ജനഹൃദയങ്ങളില്‍ സ്‌നേഹ മഴ പെയ്യിച്ച മൗലവി സാഹിബ്

76

പി.വി റയീസ് തലശ്ശേരി
മുസ്‌ലിം ലീഗ് നേതൃരംഗത്തെ സ്‌നേഹ നിധിയായ ഒരു കാരണവരെയാണ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. അത്രമേല്‍ എല്ലാവര്‍ക്കും പ്രിയങ്കരനും ബഹുമാന്യനുമായിരുന്നു അദ്ദേഹം. ഒരുവേള അടുത്ത് പെരുമാറിയ ആര്‍ക്കും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. വലിപ്പ-ചെറുപ്പങ്ങള്‍ നോക്കാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുകയും കുശലാന്വേഷണം നടത്തുകയും കുടുംബ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യാറുള്ള മൗലവി സാഹിബ് പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെ ലീഗ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ കൊത്തി വെച്ച നാമമായിരുന്നു. ജില്ലയിലെ എല്ലാ മുക്കുമൂലകളിലെയും പ്രവര്‍ത്തകരെ നേരിട്ടറിയുന്ന, അവരെ പേരെടുത്ത് വിളിച്ച് സംസാരിക്കുന്ന ഏതെങ്കിലുമൊരു നേതാവുണ്ടെങ്കില്‍ അത് മൗലവി സാഹിബല്ലാതെ മറ്റാരുമല്ല. പ്രവര്‍ത്തകരും അദ്ദേഹവും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പല പ്രശ്‌നങ്ങളുമായി സമീപിക്കുന്ന പ്രവര്‍ത്തകരെ സമാധാന വാക്കുകള്‍ പറഞ്ഞ് തോളില്‍ തട്ടി ആശ്വസിപ്പിക്കുകയും കഴിയാവുന്ന രീതിയില്‍ അവരെ സഹായിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി ഏറെ അനുകരണീയമാണ്.
അര നൂറ്റാണ്ടിന്റെ മികവാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് മൗലവി സാഹിബ്. കണ്ണൂര്‍ ജില്ലയില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ജനകീയമാക്കുന്നതില്‍ ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബ്, സി.കെ.പി ചെറിയ മമ്മുക്കേയി സാഹിബ്, ഇ.അഹമ്മദ് സാഹിബ്, വി.പി മഹ്മൂദ് ഹാജിക്ക, എന്‍.എ.എം പെരിങ്ങത്തൂര്‍, കെ.വി മുഹമ്മദ് കുഞ്ഞി സാഹിബ് എന്നിവരോടോപ്പം അഹോരാത്രം പരിശ്രമിച്ച നേതാവാണ് മൗലവി. ഏറെ പ്രയാസങ്ങളും പ്രതിബന്ധങ്ങളും പരീക്ഷണ ഘട്ടങ്ങളും നിറഞ്ഞ സാഹചര്യങ്ങളില്‍ തികഞ്ഞ ആത്മ ധൈര്യത്തോടെയും അതിലുപരി നയചാതുരിയോടെയും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ അജയ്യമായി മുന്നോട്ട് നയിച്ചുപോന്ന നേതാവാണദ്ദേഹം.
പതിറ്റാണ്ടുകളായി ജില്ലയിലെ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്ന മൗലവി സാഹിബ്, എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഏറെ സ്വീകാര്യനായിരുന്നു. നാട്ടില്‍ സമാധാനാന്തരീക്ഷം വഷളാകുമ്പോഴും, രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉടലെടുക്കുമ്പോഴും മൗലവി സാഹിബിന്റെ ഇടപെടല്‍ വലിയ ആശ്വാസം പകര്‍ന്നിരുന്നു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സര്‍വ കക്ഷി സമാധാന യോഗങ്ങളിലും സൗഹൃദ വേദികളിലും സ്ഥിര സാന്നിധ്യമായിരുന്ന അദ്ദേഹം, ജില്ലയിലെ യുഡിഎഫ് കക്ഷികളില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് പറഞ്ഞ് തീര്‍ക്കാനും വിദഗ്ധനായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ വര്‍ഷങ്ങളായി ജില്ലയിലെ യുഡിഎഫിനെ കെട്ടുറപ്പോടെ നയിക്കുന്നതും അദ്ദേഹം തന്നെയായിരുന്നു. ജില്ലയിലെ മത-സാമൂഹിക രംഗങ്ങളിലും നിറസാന്നിധ്യമാണ് അദ്ദേഹം. സാമുദായിക പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളും തീര്‍പ്പുകളും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്.
