ഐബിഎംസിക്ക് യുഎഇയുടെ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ്

70
ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് അബുദാബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍മസ്‌റൂഇല്‍ നിന്ന് ഐബിഎംസി ഇന്റര്‍നാഷണല്‍ ഡിഎംസിസി എംഡിയും സിഇഒയുമായ പി.കെ സജിത് കുമാര്‍ ഏറ്റുവാങ്ങുന്നു. മുഹമ്മദ് അലി അല്‍ ഷുറഫ, സഈദ് അബ്ദുല്‍ ജലീല്‍ അല്‍ ഫാഹിം, ഡോ. മുഹമ്മദ് റാഷിദ് അല്‍ ഹമീലി, ഡോ. മുഹമ്മദ് സാലം അല്‍ ദാഹിരി, പി.എസ് അനൂപ് എന്നിവര്‍ സമീപം

കൊച്ചി: മലയാളിയായ പി.കെ സജിത് കുമാര്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ യുഎഇയിലെ ഐബിഎംസി ഇന്റര്‍നാഷണല്‍ ഡിഎംസിസിക്ക് പ്രൊഫഷണല്‍ മേഖലയിലെ മികച്ച കമ്പനിക്കുള്ള ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ്. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ അബുദാബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുള്ള മുഹമ്മദ് ആല്‍മസ്‌റൂഇയില്‍ നിന്ന് പി.കെ സജിത് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷുറഫ, എസ്‌കെഇഎ ഉന്നത സമിതി ചെയര്‍മാന്‍ സഈദ് അബ്ദുല്‍ ജലീല്‍ അല്‍ ഫാഹിം, ഡോ. മുഹമ്മദ് റാഷിദ് അല്‍ ഹമീലി, ഡോ. മുഹമ്മദ് സാലം അല്‍ ദാഹിരി, യൂസുഫ് അലി, മുഹമ്മദ് ഹിലാല്‍ അല്‍ മിഹ്‌റി, ഐബിഎംസി ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിബിഒയുമായ പി.എസ് അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഐബിഎംസി വിഷന്‍ 2022ല്‍ ഉള്‍പ്പെടുത്തിയ നൂതന പദ്ധതികള്‍ നടപ്പാക്കിയതിന് ലഭിച്ച അംഗീകാരമാണിതെന്ന് ശെഖ് ഖാലിദ് അഹ്മദ് അല്‍ ഹാമിദ് പറഞ്ഞു. കൂടുതല്‍ നൂതനവും പ്രൊഫഷണലുമായ സംവിധാനങ്ങള്‍ തുടരുന്നതിന് അവാര്‍ഡ് പ്രചോദനമായെന്ന് പി.കെ സജിത് കുമാര്‍ പ്രതികരിച്ചു. യുഎഇയില്‍ നിന്നുള്ള ആഗോള വാണിജ്യ സംവിധാനത്തില്‍ കൂടുതല്‍ പ്രൊഫഷണല്‍ രീതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.