പര്‍വതാരോഹണത്തിലൂടെ സഈദ് അല്‍ മെമാരിയുടെ ‘ദി പീക് ഫോര്‍ പീസ് മിഷന്‍’

94
'ദി പീക് ഫോര്‍ പീസ് മിഷന്‍' മേധാവിയും ലോക പ്രസിദ്ധ സാഹസികനും പര്‍വതാരോഹകനുമായ സഈദ് അല്‍ മെമാരിയെ ഹാദി എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. റാമി ഉസാമ സമീപം

ഉയരങ്ങളുടെ പ്രണേതാവ് സഈദ് അല്‍ മെമാരിയെ ഹാദി എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ച് അവാര്‍ഡ് നല്‍കി ആദരിച്ചു

ഫുജൈറ: ലോകത്തിന് സമാധാനത്തിന്റെ മഹാ സന്ദേശം പകരാന്‍ വിശ്വ വിഖ്യാത പര്‍വതാരോഹകന്‍ സഈദ് അല്‍ മെമാരിയുടെ ‘ദി പീക് ഫോര്‍ പീസ് മിഷന്‍’. ലോകത്തിന് മുഴുവന്‍ സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും മഹത്തായ മാതൃകകള്‍ സമ്മാനിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്നും ലോകത്തിലെ ഉന്നത പര്‍വതങ്ങള്‍ കയറിക്കൊണ്ട് ശാന്തിയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പകരാനാണ് ഈ ദൗത്യം വഴി സഈദ് അല്‍മെമാരി ലക്ഷ്യമിട്ടിരിക്കുന്നത്. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ശര്‍ഖി ഈ സംരംഭത്തെ പിന്തുണക്കുന്നു.
എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ഇമാറാത്തി, രണ്ടു തവണ കെ2 പര്‍വത ശൃംഗം തൊട്ട ആദ്യ യുഎഇക്കാരന്‍ എന്നീ ഖ്യാതികളുള്ള, ഫുജൈറ അഡ്വഞ്ചേഴ്‌സ് സ്ഥാപകന്‍ കൂടിയായ സഈദ് അല്‍മെമാരിയെ ഹാദി എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ച് ഫുജൈറ അല്‍ബഹാര്‍ ഹോട്ടലില്‍ ഒരുക്കിയ പ്രൗഢ ചടങ്ങില്‍ ആദരിച്ചു.
അസാധാരണമായ നേട്ടങ്ങള്‍ക്കിടയിലും അതി സാധാരണമായ ജീവിതം നയിക്കുന്നുവെന്നത് അല്‍മെമാരിയെ വ്യത്യസ്തനാക്കുന്നു.
സ്വപ്നങ്ങള്‍ എത്ര കഠിനമാണെങ്കിലും അതിനെ പിന്തുടരാനുള്ള സ്‌ഥൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. സര്‍ എഡ്മണ്ട് ഹിലാരി പ്രസ്താവിച്ചതു പോലെ, ”നമ്മള്‍ ജയിക്കുന്നത് പര്‍വതങ്ങളെയല്ല, നമ്മളെ തന്നെയാണ്, ജീവിതം പര്‍വതാരോഹണം പോലെയാണ്, ഒരിക്കലും താഴേക്ക് നോക്കരുത്” എന്ന വാക്കുകള്‍ ഇവിടെ അര്‍ത്ഥവത്താണ്.

 

‘ദി പീക് ഫോര്‍ പീസ് മിഷന്‍’
ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള നിഷേധാത്മക ചിന്തകള്‍ മാറ്റുകയും, സമാധാനത്തിന്റെ ഇടമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്‌നേഹവും സമാധാനവും നിറഞ്ഞ സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലെ ഉന്നതാധികൃതരുടെ നിര്‍ദേശ പ്രകാരം ഈ ദൗത്യം നടപ്പാക്കുന്നത്.
ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും ആശ്രയിച്ച് 246 ആഗോള കൊടുമുടികളില്‍ 67 കൊടുമുടികളില്‍ ഇതു വരെ സഈദിന് എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്.

