ടി.പി അബ്ബാസ് ഹാജിക്ക് ദുബൈ-കല്യാശ്ശേരി മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി

115
ടി.പി അബ്ബാസ് ഹാജിക്ക് ജലീല്‍ പട്ടാമ്പി ഉപഹാരം സമര്‍പ്പിക്കുന്നു

ദുബൈ: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ രോഗം ബാധിച്ച് ജീവിതം നരക തുല്യമായ കണ്ണൂരിലെ മുഹമ്മദ് എന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി വിപ്‌ളവകരമായ സാമൂഹിക പങ്കാളിത്ത ഫണ്ടിംഗിന് നേതൃത്വം നല്‍കിയ ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ടി.പി അബ്ബാസ് ഹാജിക്ക് അല്‍ബറാഹ കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദുബൈ-കല്യാശ്ശേരി മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി. പരിപാടിയുടെ ഉദ്ഘാടനം യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ നിര്‍വഹിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ടി.പി അബ്ബാസ് ഹാജി നാലര പതിറ്റാണ്ടു നീണ്ട തന്റെ പ്രവാസ കാലയളവില്‍ ഇവിടെയും നാട്ടിലും നിര്‍വഹിച്ചു വരുന്നതെന്നും അതിലെ ഏറ്റവും ഒടുവിലത്തെ ശ്‌ളാഘനീയമായ പ്രവര്‍ത്തനമായിരുന്നു എസ്എംഎ ബാധിച്ച കുട്ടിക്ക് വേണ്ടി നടത്തിയ സാമൂഹിക സേവനമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്19 ആദ്യ ഘട്ടം മുതല്‍ ലോക്ക്‌ഡോണായിരുന്ന ദേരയിലെ നായിഫിലും അല്‍വര്‍സാനിലെ ഐസൊലേഷന്‍ സെന്ററിലും സ്വജീവന്‍ തൃണവത്ഗണിച്ച് നിസ്വാര്‍ത്ഥ സേവനമര്‍പ്പിക്കുകയും, കല്യാശ്ശേരി മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത വളണ്ടിയര്‍മാരെ അന്‍വര്‍ നഹ ഉപഹാരം നല്‍കി ആദരിച്ചു. ടി.പി അബ്ബാസ് ഹാജിക്കുള്ള ഉപഹാര സമര്‍പ്പണം മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി നിര്‍വഹിച്ചു. ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി ജന.സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി മുഖ്യ പ്രഭാഷണം നടത്തി. കല്യാശ്ശേരി മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഫാറൂഖ് കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യുഎഇ കെഎംസിസി കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ന്യൂസ് എഡിറ്റര്‍ എന്‍.എ.എം ജാഫര്‍, കണ്ണൂര്‍ ജില്ലാ കെഎംസിസി സെക്രട്ടറി നൂറുദ്ദീന്‍ മണ്ടൂര്‍, മണ്ഡലം കോഓര്‍ഡിനേറ്റര്‍ ഇബ്രാഹിം ഇരിട്ടി, രക്ഷാധികാരി ബഷീര്‍.പി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
കോവിഡ് രൂക്ഷമായ പ്രതിസന്ധികള്‍ നിറഞ്ഞ ഘട്ടത്തിലെ നായിഫിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ബഷീര്‍ കാട്ടൂരും ഉമ്മര്‍ നാലകത്തും സംസാരിച്ചു. സെക്രട്ടറി അസ്‌ലം അഞ്ചില്ലത്ത് സ്വാഗതവും ട്രഷറര്‍ ജാഫര്‍ മടായി നന്ദിയും പറഞ്ഞു.