മലബാര്‍ സമരം നൂറാം വാര്‍ഷികം: 500 വര്‍ഷത്തെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഉജ്വല സ്മരണകള്‍

97
ഫോട്ടോ: 'അന്നിരുപത്തൊന്നില്‍...' സര്‍ഗാത്മകത സദസ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്യുന്നു

‘അന്നിരുപത്തൊന്നില്‍…’ ശ്രദ്ധേയമായി

ദുബൈ: 500 വര്‍ഷത്തെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഉജ്വല സ്മരണകളാണ് മലബാര്‍ സമരം നൂറാം വാര്‍ഷികത്തിലൂടെ ആഘോഷിക്കപ്പെടുന്നതെന്ന് യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. ഈ നിമിഷങ്ങള്‍ സന്താപങ്ങളുടേതല്ല, മറിച്ച് ആത്മ ഹര്‍ഷത്തിന്റെയും നൂറ്റാണ്ടുകള്‍ പാശ്ചാത്യാധിനിവേശങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നമ്മുടെ മുന്‍ തലമുറയുടെ ചരിത്രവുമാണ് ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സമര പോരാട്ടത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെഎംസിസി തിരൂരങ്ങാടി-നീലഗിരി മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘അന്നിരുപത്തൊന്നില്‍…’ സര്‍ഗാത്മകത സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെഎംസിസി ഹാളിലായിരുന്നു ചടങ്ങ്.
പതിനഞ്ചാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍ മലബാറിലെ മാപ്പിളമാര്‍ പുലര്‍ത്തിയിരുന്ന അധിനിവേശ വിരുദ്ധ മനോഭാവം അവരുടെ സാഹിത്യത്തെയും സ്വാധീനിച്ചിരുന്നു. അധിനിവേശ വിരുദ്ധ സാഹിത്യം പ്രത്യക്ഷ സമരങ്ങള്‍ക്ക് പ്രേരകമായി വര്‍ത്തിച്ചിരുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പടപ്പാട്ടുകള്‍ മാപ്പിളമാരുടെ പോരാട്ട വീര്യത്തെ പ്രചോദിപ്പിക്കുമെന്ന ഭീതിയില്‍ നിന്നുമാണ് അവരുടെ പല സാഹിത്യ സൃഷ്ടികളില്‍ പലതും നിരോധിക്കപ്പെട്ടത്. ഒരു ജനതയെന്ന നിലയില്‍ അവരുടെ കലകളിലൂടെയും സാഹിത്യത്തിലൂടെയും ഉയര്‍ന്നു വന്ന ആ സ്വാതന്ത്ര്യ ബോധത്തിന്റെ ഓര്‍മകളും പങ്കു വെക്കേണ്ടതുണ്ടെന്ന് സദസ് അഭിപ്രായപ്പെട്ടു. മലബാര്‍ സമരത്തിന് നൂറു വയസ്സ് തികയുമ്പോള്‍ വീര പോരാട്ടത്തിന്റെ ദീപ്ത സ്മരണകള്‍ അയവിറക്കി, സ്വാതന്ത്ര്യാനന്തരം ബോധപൂര്‍വം തിരസ്‌കരിക്കപ്പെട്ട മലബാര്‍ ചരിത്രാഖ്യാനങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ആവശ്യകതയെ കൂടുതല്‍ സജീവമാക്കുകന്നെ ആശയത്തില്‍ നിന്നാണ് ‘അന്നിരുപത്തൊന്നില്‍…’ എന്ന പേരിലുള്ള സദസ് സംഘടിപ്പിക്കപ്പെട്ടത്. മലബാര്‍ സമരം നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല കെഎംസിസിയുടെ ഒരു വര്‍ഷം നീളുന്ന കാമ്പയിന്‍ ഭാഗമായിട്ടായിരുന്നു പരിപാടി.
നീലഗിരി മണ്ഡലം കെഎംസിസി നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ 1921 സമരത്തിന്റെ നേര്‍ സാക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശനം ചടങ്ങില്‍ നടന്നു. തിരൂരങ്ങാടി കെഎംസിസിയുടെ കീഴില്‍ ‘മലബാര്‍ സമരം ഇശലുകളിലൂടെ’ എന്ന ആലാപന സെഷനും ദുബൈയിലെ എടരിക്കോട് കോല്‍ക്കളി ടീം അവതരിപ്പിച്ച കോല്‍ക്കളിയിലെ സമര ഗാനങ്ങളും ചടങ്ങിനെ വേറിട്ടതാക്കി.
ടി.പി സൈതലവി അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, ആര്‍.ഷുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് യാഹുമോന്‍, ജിദ്ദ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സീതി കൊളക്കാടന്‍, റിയാദ് കെഎംസിസി ഭാരവാഹി ഷബീബ് രാമപുരം, നീലഗിരി മണ്ഡലം പ്രസിഡണ്ട് മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജബ്ബാര്‍ ക്‌ളാരി പ്രാര്‍ത്ഥന നടത്തി. റഹ്മത്തുള്ള തിരൂരങ്ങാടി സ്വാഗതവും സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