അല്‍ഭുത സാഹസികന്‍
വിക്കിപീഡിയ പുറപ്പെടുവിച്ച ആഗോള പര്യവേക്ഷകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ ഇമാറാത്തി സാഹസികനാണ് അല്‍ മെമാരി. ‘എക്‌സ്പ്‌ളോറര്‍ ഗ്രാന്‍ഡ് സ്‌ളാം’ എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ, ഈ പട്ടികയിലെ 43 ആഗോള സാഹസികര്‍ക്കിടയില്‍ 37-ാം സ്ഥാനവും അദ്ദേഹത്തിനാണ്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികള്‍ കയറുന്ന ആദ്യ ഇമാറാത്തി സാഹസികന്‍ കൂടിയായ അല്‍ മെമാരി, സാഹസികതയും വെല്ലുവിളികളും ഇഷ്ടപ്പെടുന്നവര്‍ക്ക് നായകനാണ്. സര്‍വശക്തനായ ദൈവത്തിലുള്ള വിശ്വാസവും മാതാപിതാക്കളുടെ സംതൃപ്തിയും അദ്ദേഹത്തെ തന്റെ രാജ്യത്തും അറബ് ലോകത്തും മാതൃകാ മുഖമാക്കി മാറ്റിയിരിക്കുന്നു.
ഹിമാലയത്തിലേക്കുള്ള ആദ്യ യാത്രയിലൂടെ പര്‍വതാരോഹണത്തോടുള്ള സ്‌നേഹം അദ്ദേഹത്തില്‍ നാമ്പിട്ടു. അവിടെ വെച്ച് എവറസ്റ്റ് കൊടുമുടിയെന്ന ഏറ്റവും വലിയ ഉയരത്തിലേക്ക് അദ്ദേഹം കണ്ണു വെച്ചു. എവറസ്റ്റ് കൊടുമുടി കയറാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പതാക ഉയര്‍ത്താനുമുള്ള ഒരു ദൗത്യത്തില്‍ അവിടെ എത്തിച്ചേരുകയും, ഒടുവില്‍ അത് സാക്ഷാത്കരിക്കുകയും ചെയ്തു. ആ നിമിഷത്തിന് ശേഷം ഒരിക്കല്‍ പോലും അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട്, തുടരെത്തുടരെ ലോകമെമ്പാടുമുള്ള ഏഴ് വമ്പന്‍ കൊടുമുടികള്‍ കീഴടക്കി റെക്കോര്‍ഡുകള്‍ ഭേദിക്കാനും നിരവധി പേരെ പ്രചോദിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
സഈദ് അല്‍ മെമാരിയുടെ പര്‍വതാരോഹണ ദൗത്യം തുടരുകയാണ്. സമാധാനത്തിന്റെ ഇടമായ യുഎഇയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരാനുള്ള അദ്ദേഹത്തിന്റെ അന്വേഷണവും തുടരുന്നു. സാഹസികതയിലൂടെയുള്ള അനന്തമായ സ്‌നേഹം, പര്‍വത കായിക വിനോദങ്ങള്‍, ഫ്രീജമ്പിംഗ്, ഡൈവിംഗ്, ഗുഹാ പ്രയാണം തുടങ്ങി നിരവധി അനന്തമായ സാഹസങ്ങളിലൂടെയും ടൂര്‍ണമെന്റുകളിലൂടെയും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡ് സഈദ് അല്‍മെമാരിക്കുണ്ട്.
ചെറുപ്പം മുതല്‍ തന്നെ അദ്ദേഹത്തില്‍ പര്‍വതാരോഹണ താല്‍പര്യമുണ്ടായിരുന്നു. സഈദ് അല്‍ മെമാരി പരിചയ സമ്പന്നനായ പര്‍വതാരോഹകന്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ കയറുന്ന പ്രഥമ യുഎഇ സ്വദേശീ സാഹസികന്‍ എന്ന പദവിയും അദ്ദേഹത്തിനുണ്ട്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പര്‍വതമായ ചൈനയിലെ കെ2 എന്ന ഗോഡ്‌വിന്‍ ഓസ്റ്റനില്‍ സഈദ് അല്‍ മെമാരി

അല്‍ മെമാരി തൊട്ട മഹാ ഉയരങ്ങള്‍
എവറസ്റ്റ് കൊടുമുടി: ഹിമാലയന്‍ പര്‍വത നിരയില്‍ നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് എവറസ്റ്റ്. 8,848 മീറ്റര്‍ ഉയരമുള്ള ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമായ എവറസ്റ്റില്‍ 2012ലാണ് സാഹസികനായ സഈദ് കയറിയത്.
ലോകത്തിലെ ഏറ്റവും അപകടമേറിയ കൊടുമുടിയായ കെ2 കയറിയ ആദ്യ ഇമാറാത്തിയായ സഈദ്, 2018ലും 2021ലുമായാണ് വിജയം നേടിയത്. കാരകോറം മേഖലയിലെ ഹിമാലയ പര്‍വതത്തിനുള്ളില്‍ 8,611 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ കെ2 ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.
43 ആഗോള സാഹസികര്‍ക്കിടയില്‍ 37ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഏഴ് കൊടുമുടികളിലേക്കും ദക്ഷിണ, ഉത്തര ധ്രുവങ്ങളിലേക്കും എത്തിച്ചേരാന്‍ സാധിച്ചതിന്റെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.

