മമ്മൂട്ടിയെന്ന മനുഷ്യന്‍, അഭിനയ കലയുടെ മര്‍മരം

616

അഡ്വ. മുഹമ്മദ് സാജിദ്
നടന ചാരുതയുടെ മഹാ പ്രതിഭയായ മമ്മൂട്ടി ഈ സെപ്തംബര്‍ ഏഴിന് സപ്തതിയിലേക്ക് കടന്നു. അഭിനയത്തിന്റെ സമസ്ത ഭാവങ്ങളും ആവാഹിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത് മലയാള ചലച്ചിത്ര ഭൂമികയില്‍ ആദ്യ താര പരിവേഷം നേടിയ അതുല്യ നടന്‍ കൂടിയാണ് എഴുപതിന്റെ മിഴിവിലെത്തി നില്‍ക്കുന്ന മമ്മൂട്ടി.
സാമൂഹിക മാധ്യമങ്ങളും ഇതര സാങ്കേതിക വിദ്യകളും സര്‍വ വ്യാപിയാകും മുന്‍പേ സഹൃദയരുടെ മുഖ്യ വിനോദോപാധി ചലച്ചിത്രങ്ങളായിരുന്നല്ലോ. ഭാഷയിലും സാഹിത്യത്തിലും അന്നും ഉത്തുംഗ ശൃംഗത്തിലായിരുന്ന മലയാളത്തിലും ചലച്ചിത്രങ്ങള്‍
അവിഭാജ്യ ഘടകമാവുകയായിരുന്നു. മലയാള സിനിമയുടെ ആവിര്‍ഭാവ കാലം തൊട്ടേ ചലച്ചിത്ര മാധ്യമം സമൂഹത്തിലുളവാക്കുന്ന ചലനങ്ങളും സ്വാധീനവും അഭിനയ മേഖലയില്‍ കുലപതികളായിരുന്ന പൂര്‍വികരുടെ ജനസമ്മതിയും മനസ്സിലാക്കി തന്നെയാണ് മമ്മൂട്ടിയും ചലച്ചിത്ര വീഥി ജീവിതോപാധിയായി തെരഞ്ഞെടുത്തത്. ഒപ്പം, കലയോടും സാഹിത്യത്തോടുമുള്ള ഒടുങ്ങാത്ത അഭിനിവേശവും!
എറണാകുളത്തെ പ്രശസ്തമായ മഹാരാജാസ് കോളജിലും തുടര്‍ന്ന് ലോ കോളജിലും പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി തീര്‍ന്ന മുഹമ്മദ് കുട്ടി, ജീവിത വൃത്തി എന്നതിലുപരി നിയമ മേഖലയും നിയമ വ്യവസ്ഥകളും തന്റെ സാമൂഹിക പ്രതിബദ്ധത പ്രകടമാക്കാന്‍ തക്ക തലമായി കണ്ടിരുന്നുവെങ്കിലും, കലാലയ കാലത്തെ കലകളോടുള്ള അദമ്യമായ അഭിവാഞ്ചയിലൂടെ മികവാര്‍ന്ന കലാ മേഖലയായ സിനിമാ രംഗത്തെക്ക് എത്തി ‘മമ്മൂട്ടി’യായി ചിരപ്രതിഷ്ഠ നേടുകയാണുണ്ടായത്.
അഭ്രപാളികളില്‍ നൂറു കണക്കിന് രംഗങ്ങളെ മിന്നുന്നതാക്കി മാറ്റിയ മമ്മൂട്ടിയുടെ അഭിഭാഷക, പൊലീസ്, കുറ്റാന്വേഷണ വേഷങ്ങള്‍ ഏറെ തിളങ്ങിയത് അതുകൊണ്ടു തന്നെ യാദൃഛികവുമാവാം. ‘നരസിംഹം’, ‘വിചാരണ’, ‘സേതുരാമയ്യര്‍’, ‘ഇന്‍സ്‌പെക്ടര്‍ ബല്‍റാം’ തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.
