അബുദാബി റിയാദ് സിറ്റിയില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

35
ലുലു ഗ്രൂപ്പിന്റെ 214ാമത് ഹൈപര്‍ മാര്‍ക്കറ്റ് അബുദാബി റിയാദ് സിറ്റിയിലെ കോര്‍ട്ട് യാര്‍ഡ് മാളില്‍ അബുദാബി മുനിസിപ്പാലിറ്റി അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ സഹി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, സിഇഒ സൈഫി രൂപാവാല, സിഒഒ വി.ഐ സലീം സമീപം

അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് അബുദാബിയിലെ റിയാദ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി മുനിസിപ്പാലിറ്റി അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ സഹി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അബുദാബി നഗരത്തിലെ പ്രാന്തപ്രദേശമായ റിയാദ് സിറ്റിയിലെ പുതിയ വാണിജ്യ സമുച്ചയമായ കോര്‍ട്ട് യാര്‍ഡ് മാളിലാണ് 40,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന്റെ ആഗോള തലത്തിലുള്ള 214ാമത് ഹൈപര്‍ മാര്‍ക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഉല്‍പന്നങ്ങള്‍, പഴം-പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വിശാലമായ ശേഖരം പുതിയ ഹൈപര്‍ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഹൈപര്‍ മാര്‍ക്കറ്റ് കൂടാതെ, വിവിധ റീടെയില്‍ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും പുതിയ വാണിജ്യ സമുച്ചയത്തില്‍ ഉള്‍പ്പെടുന്നു.
റിയാദ് സിറ്റിയിലും സമീപ പ്രദേശങ്ങളിലുമുള്ള താമസക്കാര്‍ക്ക് ഏറ്റവും മികച്ചതും ആധുനികവുമായ രീതിയിലുള്ള ഒരു ഹൈപര്‍ മാര്‍ക്കറ്റ് ഒരുക്കിയതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. റസിഡന്‍ഷ്യല്‍ കമ്യൂണിറ്റികളിലെ ഉപഭോക്താക്കള്‍ക്ക് ആയാസ രഹിതമായി ഉന്നത നിലവാരമുള്ള ഷോപ്പിംഗ് സൗകര്യം ഒരുക്കുന്നതില്‍ തങ്ങള്‍ ഏറെ ശ്രദ്ധാലുക്കളാണെന്നും യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, സിഇഒ സൈഫി രൂപാവാല, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അബുദാബി നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ മാറിയുള്ള റിയാദ് സിറ്റി പദ്ധതിയില്‍ സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, ആശുപത്രി, ക്‌ളിനിക്, പള്ളികള്‍, സിവില്‍ ഡിഫന്‍സ് സെന്ററുകള്‍, ഇന്ധന സ്റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉന്നത നിലവാരമുള്ളതും ആധുനിക രീതിയിലുള്ളതുമായ പാര്‍പ്പിട സമുച്ചയങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചാണ് പൂര്‍ത്തീകരിക്കുന്നത്.