മൗലവി സാഹിബ് ലീഗിന്റെ ഉന്നത നേതാവ് മാത്രമായിരുന്നില്ല, മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഇടപെടല്‍, സൗമ്യമായ പെരുമാറ്റം, കടഞ്ഞെടുത്ത അമൃത് പോലുള്ള വാക്കുകള്‍ എല്ലാം സമൂഹത്തിന് ഏറെ ആശ്വാസം പകരുന്നതായിരുന്നു. തൊപ്പിയും തൂവെള്ള വസ്ത്രവും നിറപുഞ്ചിരിയും ആ മഹദ് വ്യക്തിത്വത്തിന്റെ ആകര്‍ഷണമായിരുന്നു.
കാരുണ്യ രംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന അദ്ദേഹം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിഎച്ച് സെന്റര്‍, തളിപ്പറമ്പ് സിഎച്ച് സെന്റര്‍, തലശ്ശേരി സിഎച്ച് സെന്റര്‍ എന്നിവയുടെ മുഖ്യ പ്രചോദകനായിരുന്നു.
ദുബൈയില്‍ എപ്പോള്‍ വന്നാലും കെഎംസിസി ഓഫീസ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തകരുമാരുമായി ബന്ധപ്പെടുകയും ചെയ്യുക പതിവായിരുന്നു. കെഎംസിസി പ്രവര്‍ത്തകരെ ഏറെ ശ്‌ളാഘിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം അളവറ്റ സ്‌നേഹവായ്‌പോടെയാണ് പെരുമാറിയിരുന്നത്.
വ്യക്തിപരമായി ഏറെ അടുപ്പവും സ്‌നേഹവുമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. ആകസ്മികമായ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വലിയ ദുഃഖമാണുണ്ടാക്കിയിട്ടുള്ളത്. എപ്പോള്‍ ദുബൈയില്‍ വന്നാലും ഏറെ സമയം അദ്ദേഹത്തോടൊപ്പമുണ്ടാവാറുണ്ട്. ജോലിയുടെ കാര്യങ്ങളും കുടുംബ വിശേഷങ്ങളും ചോദിച്ചറിയും. കെഎംസിസി പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ വ്യാപകമാക്കേണ്ട ആവശ്യകത ഊന്നിപ്പറയും. സ്‌നേഹമസൃണമായ, വാത്സല്യ പൂര്‍ണമായ ആ വാക്കുകളും ഇടപെടലുകളും നിലച്ചു പോയിരിക്കുന്നു.
ഉത്തര മലബാറിലെ മുസ്‌ലിം ലീഗിന്റെ നെടുംതൂണ്‍ ഇല്ലാതായത് ഉള്‍ക്കൊള്ളാനാകുന്നില്ല. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെ തലമുറകളെ കൂട്ടിയിണക്കിയ പ്രധാന കണ്ണിയാണ് അറ്റു പോയത്.
സര്‍വ ശക്തന്റെ അലംഘനീയമായ വിധിക്കു മുന്നില്‍ മറ്റൊന്നില്ലല്ലോ.
അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം പ്രകാശ പൂരിതമാക്കട്ടെ. പാപ മോചനവും സര്‍വ അനുഗ്രഹങ്ങളും നല്‍കട്ടെയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.