അക്കോണ്‍കാഗുവ പര്‍വത ശിഖരം: തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഈ പര്‍വത ശിഖരത്തില്‍ 2015ലാണ് അല്‍മെമാരി കയറിയത്. അര്‍ജന്റീനയിലെ ആന്‍ഡീസ് പര്‍വത നിരകള്‍ക്കിടയില്‍ 6,962 മീറ്റര്‍ ഉയരത്തിലുള്ള ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണിത്.

മൗണ്ട് മക്കിന്‍ലി (ഡെനാലി): വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഈ കൊടുമുടി 2013ലാണ് സഈദ് കയറിയത്.
6,194 മീറ്റര്‍ ഉയരത്തില്‍, അമേരിക്കയിലെ അലാസ്‌ക പര്‍വത നിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊടുമുടിയാണ്.

മൗണ്ട് കിളിമഞ്ചാരോ: ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയില്‍ 2011ലാണ് സഈദ് അല്‍ മെമാരിക്ക് കയറാന്‍ സാധിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ കൊടുമുടിയായ കിളിമഞ്ചാരോ 5,895 മീറ്റര്‍ ഉയരത്തില്‍, ടാന്‍സാനിയയിലാണ് സ്ഥിതി ചെയ്യുന്നത്.

മൗണ്ട് എല്‍ബ്രസ് കൊടുമുടി: യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന ഈ കൊടുമുടിയില്‍ 2014ലാണ് സാഹസികനായ സഈദിന് കയറാന്‍ കഴിഞ്ഞത്. 5,642 മീറ്റര്‍ ഉയരത്തില്‍, റഷ്യയിലെ കോക്കസസ് പര്‍വത നിരകളിലുളളതാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഈ കൊടുമുടി.

മൗണ്ട് വിന്‍സണ്‍ മാസിഫ്: എല്‍സ്‌വര്‍ത്ത് പര്‍വത പരിധിയിലുള്ള ഈ കൊടുമുടി 2013ലാണ് സഈദ് കയറുന്നത്. 4,892 മീറ്റര്‍ ഉയരത്തില്‍, അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയതും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആറാമത്തെയും കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍ മാസിഫ്.

മൗണ്ട് കാര്‍സ്റ്റന്‍സ് കൊടുമുടി: ഏഷ്യ, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ 4,884 മീറ്റര്‍ ഉയരത്തിലുള്ള ഈ കൊടുമുടി 2014ലാണ് സാഹസികനായ സഈദ് കയറുന്നത്. ഇന്തോനേഷ്യയിലെ സുഡ്‌യെര്‍മാന്‍ പര്‍വതനിരകള്‍ക്കിടയില്‍, ഹിമാലയത്തിനും ആന്‍ഡീസിനും ഇടയില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടിയാണിത്.

‘ദി പീക് ഫോര്‍ പീസ് മിഷ’ന് ഹാദി എക്‌സ്‌ചേഞ്ചിന്റെ ഐക്യദാര്‍ഢ്യം
നന്‍മ നിറഞ്ഞ വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ ലോകമറിയുന്ന സഈദ് അല്‍ മെമാരിയെ പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണക്കാനും ആദരിക്കാനുമുള്ള പരിശ്രമത്തിന്റെ ഭാഗമായി സമാധാനത്തിന്റെയും സ്‌ഥൈര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് ഫുജൈറ അഡ്വഞ്ചേഴ്‌സ്, പീക്ക് ഫോര്‍ പീസ് മിഷന്‍ എന്നിവയുമായി കൈ കോര്‍ക്കാന്‍ ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ആഗ്രഹിക്കുന്നതായി ഹാദി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് പറഞ്ഞു. സഈദ് അല്‍ മെമാരിയുടെ ഭാവിയിലെ എല്ലാ പര്‍വതാരോഹണ ദൗത്യങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. ഈ മഹത്തായ ഉദ്യമത്തിലൂടെ ലോകം കീഴടക്കാന്‍ സര്‍വശക്തന്‍ അദ്ദേഹത്തിന് ശക്തിയും അനുഗ്രഹവും നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയിലെ 5 എമിറേറ്റുകളിലായി 9 ശാഖകളുള്ള ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് 3 പതിറ്റാണ്ടുകളായി ധനവിനിമയ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. ദീര്‍ഘ വീക്ഷണമുള്ള യുഎഇയുടെ ഭണാധികാരികളുടെ മാതൃകാപരമായ നിരവധി വികസന പദ്ധതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇത്തരം ഉദ്യമങ്ങളെയെല്ലാം സ്ഥാപനം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.