അസൈനാര്‍ ചുങ്കത്തിന് യുഎഇ ഗോള്‍ഡന്‍ വിസ

45
ജിഡിആര്‍എഫ്എ ദുബൈ ഉദ്യോഗസ്ഥന്‍ ലെഫ്.അബൂബക്കറില്‍ നിന്ന് അസൈനാര്‍ ചുങ്കത്ത് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു

ദുബൈ: യുഎഇയിലെ കമ്പ്യൂട്ടര്‍ വിപണന രംഗത്തെ മലയാളി സംരംഭകന്‍ അസൈനാര്‍ ചുങ്കത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേവ്ഡ്‌നെറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ്. ബര്‍ദുബൈ ഏരിയയിലെ മലയാളി കമ്പ്യൂട്ടര്‍ സംരംഭക കൂട്ടായ്മയായ എംസിഎയുടെ സ്ഥാപകനും ബിസിനസ് നെറ്റ്‌വര്‍ക്കായ ഐപിഎ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയാണ് അസൈനാര്‍ ചുങ്കത്ത്. കഴിഞ്ഞ ദിവസം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസില്‍ നിന്നാണ് ഗോള്‍ഡന്‍ റെസിഡന്‍സി ലഭിച്ചത്. 10 വര്‍ഷത്തെ വിസയടിച്ച പാസ്‌പോര്‍ട്ട് ജിഡിആര്‍എഫ്എഡി ഉദ്യോഗസ്ഥന്‍ ലെഫ്.അബൂബക്കറില്‍ നിന്ന് അസൈനാര്‍ സ്വീകരിച്ചു. നിക്ഷേപക വിഭാഗത്തിലാണ് 10 വര്‍ഷത്തെ ദീര്‍ഘ കാല വിസ ലഭിച്ചത്.
1988 മുതല്‍ വിവിധ ബിസിനസ് സംരംഭങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി ഐടി ഉപകരണ വിപണന രംഗത്താണ് കൂടുതലായും പ്രവര്‍ത്തിച്ചു വരുന്നത്. നിരവധി സ്ഥാപനങ്ങളാണ് ഇദ്ദേഹത്തിന് ഈ മേഖലയിലുള്ളത്. നിലവില്‍ റീടെയിലും ഹോള്‍സെയിലുമായി 32 രാജ്യങ്ങളിലേക്ക് ഐടി ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട് വേവ്ഡ്‌നെറ്റ് ഗ്രൂപ്.ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അതിന് ഈ രാജ്യത്തെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും അസൈനാര്‍ പ്രതികരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശിയാണ് അസൈനാര്‍. നിക്ഷേപകര്‍ക്കും കലാരംഗത്തെ പ്രതിഭകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നത്.