അധ്യാപക ദിനാഘോഷം: ദുബൈ കെഎംസിസി അധ്യാപകരെ ആദരിച്ചു

60
ദുബൈ കെഎംസിസി ഒരുക്കിയ അധ്യാപക ദിനാഘോഷത്തില്‍ മംഗലത്ത് മുരളി മാസ്റ്ററെ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പൊന്നാട ചാര്‍ത്തി ആദരിക്കുന്നു

ദുബൈ: വിദ്യാഭ്യാസ രംഗം സേവനമായിരുന്ന കാലത്ത് പഠിച്ച് തൊഴില്‍ നേടിയവര്‍ സേവന മനസ്സുള്ളവരായിരുന്നുവെന്നും വിദ്യാഭ്യാസം കച്ചവടത്തിന് വഴിമാറിയപ്പോള്‍ ഭീമമായ തുക ചെലവഴിച്ച് ബിരുദങ്ങള്‍ നേടിയവര്‍ പണത്തോട് ആര്‍ത്തി കാട്ടുന്നവരായി മാറുന്നുവെന്നും മംഗലത്ത് മുരളി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ലോക മതങ്ങളും ആചാര്യന്മാരും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെഎംസിസി നടത്തിയ അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളി മാസ്റ്റര്‍.
ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. കാലവും സമൂഹവും നാശത്തിന് വഴിമാറുമ്പോള്‍ അധ്യാപകര്‍ കാലത്തിന് മുന്‍പേ നടന്ന് സമൂഹത്തിന് വഴി കാട്ടുന്നവരായി മാറണമെന്ന് ഒ.കെ ഇബ്രാഹിം മുഖ്യ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ യുഎഇയില്‍ നാലു പതിറ്റാണ്ടായി അധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്ന മംഗലത്ത് മുരളി മാസ്റ്ററെ ഹുസൈനാര്‍ ഹാജി പൊന്നാട ചാര്‍ത്തി ആദരിച്ചു. അധ്യാപകരായ യഅ്ഖൂബ് ഹുദവി, ഹൈദര്‍ ഹുദവി, സലീം മാസ്റ്റര്‍ എന്നിവരെയും ദുബൈ കെഎംസിസിയുടെ എസ്എസ്എല്‍സി തുല്യതാ കേഴ്‌സ് കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലത്തെയും ആദരിച്ചു.
സംസ്ഥാന ഭാരവാഹികളായ റഈസ് തലശ്ശേരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഒ.മൊയ്തു, നിസാമുദ്ദീന്‍ കൊല്ലം പ്രസംഗിച്ചു. ആക്റ്റിംഗ് ജന.സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി സ്വാഗതവും സെക്രെട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ നന്ദിയും പറഞ്ഞു.