അധ്വാനം അന്തസ്സാണ്

28

മനുഷ്യന്റെ അധ്വാനം അവന് അന്തസ്സും ആത്മാഭിമാനവുമാണ്. അധ്വാനിക്കുന്നവന്‍ സ്വന്തത്തെയും കുടുംബത്തെയുമാണ് പരിപാലിക്കുന്നത്. അതു വഴി നാടിനും സമൂഹത്തിനും മുതല്‍കൂട്ടാവുകയും ചെയ്യുന്നു. ആളുകള്‍ അവനെ ബഹുമാനിക്കുകയും അല്ലാഹു അവനില്‍ കൃപ ചൊരിയുകയും ചെയ്യും. കാരണം, ജഗന്നിയന്താവായ അല്ലാഹു മനുഷ്യര്‍ക്ക് ഭൂമി വിധാനിച്ചു നല്‍കിയിരിക്കുന്നത് അതിന്റെ ഓരോ ഭാഗങ്ങളിലും കഠിനാധ്വാനം ചെയ്ത് നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താനും നല്ല സംസ്‌കാരങ്ങള്‍ പണിയാനുമാണ്. അല്ലാഹു പറയുന്നു: ഭൂമി നിങ്ങള്‍ക്ക് അധീനപ്പെടുത്തി തന്നത് അല്ലാഹുവാണ്. അതുകൊണ്ട്, അതിന്റെ ഉപരിതലങ്ങളില്‍ നിങ്ങള്‍ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് ആഹരിക്കുകയും ചെയ്തു കൊള്ളുക (സൂറത്തുല്‍ മുല്‍ക് 15).
ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും അധ്വാനിക്കുന്ന ഒരു പുരുഷനെ കണ്ട നബി (സ്വ) പറയുകയുണ്ടായി: ഇയാള്‍ സ്വന്തത്തിന് ഉപജീവിക്കാനായി അധ്വാനിക്കാന്‍ പുറപ്പെട്ടതാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. തന്റെ ചെറിയ മക്കള്‍ക്കായി അധ്വാനിക്കാന്‍ പുറപ്പെട്ടതാണെങ്കിലും അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. തന്റെ വാര്‍ധക്യമുള്ള മാതാപിതാക്കള്‍ക്കായി അധ്വാനിക്കാന്‍ പുറപ്പെട്ടതാണെങ്കിലും അവന്റെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് (മുഅ്ജമുല്‍ കബീര്‍, ത്വബ്‌റാനി 129/19).
ഒരാള്‍ തൊഴിലിലേര്‍പ്പെടുമ്പോഴും സമ്പാദിക്കുമ്പോഴുമെല്ലാം അതിന്റെ ഗുണങ്ങള്‍ കിട്ടുന്നത് മക്കള്‍ക്കും കുടുംബക്കാര്‍ക്കുമാണ്. അധ്വാനത്തിന്റെ സമ്പാദ്യത്തില്‍ നിന്നായിരിക്കും ആശ്രിതരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും ആരോഗ്യം പരിപാലിക്കുന്നതും വിദ്യാഭ്യാസം നല്‍കുന്നതുമെല്ലാം. അധ്വാനത്തിലൂടെ സമ്പാദിച്ച് ജീവിക്കുന്ന കുടുംബം സമൂഹത്തിന് നല്ല മാതൃകയാണ് നല്‍കുന്നത്. സമൂഹത്തിനും സംസ്‌കാരത്തിനും പിന്‍ബലമേകുന്നവരാണ് അധ്വാനിക്കുന്ന കൂട്ടര്‍. ഓരോ രംഗങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ തങ്ങളുടെ ബുദ്ധി കൊണ്ടോ ശരീരം കൊണ്ടോ നാടിനും നാട്ടില്‍ വസിക്കുന്നവര്‍ക്കും നന്മ വരുത്തുന്നവരാണ്. അവരുടെ പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും സമൂഹത്തിലെ ഓരോ അംഗത്തിനും ഗുണം ചെയ്യുന്നതായേക്കാം. അവരുടെ ക്രിയാത്മകവും നിര്‍മാണാത്മകവുമായ ചെയ്തികള്‍ സമൂഹത്തിന്റെ യശസ്സ് തന്നെ ഉയര്‍ത്തുന്നതായേക്കാം.
ഉപകാര പ്രദമായ ജോലി ജീവിതത്തിന് നല്ലൊരു സന്ദേശമാണ്. ആവതുള്ള കാലത്തോളം അധ്വാന ശീലം നിലനിര്‍ത്തി മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കണം. അന്ത്യനാള്‍ സമയത്ത് പോലും ഒരാളുടെ കയ്യില്‍ ഒരു ചെടി തണ്ടുണ്ടെങ്കില്‍ പറ്റുമെങ്കില്‍ അത് നട്ടു കൊള്ളട്ടെയെന്നാണ് നബി (സ്വ) നല്‍കുന്ന അധ്വാന പാഠം (ഹദീസ് ബുഖാരി, അദബുല്‍ മുഫ്‌റദ് 479, അഹ്മദ് 13322).
നാട് എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ഓരോ വ്യക്തിയും നാടിന്റെ സംസ്‌കാരത്തിനും ഉന്നതിക്കും കഴിയുന്ന രീതിയിലുള്ള അധ്വാനങ്ങള്‍ ചെയ്യേണ്ടതാണ്.