40-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 3 മുതല്‍

9
‘ദേര്‍ ഈസ് ആള്‍വേയ്‌സ് എ റൈറ്റ് ബുക്’ മേളയുടെ തീം.
അറബ്-ഇന്റര്‍നാഷണല്‍ പ്രസാധക വ്യവസായത്തിന് ഉത്തേജനം.

ജലീല്‍ പട്ടാമ്പി
ഷാര്‍ജ: 40-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 3 മുതല്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ‘ദേര്‍ ഈസ് ആള്‍വേയ്‌സ് എ റൈറ്റ് ബുക്’ എന്ന ആശയത്തില്‍ നടക്കുന്ന പുസ്തക മേള വിഖ്യാത ഗ്രന്ഥകാരന്‍മാര്‍, പ്രസാധകര്‍, കലാ പ്രതിഭകള്‍, ബുദ്ധിജീവികള്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടും; 40-ാം എഡിഷനായതിനാല്‍ യുനെസ്‌കോ അംഗീകരിച്ച ‘വേള്‍ഡ് ബുക് ക്യാപിറ്റല്‍’ എന്ന നിര്‍ണായക സ്ഥാനം കൊണ്ടും ശ്രദ്ധേയമായിരിക്കും.
അറബ്-രാഷ്ട്രാന്തരീയ തലങ്ങളില്‍ നിന്നുള്ള സാഹിത്യ, സാംസ്‌കാരിക, പ്രസാധക വ്യക്തിത്വങ്ങള്‍ 11 ദിവസം നീളുന്ന പുസ്തക മേളയില്‍ സംവദിക്കും. യുഎഇയും അറബ് ലോകവും തമ്മിലുള്ള സാംസ്‌കാരിക ബന്ധം പുതുക്കാന്‍ പുസ്തകോല്‍സവം കാരണമാകും.
ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന ഷാര്‍ജ പുസ്തകോത്സവം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ അക്ഷരോത്സവമാണ്. ഷാര്‍ജ എമിറേറ്റിന്റെ സമഗ്ര സാംസ്‌കാരിക പദ്ധതിയിലെ പൊന്‍തൂവലാണ് യുഎഇ സുപ്രീം കൗണ്‍സില്‍ മെംബറും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ സമാരംഭം കുറിച്ച ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക് ഫെയര്‍ (എസ്‌ഐബിഎഫ്).

എസ്ബിഎ ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി

ജീവിതത്തിന്റെ നിഖില മേഖലകളില്‍ നിന്നുമുള്ള എല്ലാ പ്രായപരിധിയിലും പെട്ടവരെ ഈ പുസ്തക മേളയിലേക്ക് ക്ഷണിക്കുന്നുവെന്ന് എസ്ബിഎ ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി ‘ഷാര്‍ജ ഹൗസ് ഓഫ് വിസ്ഡ’ത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനുഷിക മൂലധനത്തില്‍ നിക്ഷേപിക്കുകയും വികസന മുന്നേറ്റത്തിന് സാമൂഹിക വിജ്ഞാനത്തെ സമ്പന്നമാക്കുകയും ചെയ്യുക എന്ന ഷാര്‍ജ ഭരണാധികാരിയുടെ ദര്‍ശനമാണ് ഈ ലോക അക്ഷരോത്സവത്തിന്റെ അകക്കാമ്പെന്ന് അല്‍ആമിരി പറഞ്ഞു.
”ഷാര്‍ജ പുസ്തക മേള എന്നത് സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുക്കാനും ഗ്രന്ഥങ്ങള്‍ വാങ്ങാനുമുള്ള കേവലമായ ഒരു വിപണിയല്ല. ഷാര്‍ജയുടെ സമഗ്ര വികസനത്തിന്റെ മുഖ്യ ഘടകമാണ്. അറബ്-ലോക സംസ്‌കാരങ്ങള്‍ തമ്മിലുള്ള വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും ശക്തമായ ഈ പാലം 40 വര്‍ഷം മുന്‍പാണ് നിര്‍മിച്ചത്. അതേ സമയം തന്നെ, നിത്യേന പുസ്തക വായന എന്ന പതിവു ശീലത്തിലൂടെ വ്യക്തികളും പുസ്തകങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധം ബലപ്പെടുത്തുകയും ചെയ്യുന്നു” -അല്‍ ആമിരി പറഞ്ഞു.

ഖൗല അല്‍ മുജൈനി

എസ്ബിഎ ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ഖൗല അല്‍ മുജൈനിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സ്‌പെയിന്‍ ആണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. ഇന്ത്യയില്‍ നിന്നും അമിതാവ് ഘോഷ്, ചേതന്‍ ഭഗത് തുടങ്ങിയ എഴുത്തുകാര്‍ ഇത്തവണ മേളയിലെത്തും.
നൊബേല്‍ ജേതാവ് അബ്ദുല്‍ റസാഖ് (യെമെന്‍) ആണ് സാഹിത്യ അതിഥി. മലയാളത്തില്‍ നിന്നും എഴുത്തുകാരുണ്ടാകും. കുക്കറി ഷോ, ശില്‍പശാലകള്‍, ലൈബ്രറി സമ്മേളനം, സൈനിംഗ് സെറിമണി, പുസ്തക പ്രകാശനങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ മേളയുടെ ഭാഗമായുണ്ടാകും.