 

‘കോല്‍ക്കളിയുടെ പടപ്പാട്ടുകളു’മായി എടരിക്കോട് ടീം

”മാപ്പിള മലബാര്‍
മാഷ്ഹൂറത്താണ് ഈ ദാര്‍
ചോപ്പേറും ചോര ചിന്തിയ
താജുല്‍ അഹവാര്‍…”

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ശീലുകള്‍ കള്ളിമുണ്ടും ബെല്‍റ്റുമണിഞ്ഞ കോല്‍ക്കളിക്കാര്‍ ചിലമ്പണിഞ്ഞ ഈറന്‍ പനയില്‍ താളമടിച്ച് പാടിയപ്പോള്‍ ആസ്വാദകര്‍ക്ക് അത് നവ്യാനുഭവമായി. ‘അന്നിരുപത്തൊന്നില്‍…’ എന്ന പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ സെഷനായിരുന്നു ‘കോല്‍ക്കളിയുടെ പടപ്പാട്ടുകള്‍’ എന്ന ശീര്‍ഷകത്തില്‍ ദുബൈയിലെ എടരിക്കോട് കോല്‍ക്കളി ടീമിന്റെ പ്രകടനം. പടപ്പാട്ടുകളുടെ ഈണത്തില്‍ മാസ്മരിക ചുവടുകള്‍ തീര്‍ത്ത് എടരിക്കോട് സംഘം അവതരിപ്പിച്ച കോല്‍ക്കളി, തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ട വീര്യത്തെ അനുസ്മരിക്കും വിധമുള്ള മുന്നേറ്റ ചുവടുകളായിരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ നിരവധി തവണ കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ ടീമാണ് എടരിക്കോട്. ഷബീബ് എടരിക്കോടിന്റെ നേതൃത്വത്തിലുള്ള പ്രവാസി കലാകാരന്മാരാണ് കോല്‍ക്കളി പ്രകടനം മനോഹരമാക്കിയത്. വട്ടക്കോലില്‍ തുടങ്ങിയ കളി ‘മറിഞ്ഞടി മിന്‍കളി’യും, ‘മുന്നോട്ടേഴിക്ക’ലും കടന്ന് ‘ഒഴിച്ചടി മുട്ട് മൂന്നിന്റെ കോര്‍ക്ക’ലും ദൃശ്യമാക്കിയാണ് കളി അടക്കം വെച്ചത്. കലാകാരന്‍മാര്‍ക്ക് സുലൈമാന്‍ വെന്നിയൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

‘കോല്‍ക്കളിയിലെ പടപ്പാട്ടുകള്‍’ എന്ന ശീര്‍ഷകത്തില്‍ നടന്ന സെഷനില്‍ കളി അവതരിപ്പിച്ച എടരിക്കോട് കോല്‍ക്കളി ടീം