മതാധ്യക്ഷന്‍മാര്‍ സമൂഹത്തിന്റെ കാവല്‍ മാലാഖമാരാവണം

54
ദുബൈ കെഎംസിസി പയ്യോളി മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ ദുബൈ കെഎംസിസി ഉപാധ്യക്ഷന്‍ ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: മതാധ്യക്ഷന്‍മാര്‍ സമൂഹത്തിന്റെ കാവല്‍ മാലാഖമാരാവണമെന്നും സൗഹാര്‍ദവും സമാധാനവും നിലനില്‍ക്കുന്ന കേരളത്തില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തി ഫാസിസ്റ്റ് അജണ്ട വിജയിപ്പിക്കാന്‍ വഴിയൊരുക്കുന്നവര്‍ക്ക് പിന്നീട് ഖേദിക്കേണ്ടി വരുമെന്നും അത്തരം വര്‍ഗീയ വിഷപ്രയോഗങ്ങള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്നും ദുബൈ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷന്‍ ഒ.കെ ഇബ്രാഹിം അഭിപ്രായപ്പെട്ടു. മതങ്ങളെ വിലയിരുത്തേണ്ടത് ദര്‍ശനങ്ങളെ ആസ്പദമാക്കിയായിരിക്കണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിബദ്ധതയും വിധേയത്വവും പാര്‍ട്ടിയോടും നിലപാടുകളോടുമായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയില്‍ സംഘടിപ്പിച്ച പയ്യോളി മുനിസിപ്പല്‍ കെഎംസിസി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മാര്‍ഗത്തില്‍ സാമുദായിക പുരോഗതി സാധ്യമാക്കിയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല പറഞ്ഞു. പയ്യോളി മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് അസീസ് സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പല്‍ പരിധിയില്‍ പെടുന്ന കെഎംസിസി അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന ഹസാന നിക്ഷേപ പദ്ധതി മൊയ്തീന്‍ പട്ടായി വിശദീകരിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍, വി.കെ.കെ റിയാസ്, ജലീല്‍ മശ്ഹൂര്‍ തങ്ങള്‍, സാജിദ് പുറത്തൂട്ട്, വലിയാണ്ടി അബ്ദുല്ല, അഡ്വ. മുഹമ്മദ് സാജിദ് കോട്ടക്കല്‍, നാസര്‍ മൂപ്പന്‍ സംസാരിച്ചു. സെക്രട്ടറി നിഷാദ് മൊയ്തു സ്വാഗതവും വി.കെ ഷംസീര്‍ നന്ദിയും പറഞ്ഞു.