെ തൊഴില്‍, വിസ, യാത്രാ നിയമങ്ങളില്‍ സാന്ദര്‍ഭികമായി വന്നു കൊണ്ടിരിക്കുന്ന ഭേദഗതികളെ കുറിച്ച് സംവദിക്കാനായി ദുബൈ കെഎംസിസി ലീഗല്‍ സെല്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സമദാനി എം.പി.
വിവിധ സേവനോന്‍മുഖ പ്രവര്‍ത്തനങ്ങള്‍ നടത്തി ലോകത്തിന് മാതൃകയായ കെഎംസിസിയുടെ മറ്റൊരു പൊന്‍ തൂവലാണ് ലീഗല്‍ സെല്ലും അതിന്റെ പ്രവര്‍ത്തനങ്ങളുമെന്ന് അദ്ദേഹം അഭിനന്ദിച്ചു. ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി(സിഡിഎ)യുടെ അനുമതിയോടെ ഇത് അഞ്ചാം തവണയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചത്. തൊഴില്‍, പാസ്‌പോര്‍ട്ട്, വിസ, യാത്ര, താമസം, കുടുംബം, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ തൊഴിലാളികളും തൊഴിലുടമകളും അഭിഭാഷകരുമായുള്ള മുഖാമുഖത്തില്‍ സംവദിച്ച് പരിഹാര മാര്‍ഗങ്ങള്‍ ആരാഞ്ഞു.
ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി, സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി, ഇബ്രാഹിം മുറിച്ചാണ്ടി, റയീസ് തലശ്ശേരി, ഒ.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, നിസാം കൊല്ലം, മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം, ബക്കര്‍ ഹാജി സംസാരിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍, അഡ്വ. അഷ്‌റഫ് കൊവ്വല്‍, അഡ്വ. ഫൈസല്‍, അഡ്വ. നാസിയ തുടങ്ങിയവര്‍ പങ്കെടുത്തു.
ലീഗല്‍ സെല്‍ ജന.കണ്‍വീനര്‍ അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും മജീദ് മക്കിയാട് നന്ദിയും പറഞ്ഞു.