അല്‍ അമീറില്‍ ദ്വിദിന ഓണ്‍ലൈന്‍ കലോത്സവം

52

അജ്മാന്‍: മുഖാമുഖം ക്‌ളാസ്സുകള്‍ക്കായി ഒരുങ്ങുന്നതിനിടയില്‍ അജ്മാന്‍ അല്‍ അമീര്‍ സ്‌കൂള്‍ രണ്ടു ദിവസം നീളുന്ന കലാ മാമാങ്കത്തിന് വേദിയാകുന്നു. സെപ്തംബര്‍ 22, 23 തീയതികളിലാണ് ഒന്നു മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കുന്നത്. ഒന്നു മുതല്‍ മൂന്നു വരെ കിഡന്നുീസ്, നാലും അഞ്ചും സബ് ജൂനിയര്‍, ആറ് മുതല്‍ എട്ട് വരെ ജൂനിയേഴ്‌സ്, ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ സീനിയേഴ്‌സ് എന്നീ കാറ്റിഗറികളിലായി നൂറുകണക്കിന് കുട്ടികളാണ് കലാ വൈഭവത്തിന്റെ മാറ്റുരയ്ക്കുന്നത്. ആംഗ്യപ്പാട്ടുകളും കഥ പറച്ചിലും പ്രച്ഛന്ന വേഷവും മോണോ ആക്റ്റും മിമിക്രിയും മാപ്പിളപ്പാട്ടും കഥാപ്രസംഗവും നാടോടി നൃത്തങ്ങളും മാത്രമല്ല, ക്‌ളാസിക്കല്‍ സംഗീതവും നൃത്തവുമൊക്കെ നാളെയും മറ്റന്നാളും ഓണ്‍ലൈന്‍ വേദിയില്‍ അരങ്ങ് തകര്‍ക്കും. രണ്ടാം ഭാഷകള്‍ക്ക് പ്രത്യേക ദിനം ആഘോഷിക്കുന്നതിനാല്‍ പ്രസംഗവും പദ്യ പാരായണവും ഇംഗ്‌ളീഷിലേ ഉള്ളൂ. കരിക്കുലം ഹെഡ് ലത വാരിയറാണ് കലോത്സവം ഏകോപിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ എസ്.ജെ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ നൗഷാദ് ഷംസുദ്ദീന്‍, അക്കാദമിക് കോഓര്‍ഡിനേറ്റര്‍ സൈഫുദ്ദീന്‍ ഹംസ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. കോവിഡ് കാലത്തും ഇത്ര വിപുലമായൊരു കലാ മത്സരത്തിന് മുന്‍കൈയെടുത്ത് നേതൃത്വം നല്‍കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജെ ജേക്കബ് മറ്റ് സ്‌കൂളുകള്‍ക്കും മാതൃകയാണെന്ന് ചെയര്‍മാന്‍ എ.കെ സലാം പറഞ്ഞു.