സിനിമാഭിനയത്തെ തൊഴില്‍ മേഖല എന്നതിലുപരി നടനഭാവങ്ങളുടെ ഒരു ഗവേഷണ മേഖലയായാണ് മമ്മൂട്ടി എന്നും കണ്ടു വന്നത്. അതുകൊണ്ടാണ് പ്രതിഫലം വാങ്ങാതെ പോലും ചില ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചതും തന്റേതായ സര്‍ഗ സിദ്ധി പ്രകടമാക്കിയതും. വേഷങ്ങള്‍ കുറഞ്ഞപ്പോഴും ആധിക്യമുള്ളപ്പോഴും ലഭ്യമാകുന്ന ഏത് വേഷമായാലും ജനമനസ്സില്‍ പ്രതിഷ്ഠിക്കുമാറ് പ്രകടമാക്കുക എന്നതാണ് ഈ അഭിനേതാവിന്റെ ശൈലി. അത് വലുതായാലും ചെറിയ വേഷങ്ങളായാലും. മമ്മൂട്ടി ചെയ്ത മിക്ക വേഷങ്ങളും സമൂഹത്തെയും കുടുംബങ്ങളെയും കുട്ടികളെ പോലും ഹഠാദാകര്‍ഷിക്കുന്നവയായിരുന്നു. സ്‌നേഹനിധിയായ കുടുംബ നാഥനായും അനീതിയെ എതിര്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകനായും ഉദ്യോഗസ്ഥനായും രാഷ്ട്രീയ നേതാവായുമൊക്കെയാണ് മമ്മൂട്ടി ആബാലവൃദ്ധം ജന്മനസ്സുകളിലും ഇടം നേടിയത്. ഒട്ടേറെ ചരിത്ര പുരുഷന്മാരെയും ഇതിഹാസകാരന്മാരെയും വെള്ളിത്തിരയില്‍ പ്രതിഷ്ഠിക്കാനുള്ള അസുലഭ ഭാഗ്യവും മമ്മൂട്ടിക്കുണ്ടായിട്ടുണ്ട്. തെന്നിന്ത്യന്‍ ചലച്ചിത്ര പ്രതിഭകളുമായി ഒത്തു ചേര്‍ന്ന് ഇന്ത്യന്‍ ഭരണഘടനാ ശില്‍പി സാക്ഷാല്‍ അംബേദ്കറെ തനിപ്പകര്‍പ്പെന്നോണം അവതരിപ്പിച്ച് ദേശീയ-അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ മഹാ നടന് സാധിച്ചു. വടക്കന്‍ പാട്ടുകളിലെ ഇതിഹാസ നായകന്‍, പുരാതന കാലം ചതിയനായി പേരു ചേര്‍ക്കപ്പെട്ട ‘തച്ചോളി ചന്തു’വിനെ കാല്‍പനികതയിലൂന്നി നിരപരാധിയായി എം.ടി തന്റെ തൂലികയിലൂടെ പ്രതിഷ്ഠിച്ചപ്പോള്‍, ആകാര വടിവും പൗരുഷവുമുള്ള ആ വേഷം ‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ വലിയ സ്‌ക്രീനില്‍ പകര്‍ന്നാടാന്‍ മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കുമാവില്ലായിരുന്നു. ബഷീറിന്റെ മാസ്റ്റര്‍ പീസായ തന്റെ ജയില്‍ ജീവിതാനുഭവങ്ങള്‍ വിവരിച്ച ‘മതിലുകള്‍’ക്ക് ചലച്ചിത്ര ഭാഷ്യം നല്‍കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തയാറായപ്പോള്‍ അതില്‍ തന്റെ വേഷം അഭിനയിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന് ബഷീര്‍ നാമനിര്‍ദേശം നല്‍കിയത് മമ്മൂട്ടിയുടെ പേരായിരുന്നുവെന്നതും വിചിത്രം.
