എക്‌സ്‌പോ 2020ക്ക് ഒരു മാസം: കൗണ്ട് ഡൗണ്‍ തുടങ്ങി; ഒക്‌ടോബര്‍ ഒന്നിന് തുടക്കം

17
എക്‌സ്‌പോ 2020ന്റെ തയാറെടുപ്പുകള്‍ വിലയിരുത്താന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എക്‌സ്‌പോ സൈറ്റില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

ആറു മാസം നീളുന്ന ആഗോള പ്രദര്‍ശനം 25 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കും

ജലീല്‍ പട്ടാമ്പി
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമായ എക്‌സ്‌പോ 2020 ആരംഭിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ, തയാറെടുപ്പുകള്‍ വിലയിരുത്താന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എക്‌സ്‌പോ സൈറ്റില്‍ സന്ദര്‍ശനം നടത്തി. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും അദ്ദേഹം പരിശോധിച്ചു. സൈറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ശൈഖ് മുഹമ്മദ്, ഇവിടത്തെ സൗകര്യങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ടീമുകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും ട്വീറ്റില്‍ പറഞ്ഞു.


എക്‌സ്‌പോ 2020യുടെ ഒരു മാസത്തെ കൗണ്ട് ഡൗണിന് ശൈഖ് മുഹമ്മദ് തുടക്കം കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് രാജ്യങ്ങളുടെ പവലിയനുകള്‍ തയാറായെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോവിഡ്19 മഹാമാരി മൂലമാണ് 2020ല്‍ നടക്കേണ്ടിയിരുന്ന എക്‌സ്‌പോ 2021ലേക്ക് നീണ്ടത്.
”ഇവിടത്തെ 191 രാഷ്ട്രങ്ങളുടെ പവലിയനുകളുടെ ശ്രദ്ധാകേന്ദ്രം യുഎഇയും ദുബൈയുമാണ്. ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത ഏറ്റവും മനോഹരവും മഹത്വമേറിയതുമായ ചരിത്ര സംഭവമായിരിക്കും എക്‌സ്‌പോ 2020യെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്” -ട്വീറ്റില്‍ ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഒക്‌ടോബര്‍ 1 മുതല്‍ ആറു മാസക്കാലം നടക്കുന്ന ആഗോള പ്രദര്‍ശനം 25 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കും.


എക്‌സ്‌പോയുടെ ഒരു മാസത്തെ കൗണ്ട്ഡൗണില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ട്വീറ്റില്‍ അഭിപ്രായം രേഖപ്പെടുത്തി.
”ഇന്നു (സെപ്തംബര്‍ 1) മുതല്‍ ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികള്‍ക്ക് എക്‌സ്‌പോ 2020 ദുബൈയില്‍ പ്രൗഢിയോടെ ആതിഥ്യമരുളുകയാണ്. എന്റെ സഹോദരന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ആഗോള പ്രദര്‍ശനം സാംസ്‌കാരിക സംവാദത്തിന്റെയും വിനിമയത്തിന്റെയും ഉപാധി എന്ന നിലയില്‍ നമ്മുടെ രാഷ്ട്രത്തിന്റെ ദീര്‍ഘകാല ചിരിത്രത്തെ പുതു ദിശയില്‍ കെട്ടിപ്പടുക്കും” -ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ട്വീറ്റില്‍ വ്യക്തമാക്കി.