വികസന കുതിപ്പിന് യുഎഇയുടെ 50 പദ്ധതികള്‍ക്ക് തുടക്കം

12
Courtesy KT Photo

ദുബായ്: യുഎഇയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വൈസ് പ്രസിഡന്‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ചേര്‍ന്ന് പ്രഖ്യാപിച്ച ‘പ്രൊജക്റ്റ് ഓഫ് ദി ഫിഫ്റ്റി’ക്ക് ഇന്ന് തുടക്കമായി.
50 മെഗാ പദ്ധതികളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. 50 വര്‍ഷത്തെ നേട്ടങ്ങളുടെ അടിത്തറയില്‍ അടുത്ത 50 വര്‍ഷത്തേക്കുളള വികസന കുതിപ്പാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്.
ഭാവിയിലേക്ക് കാത്തിരിക്കുന്നതിന് പകരം, 50 വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും പുതുയുഗത്തിലേക്ക് വികസന ചുവടുവെപ്പ് നടത്തുകയാണ് യുഎഇയെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. അഞ്ചു പതിറ്റാണ്ടിന്റെ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി അടുത്ത 50 വര്‍ഷത്തേക്കുള്ള കര്‍മ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. യുഎഇയെ അവസരങ്ങളുടെ ആസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍മ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. യുഎഇയുടെ മുഴുവന്‍ മേഖലകളെയും സര്‍ഗാത്മകതയുടെയും നവീകരണത്തിന്റെയും സമഗ്ര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സാമ്പത്തിക, സാമൂഹിക വികസന പദ്ധതികളാണ് ‘പ്രൊജക്റ്റ് ഓഫ് ദി ഫിഫ്റ്റി’യിലുള്ളത്.