അത് പൂര്‍ണാര്‍ത്ഥത്തില്‍ സ്വായത്തമാക്കാനും പ്രതിഫലിപ്പിക്കാനും മമ്മൂട്ടിക്കായി. എന്തിനേറെ, സാമൂഹിക പരിഷ്‌കര്‍ത്താവ് ്
‘ശ്രീ നാരായണ ഗുരു’വിന്റെ വേഷം അഭ്രപാളിയില്‍ കൊണ്ടുവരാനും വീര ‘പഴശ്ശിരാജ’യെ അവതരിപ്പിക്കാനുമുള്ള
സൗഭാഗ്യവും ഈ അപൂര്‍വ നടനെയാണ് തേടിയെത്തിയത്. ഈ വേഷങ്ങള്‍ക്കൊക്കെയും അഭിനയ മികവിന് സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങളടക്കം ഒട്ടേറെ അവാര്‍ഡുകള്‍ ഏറ്റുവാങ്ങാനും മമ്മൂട്ടിക്കായിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

മികച്ച കഥാപാത്രങ്ങളെയാണ് പ്രേക്ഷക വൃന്ദത്തിനു മുന്‍പില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ‘തനിയാവര്‍ത്തന’ത്തിലെ മരുത്തേമ്പള്ളി ബാലന്‍ മാസ്റ്ററും,
‘വാത്സല്യ’ത്തിലെ മേലേടത്ത് രാഘവന്‍ നായരും, ‘മൃഗയ’യിലെ വാറുണ്ണിയും, ‘അമര’ത്തിലെ അച്ചൂട്ടിയും, ‘പത്തേമാരി’യിലെ പ്രവാസി നാരായണനും മറ്റും കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ പോലും ചിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളാണ്. ‘ന്യൂഡെല്‍ഹി’, ‘സാമ്രാജ്യം’, ‘ആവനാഴി’, ‘ദുബായ്’, ‘ബിഗ്ബി’ തുടങ്ങിയ പടങ്ങളില്‍ ചെയ്ത ഇടിവെട്ടു വേഷങ്ങളും പുതു തലമുറകളെ ആവോളം ത്രസിപ്പിക്കുന്നവയായിരുന്നു. കൂടാതെ, സിനിമാ ലോകം കച്ചവട രംഗം കൂടിയാണെന്നതിനാല്‍, ചെയ്യാന്‍ നിര്‍ബന്ധിതനായ എണ്ണമറ്റ അമാനുഷിക കഥാപാത്രങ്ങളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം
തന്റേതായ സ്വത:സിദ്ധ ശൈലിയില്‍ അവതരിപ്പിച്ച് കയ്യടി നേടാനും വന്‍ ബോക്‌സോഫീസ് ഹിറ്റുകള്‍ വാരിക്കൂട്ടി വിജയ പ്രയാണം നടത്താനും മമ്മൂട്ടിക്കായി. ഈ അതുല്യ നടന്റെ മര്‍മമറിഞ്ഞ് കഥാപാത്രങ്ങള്‍ നല്‍കാന്‍ മലയാളത്തിലെ എല്ലാ മുന്‍നിര സംവിധായകര്‍കുമായി എന്നതാണ് അവരുടെയും ഈ നടന്റെയും വിജയത്തിന്നാധാരം. അടൂര്‍, എം.ടി, ഐ.വി ശശി, ഹരിഹരന്‍, ജോഷി, സിബി മലയില്‍, ലോഹിതദാസ് തുടങ്ങിയവര്‍ ഇതില്‍ പ്രധാനികളാണ്. ഹിന്ദി, തമിഴ് കന്നഡ, തെലുഗു തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളിലും കഴിവ് തെളിയിക്കാനും, അവിടങ്ങളില്‍ തന്റെ മങ്ങാത്ത സാന്നിധ്യം അടയാളപ്പെടുത്താനും മമ്മൂട്ടിക്ക് സാധിച്ചു.


അഭ്രപാളികളില്‍ അഭിനേതാവാണെങ്കിലും ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മൂട്ടി. താര പരിവേഷമുള്ള
നടന്‍ എന്നതിലുപരി മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന പച്ചയായ മനുഷ്യന്‍. താരപ്പൊലിമയുടെ പേരില്‍ ചില കോണുകളില്‍ നിന്നെങ്കിലും അഹങ്കാരം ആരോപിക്കപ്പെടുേമ്പാഴും മനസ്സിന്റെ അകത്തളങ്ങളില്‍ കാലാകാലങ്ങളായി കാരുണ്യത്തിന്റെ ഉറവിടമാവുകയാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെയാണ് കേരളത്തിന്റെ
സാംസ്‌കാരിക നഭോമണ്ഡലത്തിലും വെറുക്കപ്പെടാതെ സമാനരായ മറ്റാരെക്കാളും ഉയര്‍ന്ന സ്വീകാര്യത നേടാന്‍ ഇദ്ദേഹത്തിനാകുന്നത്. തന്റെ തിരക്കിട്ട കലാ ജീവിതത്തിനിടയിലും സാമൂഹിക നന്മക്കുതകുന്ന പല പദ്ധതികളും ഈ മഹാ നടന്റെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നു. നിരാലംബരായ ഹൃദ്രോഗികള്‍ക്കും കരള്‍-വൃക്ക രോഗികള്‍ക്കും തുണയായി തുടക്കമിട്ട ‘ജീവന്‍ ജ്യോതി’ പദ്ധതി ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം രോഗികളെ കണ്ടെത്തി
അവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി ജീവിതത്തിലേക്ക് അവരെ പിടിച്ചുയര്‍ത്തുന്ന ഈ പദ്ധതിയിലൂടെ
നൂറുകണക്കിന് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. കൂടാതെ, കാന്‍സര്‍ രോഗികളുടെ പരിരക്ഷക്കയി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സജീവ അംഗം എന്ന നിലയില്‍ വേദന പേറുന്ന അനേകായിരം കാന്‍സര്‍ രോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സ നല്‍കാനും മമ്മൂട്ടി നേതൃത്വം നല്‍കുന്നു. ‘കാഴ്ച’ എന്ന പദ്ധതിയിലൂടെ നിര്‍ധന നേത്ര രോഗികള്‍ക്ക് കാഴ്ച ലഭ്യമാക്കാനുള്ള അവസരവും നല്‍കി വരുന്നു. മാത്രവുമല്ല, ബാല വേല തടയാനും കുട്ടികളെ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കാനുമായി പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്.


രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലും മമ്മൂട്ടിയുടെ സാന്നിധ്യം പ്രകടമാണ്. പ്രമുഖരായ മറ്റു നടന്മാരെ പോലെ മമ്മൂട്ടിക്കും
രാഷ്ട്രീയമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അത് പരസ്യമായ രഹസ്യവുമാണ്. എന്നാല്‍, രാഷ്ട്രീയ വൈര നിര്യാതന ബുദ്ധിയോ വിദ്വേഷമോ അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ കണ്ടു വരാറില്ല എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കുന്നതും അദ്ദേഹം വിമര്‍ശിക്കപ്പെടാത്തതും. വര്‍ഷങ്ങളായി രാഷട്രീയാടിത്തറയുള്ള ഒരു ചാനലിന്റെ ചെയര്‍മാനായിരുന്നിട്ടും, പക്ഷപാതപരമായി വന്‍ പിഴവുകള്‍ ഒന്നും വരുത്താതെ ആരോപണങ്ങള്‍ക്കൊന്നും ഇട വരുത്താതെ ജനസമ്മതിയോടെ ആ ചാനല്‍ ഇരുപതോളം വര്‍ഷം നിലനിര്‍ത്താനാകുന്നുവെന്നതും ഇവിടെ ശ്രദ്ധേയമാണ്.
സിനിമാ മേഖലയിലും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്ക രഹിതമായ ഒരു സാന്നിധ്യമുറപ്പിക്കാനാകുന്നുവെന്നതും മമ്മൂട്ടിയുടെ മാത്രം മികവായി കണക്കാക്കാം.
എഴുപതിലെത്തി നില്‍ക്കുമ്പോഴും യുവത്വത്തിന്റെ ചുറുചുറുക്കും സൗന്ദര്യവും ഗാംഭീര്യവും ഇന്നും അതേപടി നിലനില്‍ക്കുന്നു, നിലനിര്‍ത്തുന്നു എന്നതാണ് മമ്മൂട്ടിയുടെ പ്രത്യേകത. മകന്‍ നായക വേഷങ്ങളില്‍ അഭിനയിക്കുമ്പോഴും, പിതാവിനും നായക വേഷങ്ങള്‍ ലഭിക്കുന്നുവെന്നതും അത്യപൂര്‍വതയാണ്. ഒപ്പം, മകനായ ദുല്‍ഖറിനൊപ്പം പിതാവായി തന്നെ അഭിനയിക്കാനുള്ള അപൂര്‍വ ഭാഗ്യവും. ജീവിത ശൈലിയിലുള്ള കാര്‍ക്കശ്യവും കണിശതകളുമാണ് വാര്‍ധക്യ പാതയിലുമുള്ള തന്റെ യുവത്വത്തിന്റെ രഹസ്യമെന്ന് മമ്മൂട്ടി തന്നെ ആണയിടുന്നു.
ഇനിയും വര്‍ഷങ്ങളോളം നിത്യയൗവനത്തിന്റെ പ്രസരിപ്പോടെ മികവുറ്റ വേഷങ്ങള്‍ അവതരിപ്പിക്കാനും മറ്റു മനുഷ്യരുടെ ദു:ഖങ്ങളകറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിരതമാവാനും നന്മയുടെ മര്‍മ്മരമായ മമ്മൂട്ടിക്കാവട്ടെ എന്നാശംസിക്കാം.

അഡ്വ. മുഹമ്മദ് സാജിദ്